Source: X/ Toyota Camry Hybrid Electric 2025
AUTO

സ്പോർട്ടി സെഡാൻ, പുതിയ ഹൈബ്രിഡ് ഇലക്ട്രിക് സ്പ്രിൻ്റ് എഡിഷനുമായി കാമ്രി

ഇപ്പോഴിതാ ടൊയോട്ട സെഡാൻ്റെ പുതിയ സ്‌പോർട്ട് വേരിയൻ്റ് വിപണിയിൽ എത്തിച്ചിരിക്കുകയാണ് കാമ്രി.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: ടൊയോട്ട ഇന്ത്യയിൽ അവതരിപ്പിക്കുന്ന ആദ്യത്തെ സ്ട്രോങ് ഹൈബ്രിഡ് പെട്രോൾ കാർ ആയിരുന്നു കാമ്രി. ആഡംബര വാഹനമായി മുദ്ര കുത്തപ്പെട്ട സെഡാന് നല്ല വിലയായതിനാൽ സാധാരണക്കാരിലേക്ക് എത്തിയിരുന്നില്ല. ഇപ്പോഴിതാ സെഡാൻ്റെ പുതിയ സ്‌പോർട്ട് വേരിയൻ്റ് വിപണിയിൽ എത്തിച്ചിരിക്കുകയാണ് കാമ്രി.

ടൊയോട്ട കിർലോസ്‌കർ മോട്ടോർ പ്രീമിയം ഹൈബ്രിഡ് സെഡാനായ കാമ്രി ഹൈബ്രിഡ് ഇലക്ട്രിക് സ്പ്രിന്റ് എഡിഷനാണ് അവതരിപ്പിച്ചിരിക്കുന്നത്. 48.50 ലക്ഷം രൂപയുടെ എക്സ് ഷോറൂം വിലയിലാണ് വാഹനം വിപണനത്തിന് എത്തുന്നത്.

പുതുക്കിയ സ്റ്റൈലിംഗും പെർഫോമൻസ് നവീകരണങ്ങളുമുള്ള കാമ്രിയുടെ, രണ്ട് പതിറ്റാണ്ട് നീണ്ട ഇന്ത്യയിലെ പാരമ്പര്യത്തെ അടിസ്ഥാനമാക്കിയാണ് സ്പ്രിൻ്റ് എഡിഷൻ നിർമിച്ചിരിക്കുന്നത്. ഹുഡ്, റൂഫ്, ട്രങ്ക് എന്നിവയിൽ മാറ്റ് ബ്ലാക്ക് ആക്‌സൻ്റുകളുള്ള ഡ്യുവൽ ടോൺ എക്സ്റ്റീരിയറാണ് ഏറ്റവും വലിയ ഹൈലൈറ്റ്. പുതിയ മാറ്റ് ബ്ലാക്ക് അലോയ് വീലുകളും പ്രീമിയം സെഡാൻ്റെ ആകർഷണീയത കൂട്ടുന്നുണ്ട്.

ഫ്രണ്ട്, റിയർ ബോഡി കിറ്റുകളും റിയർ സ്‌പോയിലറും അടങ്ങുന്ന ഒരു എക്സ്‌ക്ലൂസീവ് സ്‌പോർട്‌സ് കിറ്റും കൂടിയാവുമ്പോൾ നൽകുന്ന പണത്തിന് വണ്ടി വസൂലാണ്. ബാക്കിയുള്ള ഡിസൈനെല്ലാം അതേപടി തുടരുകയാണ് ചെയ്തിരിക്കുന്നത്.

മുൻവശത്ത് വലിയ ട്രപസോയ്‌ഡൽ ഗ്രില്ലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതോടൊപ്പം യു ആകൃതിയിലുള്ള ഇൻ്റഗ്രേറ്റഡ് എൽഇഡി ഡിആർഎല്ലുകളും സ്ലീക്ക് ഹെഡ്‌ ലാമ്പുകളും കൂടിയാവുമ്പോൾ ടൊയോട്ട കാമ്രി ഹൈബ്രിഡ് കാർ നിരത്തുകൾക്കൊരു വർണക്കാഴ്ചയാണ്. എൽഇഡി ടെയിൽലൈറ്റുകളിൽ സി ആകൃതിയിലുള്ള സ്റ്റൈലിംഗും ഇടംപിടിച്ചിട്ടുണ്ട്.

