Source: Income Tax Department
BUSINESS

ജൂലൈ 1 മുതൽ രാജ്യത്ത് വരുന്ന സാമ്പത്തിക പരിഷ്കാരങ്ങൾ ഇവയാണ്; വായിക്കാതെ പോകരുത്!

ആദായ നികുതി റിട്ടേണുകൾ സമർപ്പിക്കുന്ന ചട്ടങ്ങളിലെ മാറ്റങ്ങൾ, ക്രെഡിറ്റ് കാർഡുകളുടെ ഉപയോഗവും അതുമായി ബന്ധപ്പെട്ട ചാർജുകളും, പുതുക്കിയ തത്കാൽ ട്രെയിൻ ടിക്കറ്റ് ബുക്കിങ്, പുതിയ പാൻ അപേക്ഷകൾക്ക് ആധാർ കാർഡ് നിർബന്ധമാക്കൽ, HDFC, SBI, ICICI തുടങ്ങിയ ബാങ്ക് ഉപഭോക്താക്കളെ ബാധിക്കുന്ന വിഷയങ്ങളിലും ജൂലൈ 1 മുതൽ മാറ്റങ്ങൾ വരികയാണ്.

Author : ന്യൂസ് ഡെസ്ക്

ജൂലൈ 1 മുതൽ രാജ്യവ്യാപകമായി പ്രാബല്യത്തിൽ വരുന്ന ചട്ടങ്ങളിലെ മാറ്റങ്ങളെ കുറിച്ച് അറിയേണ്ടേ? ഈ റിപ്പോർട്ട് അവസാനം വരെയും വായിക്കാൻ മറക്കരുത്. ആദായ നികുതി റിട്ടേണുകൾ സമർപ്പിക്കുന്ന ചട്ടങ്ങളിലെ മാറ്റങ്ങൾ, ക്രെഡിറ്റ് കാർഡുകളുടെ ഉപയോഗവും അതുമായി ബന്ധപ്പെട്ട ചാർജുകളും, പുതുക്കിയ തത്കാൽ ട്രെയിൻ ടിക്കറ്റ് ബുക്കിങ്, പുതിയ പാൻ അപേക്ഷകൾക്ക് ആധാർ കാർഡ് നിർബന്ധമാക്കൽ, HDFC, SBI, ICICI തുടങ്ങിയ ബാങ്ക് ഉപഭോക്താക്കളെ ബാധിക്കുന്ന വിഷയങ്ങളിലും ജൂലൈ 1 മുതൽ മാറ്റങ്ങൾ വരികയാണ്.

പുതിയ പാൻ കാർഡിന് ആധാർ നിർബന്ധം

ചൊവ്വാഴ്ച മുതൽ പാൻ കാർഡ് അപേക്ഷകൾക്ക് ആധാർ പരിശോധന നിർബന്ധമാക്കി സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ്. നിലവിലുള്ള പാൻ ഉടമകൾ ഡിസംബർ 31നകം അവരുടെ ആധാർ നമ്പറുകൾ ലിങ്ക് ചെയ്യണം. നിലവിൽ പുതിയ പാൻ കാർഡ് അപേക്ഷകൾക്ക് ഡ്രൈവിങ് ലൈസൻസ്, ജനന സർട്ടിഫിക്കറ്റ് തുടങ്ങിയ സർക്കാർ അംഗീകൃതമായ ഏതെങ്കിലും തിരിച്ചറിയൽ കാർഡ് മതിയാകും. ഈ നിയമം പാലിക്കാത്തത് നിലവിലുള്ള പാൻ നിർജീവമാക്കുന്നതിലേക്ക് നയിച്ചേക്കാം.

തത്കാൽ ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങുകൾ

ട്രെയിനിൽ തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും ആധാർ പരിശോധന നിർബന്ധമാക്കും. കൂടാതെ, ജൂലൈ 15 മുതൽ എല്ലാ ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങിനും ഓൺലൈനായോ നേരിട്ടോ ടു സ്റ്റെപ്പ് വെരിഫിക്കേഷൻ ആവശ്യമാണ്. അതിൽ രജിസ്റ്റർ ചെയ്ത മൊബൈൽ ഫോണിലേക്ക് അയയ്ക്കുന്ന ഒറ്റത്തവണ പാസ്‌വേഡും ഉൾപ്പെടും. അതേസമയം, ടിക്കറ്റ് നിരക്കിലും നേരിയ വർധനവ് റെയിൽവേ നടപ്പിലാക്കി. എസി ഇതര കോച്ചുകൾക്ക് കിലോമീറ്ററിന് ഒരു പൈസ മുതൽ എസി കോച്ചുകൾക്ക് രണ്ട് പൈസ വരെ ഈ വർധനവ് വരും.

