Toyota Glanza, Urban Cruiser Hyryder Source: Toyota
AUTO

ടൊയോട്ട ആരാധകർക്ക് സന്തോഷവാർത്ത! ​ഈ മോഡലുകൾക്ക് മികച്ച ഓഫറുകളും ആനുകൂല്യങ്ങളും

ടൊയോട്ട ഗ്ലാൻസ്ക്കും അർബൻ ക്രൂയിസർ ഹൈറൈഡറിനുമാണ് മികച്ച ഓഫറുകളും ആനുകൂല്യങ്ങളും കമ്പനി വാ​ഗ്ദാനം ചെയ്യുന്നത്.

Author : ന്യൂസ് ഡെസ്ക്

ഇന്ത്യക്കാർക്ക് വിശ്വാസമുള്ള വാഹന നിർമാതാക്കളാണ് ടൊയോട്ട. ജാപ്പനീസ് ബ്രാൻഡായ ടൊയോട്ടയുടെ വാഹനങ്ങൾ നല്ല മൈലേജിനൊപ്പം മെയിന്റനെൻസും കുറവായതു തന്നെയാണ് അതിനെ ജനപ്രിയ ബ്രാൻഡാക്കിയതും. ഇപ്പോഴിതാ ടൊയോട്ട ആരാധകർക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് കമ്പനി. ഇന്ത്യക്കാരുടെ പ്രിയപ്പെട്ട വാഹനങ്ങളായി മാറിയ ടൊയോട്ട ഗ്ലാൻസ്ക്കും അർബൻ ക്രൂയിസർ ഹൈറൈഡറിനും മികച്ച ഓഫറുകളും ആനുകൂല്യങ്ങളുമാണ് കമ്പനി വാ​ഗ്ദാനം ചെയ്യുന്നത്.

ഈ രണ്ട് മോഡലുകളും ഇപ്പോൾ വാങ്ങിയാൽ നവരാത്രിയിൽ മാത്രം പണമടച്ചാൽ (Buy Now, Pay in Navratri) മതിയെന്നുള്ളതാണ് കമ്പനിയുടെ ആദ്യ ഓഫർ. ലിമിറ്റഡ് പിരീഡ് ക്യാമ്പയിനായാണ് ടൊയോട്ട ഇത് അവതരിപ്പിച്ചിരിക്കുന്നത്. ടൊയോട്ട ഫിനാൻഷ്യൽ സർവീസസുമായി (TFS) സഹകരിച്ച് പ്രത്യേകം തയാറാക്കിയ ഡിലൈഡ് ഇഎംഐകളും ഒരു ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളും നൽകുന്നുണ്ട്. ഉത്സവകാല ഓഫറുകളുടെ ഭാഗമായാണ് ഈ ഡിസ്കൗണ്ട് പ്രഖ്യാപനം.

ഇപ്പോൾ ഗ്ലാൻസയോ ഹൈറൈഡറോ വാങ്ങിയാൽ മൂന്ന് മാസത്തിന് ശേഷം മാത്രം ആദ്യ ഇഎംഐ തുടങ്ങിയാൽ മതിയാവും. ആദ്യ മൂന്ന് മാസത്തേക്ക് ഉപഭോക്താക്കളിൽ നിന്ന് 99 എന്ന നാമമാത്ര ഇഎംഐ ഈടാക്കാനാണ് തീരുമാനം. അതിനുശേഷം സാധാരണയായുള്ള പ്രതിമാസ ഇഎംഐകൾ ആരംഭിക്കുകയും ചെയ്യും. വടക്കേ ഇന്ത്യയിലെ ടൊയോട്ടയുടെ അംഗീകൃത ഡീലർഷിപ്പുകൾ വഴിയാണ് ഈ പദ്ധതി ഉപയോഗപ്പെടുത്താനാവുക. 2025 ജൂൺ 30 വരെയാണ് ഓഫറുള്ളത്.

കൂടാതെ രണ്ടു മോഡലുകൾക്കും അഞ്ച് വർഷത്തെ എക്സ്റ്റെൻഡഡ് വാറണ്ടി, കോർപ്പറേറ്റ്, എക്സ്ചേഞ്ച് ബോണസ്, പ്രതിരോധ ഉദ്യോഗസ്ഥർക്കുള്ള പ്രത്യേക ഓഫറുകൾ ഉൾപ്പെടെ 1 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളും ലഭിക്കും. ബ്രാൻഡിന്റെ എൻട്രി ലെവൽ കാറായി വിപണനത്തിന് എത്തുന്ന മാരുതി ബലേനോയുടെ റീബാഡ്‌ജ് പതിപ്പാണ് ഗ്ലാൻസ.

5-സ്പീഡ് മാനുവൽ, എഎംടി എന്നിവയുമായി ജോടിയാക്കിയ ബലേനോയിലെ അതേ 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഈ പ്രീമിയം ഹാച്ച്ബാക്കിന് തുടിപ്പേകുന്നത്. എഞ്ചിന് 90 bhp കരുത്തിൽ പരമാവധി 113 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇതുകൂടാതെ സിഎൻജി ബൈ-ഫ്യുവൽ ഓപ്ഷനിലും കാർ സ്വന്തമാക്കാനാവും. ഇതിൽ 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ മാത്രമാണ് ലഭ്യമാവുക. ഗ്ലാൻസയുടെ മാനുവൽ വേരിയന്റുകൾ ലിറ്ററിന് 22.35 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുന്നുണ്ട്.

വിലയുടെ കാര്യത്തിലേക്ക് വന്നാൽ കാറിന് 6.90 ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. മറുവശത്ത് E, S, G, V എന്നിങ്ങനെ നാല് വകഭേദങ്ങളിലായി വിപണിയിലെത്തുന്ന അർബൻ ക്രൂയിസർ ഹൈറൈഡറിന് 11.34 ലക്ഷം മുതൽ 20.39 ലക്ഷം വരെയാണ് മുടക്കേണ്ടതായി വരുന്നത്.

SCROLL FOR NEXT