Renault Kwid EV Source; X
AUTO

ഒറ്റ ചാർജിൽ 250 കിലോമീറ്റർ, കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ; പുത്തൻ ക്വിഡ് ഇവി - എത്തി

റെനോ ഇന്ത്യ ഇതുവരെ ക്വിഡ് ഇവിയുടെ ലോഞ്ച് ടൈംലൈൻ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ 2026 ഓടെ കമ്പനി ഇന്ത്യൻ വിപണിയിലേക്ക് പുതിയ താരത്തെ എത്തിക്കുമെന്നാണ് പ്രതീക്ഷ.

Author : ന്യൂസ് ഡെസ്ക്

വാഹനപ്രേമികൾക്കായി പുത്തൻ മോഡൽ ഇവി എത്തിച്ചിരിക്കുകയാണ് ഫ്രഞ്ച് കമ്പനിയായ റെനോ. പുതിയ ക്വിഡ് ഇവി ബ്രസീലിലാണ് ലോഞ്ച് ചെയ്തിരിക്കുന്നത്. ഒറ്റ ചാർജിൽ മികച്ച മൈലേജ്, സ്റ്റെലീഷ് ഡിസൈൻ, കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ തുടങ്ങി നിരവധി സവിശേഷതകളോടെയാണ് റെനോ ക്വിഡ് ഇവി മോഡൽ അവതരിപ്പിച്ചിരിക്കുന്നത്.

യൂറോപ്യൻ വിപണിയിലെ പ്രധാന മോഡലായ ഡാസിയ സ്പ്രിംഗ് ഇവിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ക്വിഡ് ഇവിയുടെ പ്ലാറ്റ് ഫോം രൂപപ്പെടുത്തിയിരിക്കുന്നത്. പെട്രോൾ പതിപ്പിനോട് സാമ്യം തോന്നിക്കുന്ന രീതിയിലാണിതിന്റെ നിർമാണം. എന്നാൽ മുൻവശത്ത്, അടച്ച ഗ്രില്ലും ലംബ സ്ലാറ്റുകളും, ബമ്പറിന്റെ ഇരുവശത്തും പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ എന്നിവ നൽകിയതിലൂടെ വ്യത്യസ്തമായ ലുക്ക് ലഭിച്ചിരിക്കുന്നു.

ഓആർവിഎമ്മുകളിലെ ഇന്റഗ്രേറ്റഡ് ടേൺ ഇൻഡിക്കേറ്ററുകൾ, ഡ്യുവൽ-ടോൺ വീൽ കവറുകളുള്ള 14 ഇഞ്ച് സ്റ്റീൽ വീലുകൾ, കട്ടിയുള്ള വീൽ ആർച്ച് ക്ലാഡിംഗ് എന്നിവ കാറിന് ഒരു ദൃഢവും സ്പോർട്ടിയുമായ നിലപാട് നൽകുന്നു. കറുത്ത ഡോർ ക്ലാഡിംഗ്, ഫ്ലിപ്പ്-അപ്പ് ഡോർ ഹാൻഡിലുകൾ, വശങ്ങളിലെ സിഗ്നേച്ചർ ഇവി ബാഡ്‍ജിംഗ് തുടങ്ങിയ ഫിനിഷിംഗ് ടച്ചുകൾ ക്വിഡ് ഇവിയുടെ ഡീസൈൻ കൂടുതൽ സവിശേഷമാക്കിയിരിക്കുന്നു.

ഇന്റീരിയറും ക്വിഡിന്റെ മറ്റ് മോഡലുകളിൽ നിന്ന് വ്യത്യസ്തമാണ്. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, യുഎസ്ബി-സി പോർട്ടുകൾ, ഉയരം ക്രമീകരിക്കാവുന്ന സ്റ്റിയറിംഗ് വീൽ 290 ലിറ്റർ ബൂട്ട് സ്‌പേസ് ഉൾപ്പെടെയാണ് ഉൾഭാഗം തയ്യാറാക്കിയിരിക്കുന്നത്.

സുരക്ഷാ സംവിധാനങ്ങളുടെ കാര്യത്തിലും വിട്ടുവീഴ്ച വരുത്തിയിട്ടില്ല. ആറ് എയർബാഗുകൾ, ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS) ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷൻ (EBD), ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, ഒരു റിയർ ക്യാമറ, TPMS, സീറ്റ് ബെൽറ്റ് റിമൈൻഡർ, ISOFIX മൗണ്ടുകൾ തുടങ്ങിയ നൂതന സുരക്ഷാ സാങ്കേതികവിദ്യകൾ ക്വിഡ് ഇവിയിൽ ഉണ്ട്. ലെവൽ-1 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) പോലുള്ള സുരക്ഷാ സംവിധാനങ്ങളും ഉറപ്പാക്കിയിരിക്കുന്നു.

റെനോ ക്വിഡ് ഇവിയുടെ രണ്ടാമത്തെ പതിപ്പ് - ക്വിഡ് ഇ-ടെക് - ബ്രസീലിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്തിരിക്കുന്നു. ഇത് ഇന്ത്യൻ വിപണയിലേക്ക് എന്നെത്തുമെന്നുള്ള ചോദ്യങ്ങളാണ് ഇപ്പോൾ ഉയരുന്നത്. റെനോ ഇന്ത്യ ഇതുവരെ ക്വിഡ് ഇവിയുടെ ലോഞ്ച് ടൈംലൈൻ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ 2026 ഓടെ കമ്പനി ഇന്ത്യൻ വിപണിയിലേക്ക് പുതിയ താരത്തെ എത്തിക്കുമെന്നാണ് പ്രതീക്ഷ.

ഒറ്റ ചാർജിൽ 250 കിലോമീറ്റർ സഞ്ചരിക്കാനാകും എന്നതാണ് ക്വിഡ് ഇവിയിൽ റെനോ അവകാശപ്പെടുന്ന റേഞ്ച്. പവർട്രെയിൻ ഓപ്ഷനുകളിൽ 26.8 kWh ലിഥിയം-അയൺ ബാറ്ററി പായ്ക്ക് ഉൾപ്പെടുന്നു, ഇലക്ട്രിക് മോട്ടോർ ഏകദേശം 65 bhp പവർ ഔട്ട്പുട്ട് ഉത്പാദിപ്പിക്കുന്നു. നഗരപ്രദേശങ്ങളിലാകും ഇത് ഏറെ സൗകര്യപ്രദം.

SCROLL FOR NEXT