ഐടിആർ ഫയലിങ് അവസാന തീയതി നീട്ടി

അതേസമയം, സിബിഡിടി ഐടിആർ അഥവാ ആദായ നികുതി റിട്ടേണുകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി, ജൂലൈ 31ൽ നിന്ന് സെപ്റ്റംബർ 15 ആയി നീട്ടിയിട്ടുണ്ട്. ഇതോടെ ശമ്പളക്കാരായ വ്യക്തികൾക്ക് ടാക്സ് ഫയലിങ്ങുകൾ പൂർത്തിയാക്കാൻ 46 ദിവസം കൂടി അധികമായി ലഭിക്കും. എന്നിരുന്നാലും, ഡോക്യുമെൻ്റേഷൻ തയ്യാറായവർക്ക് പഴയ ഷെഡ്യൂളിൽ തന്നെ തുടരാം. അതിനാൽ സമയപരിധി അടുക്കവെ ആളുകൾ ഐടിആർ ഫയലിങ് പൂർത്തിയാക്കാൻ തിരക്കുകൂട്ടുമ്പോൾ സാധാരണയായി സംഭവിക്കുന്ന വെബ്‌സൈറ്റ് തകരാറുകളും പിശകുകളും ഇതിലൂടെ ഒഴിവാകും.

ക്രെഡിറ്റ് കാർഡ് മാറ്റങ്ങൾ

എസ്‌ബി‌ഐ എലൈറ്റ്, മൈൽസ് എലൈറ്റ്, മൈൽസ് പ്രൈം പോലുള്ള തിരഞ്ഞെടുത്ത പ്രീമിയം ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വിമാന ടിക്കറ്റുകൾ വാങ്ങുമ്പോൾ നൽകുന്ന എയർ ആക്സിഡന്റ് ഇൻഷൂറൻസ് എസ്‌ബി‌ഐ നിർത്തലാക്കുകയാണ്. പൊതുമേഖലാ ബാങ്ക് പുതിയ മിനിമം തുക കുടിശ്ശിക അല്ലെങ്കിൽ എം‌എഡി കണക്കുകൂട്ടൽ (പ്രതിമാസ ബില്ലുകൾക്ക്) അവതരിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു.

അതേസമയം, എച്ച്ഡിഎഫ്‌സിയും ഐസിഐസിഐ ബാങ്കും തിരഞ്ഞെടുത്ത ഇടപാടുകളുടെ നിരക്കുകൾ പരിഷ്കരിക്കും. എച്ച്ഡിഎഫ്‌സി ബാങ്കിൽ നിങ്ങളുടെ കാർഡ് ഉപയോഗിച്ച് വാടക നൽകാനോ ഓൺലൈൻ സ്കിൽ അധിഷ്ഠിത ഗെയിമുകൾക്കായി 10,000 രൂപയിൽ കൂടുതൽ ചെലവഴിക്കാനോ ശ്രമിച്ചാൽ ഒരു ശതമാനം ഇടപാട് ഫീസ് (ഒരു ഇടപാടിന് പരമാവധി 4,999 രൂപ) ബാധകമാകും.

എച്ച്ഡിഎഫ്‌സി കാർഡ് ഉപയോഗിച്ച് പ്രതിമാസം 50,000 രൂപയിൽ കൂടുതലുള്ള യൂട്ടിലിറ്റി പേയ്‌മെൻ്റുകൾക്കും മേൽപ്പറഞ്ഞ ഈ ഫീസ് ഈടാക്കും. ഈ കേസിൽ ഇൻഷൂറൻസ് ഇടപാടുകൾക്കാണ് ഇളവുള്ളത്. ഒരു ഇടപാടിൽ 10,000 രൂപയിൽ കൂടുതൽ ഡിജിറ്റൽ വാലറ്റിലേക്ക് ലോഡ് ചെയ്യാൻ നിങ്ങൾ കാർഡ് ഉപയോഗിക്കുകയാണെങ്കിൽ, ഓരോ ഇടപാടിനും 4,999 രൂപയ്ക്ക് ഒരു ശതമാനം എന്ന തോതിൽ ഫീസ് ഈടാക്കും.