9 സ്പീക്കർ ജെബിഎൽ ഓഡിയോ സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, വയർലെസ് ചാർജിംഗ്, വെന്റിലേറ്റഡ് സീറ്റുകൾ, ടൊയോട്ട സേഫ്റ്റി സെൻസ് 3.0 എഡിഎസ് സ്യൂട്ട് എന്നിവയാണ് ഇന്റീരിയറിലെ മറ്റു സവിശേഷതകൾ. പിൻസീറ്റിൽ ഇരിക്കുന്നവർക്ക് റിയർ സെൻ്റർ കൺസോളിൽ റിക്ലൈൻ വെൻ്റിലേഷൻ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഡ്യുവൽ സോൺ ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, റിട്രാക്‌ടബിൾ സൺഷെയ്ഡുള്ള പനോരമിക് സൺറൂഫ് എന്നിവയും ഈ സെഡാൻ്റെ ഭാഗമാണ്.

പ്രീ-കൊളീഷൻ സിസ്റ്റം, ലെയ്ൻ ട്രെയ്‌സിംഗ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ ഡിപ്പാർച്ചർ അലേർട്ട്, ഓട്ടോമാറ്റിക് ഹൈ ബീം തുടങ്ങിയ സവിശേഷതകളാണ് ടൊയോട്ട സേഫ്റ്റി സെൻസ് 3.0 എന്നറിയപ്പെടുന്ന എഡിഎസ് ടെക്കിൽ ഉൾപ്പെടുന്നത്. സെഡാനിൽ 9 എയർബാഗുകൾ, വിഎസ്‌സി, ട്രാക്ഷൻ കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, 360-ഡിഗ്രി പനോരമിക് വ്യൂ മോണിറ്റർ എന്നിവയുമുണ്ട്.

ഉയർന്ന ശേഷിയുള്ള ലിഥിയം-അയൺ ബാറ്ററിയുടെ പിന്തുണയോടെയുള്ള 2.5 ലിറ്റർ ഡൈനാമിക് ഫോഴ്‌സ് പെട്രോൾ എഞ്ചിനാണ് ടൊയോട്ട കാമ്രിയുടെ ഹാർട്ട് എന്നറിയപ്പെടുന്നത്. ഇ-സിവിടി ഓട്ടോമാറ്റിക് ഗിയർ ബോക്സുമായി ജോഡിയാക്കിയ എഞ്ചിന് 230 ബിഎച്ച്പി പവറോളം ഉദ്‌പ്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇക്കോ, നോർമൽ, സ്‌പോർട്ട് എന്നീ ഡ്രൈവ് മോഡുകളും കാറിലുണ്ട്. ടൊയോട്ടയുടെ അഞ്ചാം തലമുറ ഹൈബ്രിഡ് സാങ്കേതിക വിദ്യയുള്ളതിനാൽ ലിറ്ററിന് 25.49 കിലോമീറ്റർ മൈലേജാണ് ഈ സെഡാനിൽ അവകാശപ്പെടുന്നത്.

ഇമോഷണൽ റെഡ്, മാറ്റ് ബ്ലാക്ക്, പ്ലാറ്റിനം വൈറ്റ് പേൾ, മാറ്റ് ബ്ലാക്ക്, ഡാർക്ക് ബ്ലൂ മെറ്റാലിക്, മാറ്റ് ബ്ലാക്ക് എന്നിവയുൾപ്പെടെ അഞ്ച് സ്‌പോർട്ടി ഡ്യുവൽ ടോൺ കളർ ഓപ്ഷനുകളിൽ ടൊയോട്ട കാമ്രിയുടെ പുതുപുത്തൻ സ്പ്രിന്റ് എഡിഷൻ ലഭ്യമാണ്. ഹൈബ്രിഡ് ബാറ്ററിക്ക് ടൊയോട്ട എട്ടു വർഷത്തെ അല്ലെങ്കിൽ 1,60,000 കിലോമീറ്റർ വാറണ്ടിയും വാഗ്ദാനം ചെയ്യുന്നുണ്ട്.

SCROLL FOR NEXT