AUTO

ജിഎസ്ടി പരിഷ്‌കരണം ഗുണമായി; അടിച്ചു കേറി ഹ്യൂണ്ടായിയുടെ എസ്‌യുവി വില്‍പ്പന

ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ലിമിറ്റഡിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇങ്ങനെയൊരു നേട്ടം

Author : ന്യൂസ് ഡെസ്ക്

മുംബൈ: സെപ്റ്റംബറില്‍ പ്രതിമാസ വില്‍പ്പനയില്‍ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന വില്‍പ്പനയാണ് എസ്‌യുവി വാഹനങ്ങളിലുണ്ടായതെന്ന് ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ്. ജിഎസ്ടി പരിഷ്‌കാരങ്ങളും ഉത്സവകാല ഡിമാന്‍ഡും ഉപയോക്താക്കളുടെ താല്‍പ്പര്യവുമാണ് വില്‍പ്പന ഉയരാനുള്ള പ്രധാന കാരണമായി കമ്പനി പറയുന്നത്.

2025 സെപ്റ്റംബറില്‍ ഹ്യുണ്ടായി മൊത്തം 70,347 യൂണിറ്റുകള്‍ വില്‍പ്പന നടത്തിയപ്പോള്‍ അതില്‍ ആഭ്യന്തര വിപണിയില്‍ 51,547 യൂണിറ്റുകളും കയറ്റുമതി ചെയ്തത് 18,800 യൂണിറ്റുകളുമാണ്. 2024 സെപ്റ്റംബറില്‍ വിറ്റ 64,201 യൂണിറ്റുകളെ അപേക്ഷിച്ച് 10 ശതമാനം വളര്‍ച്ചയാണിത്. ഹ്യുണ്ടായിയുടെ ആഭ്യന്തര വിപണിയിലെ 72.4 ശതമാനവും എസ്യുവിയുടെ സംഭാവനയാണ്.

ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ലിമിറ്റഡിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇങ്ങനെയൊരു നേട്ടം. കയറ്റുമതി വര്‍ഷം തോറും 44 ശതമാനം വര്‍ധിച്ച് 18800 യൂണിറ്റിലെത്തി. 2022 ഡിസംബറിന് ശേഷമുള്ള 33 മാസങ്ങളിലെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ നിരക്കാണിത്. 2025 ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവിലെ മൊത്തം കയറ്റുമതി 99,540 യൂണിറ്റായി, ഇത് വര്‍ഷം തോറുമുള്ള 17 ശതമാനം വളര്‍ച്ചയെയാണ് കാണിക്കുന്നത്.

അടുത്തിടെ നടപ്പിലാക്കിയ ജിഎസ്ടി പരിഷ്‌കാരങ്ങളാണ് ഈ ശക്തമായ മുന്നേറ്റത്തിന് കാരണമെന്ന് ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ലിമിറ്റഡിന്റെ ഡയറക്ടറും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ തരുണ്‍ ഗാര്‍ഗ് പറഞ്ഞു.

SCROLL FOR NEXT