Source: X/ Screen Shot
AUTO

മുതലാളിമാരായാൽ ഇങ്ങനെ വേണം; ദീപാവലിക്ക് ജീവനക്കാര്‍ക്ക് 51 ആഡംബര കാറുകള്‍ സമ്മാനിച്ച് എംഐടിഎസ് ഉടമ, വൈറൽ വീഡിയോ

ഈ വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെടുന്ന അഭിനന്ദന കമൻ്റുകളും ട്രോളുകളും രസകരമാണ്.

Author : ന്യൂസ് ഡെസ്ക്

ചണ്ഡീഗഢ്: ദീപാവലിക്ക് സ്വന്തം സ്ഥാപനത്തിലെ ഏറ്റവും 51 മികച്ച ജീവനക്കാര്‍ക്ക് ആഡംബര കാറുകള്‍ സമ്മാനിച്ച് ലോകത്തെ മുതലാളിമാർക്ക് മുന്നിൽ മാതൃകാപുരുഷനായി ഒരു കമ്പനി മുതലാളി. ചണ്ഡീഗഢ് ആസ്ഥാനമായുള്ള എംഐടിഎസ് ഗ്രൂപ്പിൻ്റെ ചെയര്‍മാനായ എം.കെ. ഭാട്ടിയയെ പോലെ ഒരു മുതലാളിയെ കിട്ടാനാണ് ഇപ്പോള്‍ എല്ലാ തൊഴിലാളിയും കൊതിക്കുന്നത്. കാർ കൈമാറുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഈ വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെടുന്ന അഭിനന്ദന കമൻ്റുകളും ട്രോളുകളും രസകരമാണ്.

ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ എംഐടിഎസ് തങ്ങളുടെ മികച്ച 51 മികച്ച ജീവനക്കാർക്കാണ് കാറുകള്‍ നല്‍കിയത്. ഓരോ ജീവനക്കാരനും അവരുടെ ഇഷ്ടാനുസരണം വ്യത്യസ്ത മോഡലുകളിലുള്ള കാറുകളാണ് ലഭിച്ചത്. മഹീന്ദ്ര സ്‌കോര്‍പ്പിയോ എസ്‌യുവി വരെ ഇക്കൂട്ടത്തിൽ ഉള്‍പ്പെടുന്നുണ്ട്. ഓരോരുത്തരുടെയും താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചാണ് കാറുകള്‍ തിരഞ്ഞെടുത്തത്.

നേരത്തെ 2002ല്‍ തൻ്റെ മെഡിക്കല്‍ സ്‌റ്റോര്‍ നഷ്ടത്തിലായതിനെ തുടര്‍ന്ന് വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ട ബിസിനസുകാരനാണ് ഭാട്ടിയ. അന്ന് കടക്കെണിയിലായ എംകെ ഭാട്ടിയക്ക് 2015ല്‍ എംഐടിഎസ് സ്ഥാപിച്ച ശേഷം പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. അവിടെ നിന്ന് സ്വന്തം പ്രയത്നത്താല്‍ ഉയര്‍ന്നു വന്ന ഭാട്ടിയ മുതലാളി സ്വന്തം ജീവനക്കാരോട് കാണിക്കുന്ന സഹാനുഭൂതി അമ്പരപ്പിക്കുന്നതാണ്.

നിലവില്‍ ഭാട്ടിയയ്ക്ക് കീഴില്‍ രാജ്യത്ത് വിവിധയിടങ്ങളിലായി 12 സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ച് വരുന്നുണ്ട്. അദ്ദേഹത്തിൻ്റെ ഫാർമസ്യൂട്ടിക്കൽ കമ്പനി ഇപ്പോള്‍ കാനഡ, ലണ്ടന്‍, ദുബായ് എന്നിവിടങ്ങളിലേക്കും ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യാനുള്ള ലൈസന്‍സും നേടിക്കഴിഞ്ഞെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കമ്പനിയുടെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കഠിനാധ്വാനികളായ ജീവനക്കാര്‍ക്ക് നന്ദിസൂചകമായാണ് 51 കാറുകള്‍ സമ്മാനിക്കാന്‍ മാനേജ്മെൻ്റ് തീരുമാനിച്ചതെന്ന് ഭാട്ടിയ പറഞ്ഞു. കമ്പനി ഉടമ നേരിട്ട് താക്കോല്‍ കൈമാറുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വലിയ പ്രചാരം നേടി. പല ദേശീയ മാധ്യമങ്ങളും ഇത് വാര്‍ത്തയാക്കി.

SCROLL FOR NEXT