സിഎന്‍ജി-ഇവി പതിപ്പുകളുമായി ടിയാഗോ വിപണിയില്‍ 
AUTO

പുത്തൻ ഡിസൈന്‍; സിഎന്‍ജി-ഇവി പതിപ്പുകളുമായി ടിയാഗോ വിപണിയില്‍

ടാറ്റ മോട്ടോഴ്സ് സിഎൻജി-ഇവി പതിപ്പുകൾ ഇന്ന് പുറത്തിറക്കി.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: ഇന്ത്യയിലെ വൈദ്യുത വാഹന വിപണിയിൽ തരംഗമായി മാറിയ ടിയാഗോ ഇവി, സിഎൻജി പതിപ്പുകളുടെ പുതിയ മോഡലുകൾ ടാറ്റ മോട്ടോഴ്സ് ഇന്ന് ഔദ്യോഗികമായി പുറത്തിറക്കി. 4.69 ലക്ഷം രൂപ മുതലാണ് വില ( എക്‌സ്-ഷോറൂം വില) ആരംഭിക്കുന്നത്. നിലവിലുള്ള മോഡലിനേക്കാള്‍ നിരവധി മാറ്റങ്ങളുമായാണ് പുതിയ കാര്‍ വിപണിയില്‍ എത്തുന്നത്.

തികച്ചും വ്യത്യസ്തമായ എക്സ്റ്റീരിയര്‍ ഡിസൈന്‍, പൂര്‍ണമായും മാറ്റം വരുത്തിയ കാബിന്‍, മികച്ച ഫീച്ചറുകള്‍ എന്നിവയുമായാണ് ഈ പുതിയ പതിപ്പ് എത്തിയിരിക്കുന്നത്. കാറിൻ്റെ മുൻ ഭാഗം ആകർഷകമാണ്. ഡിആര്‍എല്ലുകള്‍ സംയോജിപ്പിച്ച സ്ലീക്ക് എല്‍ഇഡി ഹെഡ് ലാമ്പുകളും പുനര്‍ രൂപകല്‍പ്പന ചെയ്ത ബമ്പറുമാണ് പ്രധാന ആകര്‍ഷണം. 15 ഇഞ്ച് അലോയ് വീലുകള്‍ക്ക് പുതിയ ഡിസൈന്‍ നല്‍കിയിട്ടുണ്ട്.

പുതിയ എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ കാറിൻ്റെ പിന്‍ഭാഗത്തിന് കൂടുതല്‍ ഭംഗി നല്‍കുന്നുണ്ട്. നിറങ്ങളുടെ കാര്യത്തിലും പുതുമ കൊണ്ടുവന്നിട്ടുണ്ട്. പാംഗോങ് പള്‍സ് (Pangong Pulse), വാരണാസി വൈബ്രന്‍സ് (Varanasi Vibrance), സോബോ സര്‍ജ് (Sobo Surge) എന്നി പുതിയ നിറങ്ങളിലും വാഹനം ലഭ്യമാണ്.

കാറിനുള്ളിലെ കാബിന്‍ പൂര്‍ണമായും പുതിയതാണ്. വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവ പിന്തുണയ്ക്കുന്ന 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടൈന്‍മെൻ്റ് സിസ്റ്റമാണ് ഇതിലെ പ്രധാന ആകര്‍ഷണമായിട്ടുള്ളത്. വയര്‍ലെസ് ചാര്‍ജിങ്, 360 ഡിഗ്രി ക്യാമറ, ഓട്ടോ ഫോള്‍ഡിംഗ് ഒആര്‍വിഎം, രണ്ട് നിരകളിലും യുഎസ്ബി ടൈപ്പ്-സി പോര്‍ട്ടുകള്‍ എന്നി മികച്ച ഫീച്ചറുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സുരക്ഷയുടെ കാര്യത്തില്‍ 6 എയര്‍ബാഗുകള്‍ കാറിനുള്ളിൽ ഉള്ളത് . ഇതിനൊപ്പം ബ്ലൈന്‍ഡ് വ്യൂ മോണിറ്റര്‍, ക്രൂയിസ് കണ്‍ട്രോള്‍, ഇഎസ്പി, ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവയും സുരക്ഷയ്ക്കായി ഒരുക്കിയിട്ടുണ്ട്.

ടിയാഗോ ഇവിയും ടിയാഗോ സിഎന്‍ജിയും അവതരിപ്പിച്ചിട്ടുണ്ട്. ടിയാഗോ ഇവിക്ക് 4.69 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. ടിയാഗോയുടെ സിഎന്‍ജി പതിപ്പും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. 5.79 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്.

SCROLL FOR NEXT