എടിഎം ഇടപാടുകൾ ഉൾപ്പെടെയുള്ള സേവന നിരക്കുകളിലെ പരിഷ്കരണങ്ങളും ഐസിഐസിഐ ബാങ്കിൻ്റെ മാറ്റങ്ങളിൽ ഉൾപ്പെടും.

ഐസിഐസിഐ ബാങ്ക് എടിഎമ്മുകളിൽ ഒരു മാസത്തിലെ ആദ്യത്തെ അഞ്ച് ഇടപാടുകൾ സൗജന്യമായി തുടരും. അതിന് ശേഷം പണം പിൻവലിക്കുന്നതിന് ഓരോ ഇടപാടിനും 23 രൂപ വീതം ഈടാക്കും. സാമ്പത്തികേതര ഇടപാടുകൾ സൗജന്യമായി തുടരും.

ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കൾ ബാങ്ക് ഇതര എടിഎമ്മുകൾ ഉപയോഗിക്കുകയാണെങ്കിൽ സൗജന്യ ഇടപാടുകളുടെ എണ്ണം മെട്രോ നഗരങ്ങളിൽ മൂന്നായി പരിമിതപ്പെടുത്തിയിരിക്കുന്നു. ചെറിയ നഗരങ്ങളിലും പട്ടണങ്ങളിലും ഇത് അഞ്ച് ആയി പരിമിതപ്പെടുത്തിയിരിക്കുന്നു. ഇതിന് പുറമെ നിങ്ങൾ നടത്തുന്ന ഓരോ ഇടപാടിനും മെട്രോ നഗരങ്ങളിൽ 23 രൂപയും, ചെറിയ നഗരങ്ങളിലും പട്ടണങ്ങളിലും 8.5 രൂപയും നൽകണം.

അന്താരാഷ്ട്ര എടിഎമ്മുകളിലെ ഇടപാടുകൾക്ക്, ഓരോ തവണ പണം പിൻവലിക്കലിനും ബാങ്ക് 125 രൂപയും, സാമ്പത്തികേതര ഇടപാടുകൾക്ക് 25 രൂപയും, 3.5 ശതമാനം കറൻസി കൺവേർഷൻ ഫീസും ഈടാക്കും.

ഓൺലൈൻ ട്രാൻസ്ഫറുകൾക്കുള്ള ചാർജുകൾ, അതായത്, IMPS വഴി ട്രാൻസ്ഫർ ചെയ്യുന്ന തുകയെ ആശ്രയിച്ച് 2.5 രൂപയിൽ നിന്ന് 15 രൂപയായി കുത്തനെ പരിഷ്കരിച്ചു. കൂടാതെ, ഉപഭോക്താക്കൾക്ക് സിആർഎമ്മുകളിൽ അല്ലെങ്കിൽ ക്യാഷ് റീസൈക്ലർ മെഷീനുകളിൽ പ്രതിമാസം മൂന്ന് സൗജന്യ പണമിടപാടുകൾ ലഭിക്കും. അതിനുശേഷം അവർ ഓരോ ഇടപാടിനും 150 രൂപ നൽകണം.

പ്രതിമാസം ഒരു ലക്ഷം രൂപയിൽ കൂടുതലുള്ള കാഷ് ഡെപ്പോസിറ്റിന് 150 രൂപ, അല്ലെങ്കിൽ 1000 രൂപയ്ക്ക് 350 രൂപ (ഏതാണോ ഉയർന്നത് അത്) ഫീസായി ഈടാക്കും. തേർഡ് പാർട്ടി കാഷ് ഡെപ്പോസിറ്റിനുള്ള പരിധി ഒരു ഇടപാടിന് 25,000 രൂപയായി തുടരുന്നു.

SCROLL FOR NEXT