പ്രതീകാത്മക ചിത്രം
BUSINESS

നീളം കൂടുന്തോറും സിഗരറ്റിന്റെ വിലയും കൂടും; പാക്കറ്റിന് 30 മുതല്‍ 50 രൂപ അധികം നല്‍കേണ്ടി വരും

ഫെബ്രുവരി 1 മുതല്‍ 10 എണ്ണമുള്ള ഒരു പാക്കറ്റിന് 30 രൂപ മുതല്‍ 50 രൂപ വരെ അധികം നല്‍കേണ്ടി വരും

Author : നസീബ ജബീൻ

ന്യൂഡല്‍ഹി: പുകവലി ഇനി സാമ്പത്തിക ആരോഗ്യത്തിനും കൂടി ഹാനീകരമാകും. ഫെബ്രുവരി 1 മുതല്‍ രാജ്യത്ത് സിഗരറ്റ് വില കുത്തനെ ഉയരും. പുതിയ ടാക്‌സ് പരിഷ്‌കാരങ്ങള്‍ അനുസരിച്ച് എല്ലാ പ്രമുഖ ബ്രാന്‍ഡുകളുടെയും വിലയില്‍ വലിയ മാറ്റമുണ്ടാകും.

സിഗരറ്റിന്റെ മൊത്തം വിലയില്‍ 15 ശതമാനം മുതല്‍ 20 ശതമാനം വരെയാണ് വില വര്‍ധനവ് പ്രതീക്ഷിക്കുന്നത്. നീളം അനുസരിച്ചാണ് നികുതി നിശ്ചയിച്ചിരിക്കുന്നത്. അതായത് നീളം കൂടുന്തോറും നികുതിയും കൂടും.

സാധരക്കാര്‍ കൂടുതല്‍ ഉപയോഗിക്കുന്ന 69mm, 74mm സൈസ് സിഗരറ്റുകള്‍ക്ക് ഗണ്യമായ വില വര്‍ധനവുണ്ടാകും. മാള്‍ബറോ പോലുള്ള പ്രീമിയം ബ്രാന്‍ഡുകള്‍ക്കും കിങ് സൈസ് സിഗരറ്റുകള്‍ക്കും സിഗരറ്റുകള്‍ക്കും ഏറ്റവും ഉയര്‍ന്ന നികുതി സ്ലാബ് ആയിരിക്കും ബാധകമാകുക. ഓരോ സിഗരറ്റിനും ശരാശരി 2 രൂപ മുതല്‍ 5 വരെ വില കൂടാന്‍ സാധ്യതയുണ്ട്.

പുതിയ നികുതി ഘടന

ഓരോ ആയിരം സിഗരറ്റുകള്‍ക്കും 2050 മുതല്‍ 8500 രൂപ വരെ എക്‌സസൈസ് ഡ്യൂട്ടി നിശ്ചയിച്ചിട്ടുണ്ട്.

65 mm വരെ: ഒരു സിഗരറ്റിന് ഏകദേശം 2.10 രൂപ അധിക നികുതി

65 mm - 70 mm: ഒരു സിഗരറ്റിന് 3.60 മുതല്‍ 4.00 രൂപ വരെ അധിക നികുതി

70 mm - 75 mm (കിങ് സൈസ്): ഓരോ സിഗരറ്റിനും 5.40 രൂപയിലധികം അധിക നികുതി

കേന്ദ്ര സര്‍ക്കാര്‍ ജിഎസ്ടി ഘടനയില്‍ മാറ്റം വരുത്തിയതും സിഗരറ്റുകള്‍ക്ക് പ്രത്യേക സെന്‍ട്രല്‍ എക്‌സൈസ് ഡ്യൂട്ടി ഏര്‍പ്പെടുത്തിയതുമാണ് വില വര്‍ധനവിന് കാരണം. പുകയില ഉപയോഗം കുറയ്ക്കുന്നതിനും അതുവഴിയുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ തടയുന്നതിനുമുള്ള സര്‍ക്കാരിന്റെ സിന്‍ ടാക്‌സ് നയത്തിന്റെ ഭാഗമാണിത്. ചുരുക്കത്തില്‍ ബ്രാന്‍ഡ് ഏതായാലും ഫെബ്രുവരി 1 മുതല്‍ 10 എണ്ണമുള്ള ഒരു പാക്കറ്റിന് 30 രൂപ മുതല്‍ 50 രൂപ വരെ അധികം നല്‍കേണ്ടി വരും.

ഉയര്‍ന്ന നികുതികള്‍ ചുമത്തുന്നതോടെ സിഗരറ്റിന്റെ വില വര്‍ധിപ്പിക്കുമെന്ന് ഉറപ്പാണ്. പ്രത്യേകിച്ച് നീളമുള്ള സിഗരറ്റുകള്‍ക്കും ഫില്‍റ്റര്‍ ഉള്ളവയ്ക്കും. എന്നാല്‍ ഈ മാറ്റം എല്ലാ ബ്രാന്‍ഡുകള്‍ക്കും ഒരുപോലെ ആയിരിക്കില്ല. വില്‍പ്പനയെ ബാധിക്കാതിരിക്കാന്‍ സാധാരണക്കാര്‍ കൂടുതലായി ഉപയോഗിക്കുന്ന ബ്രാന്‍ഡുകളുടെ വില കമ്പനികള്‍ പെട്ടെന്ന് കൂട്ടിയേക്കില്ല. അല്ലെങ്കില്‍ നികുതി വര്‍ധനവിന്റെ ഒരു ഭാഗം കമ്പനികള്‍ വഹിച്ചേക്കാം. അതുമല്ലെങ്കില്‍, ഘട്ടം ഘട്ടമായിട്ടായിരിക്കും വില വര്‍ധിപ്പിക്കുക.

എന്നാല്‍ പ്രീമിയം, നീളമേറിയ സിഗരറ്റുകളുടെ കാര്യത്തില്‍ മുഴുവന്‍ നികുതി ഭാരവും കമ്പനികള്‍ തുടക്കത്തില്‍ തന്നെ ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാനാണ് സാധ്യത.

SCROLL FOR NEXT