തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതിന് പിന്നാലെ കുതിച്ചുയര്‍ന്ന് സ്വര്‍ണവില. ഒറ്റദിവസം 10,200 രൂപ കൂടി സ്വര്‍ണം പവന് 1,23,120 രൂപയായി വര്‍ധിച്ചു. ഗ്രാമിന് 15,390 രൂപയും വര്‍ധിച്ചു.
കേരളത്തില്‍ സമീപകാലത്തുണ്ടായ ഏറ്റവും വലിയ വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. നേരത്തെ 2026 ജനുവരി 29ന് സ്വര്‍ണവില 1,31,160 രൂപയിലെത്തിയിരുന്നു. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ ആറ് ശതമാനത്തില്‍ നിന്ന് 15 ശതമാനമായി ഉയര്‍ത്തിയതാണ് വിലക്കയറ്റത്തിന് കാരണമായത്.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില കുറഞ്ഞിട്ടും ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില കുതിച്ചുയരുന്നതിന് ഇത് കാരണമായിരിക്കുകയാണ്. വിവാഹ സീസണ്‍ കൂടിയായ സാഹചര്യത്തില്‍ തീരുമാനം സാധാരണക്കാര്‍ക്ക് വലിയ തിരിച്ചടിയാകും.
ഇറക്കുമതി കുറയ്ക്കാനും വ്യാപാര കമ്മി നിയന്ത്രിക്കാനുമായാണ് കേന്ദ്രം സ്വര്‍ണത്തിന് തീരുവ കൂട്ടിയതെന്നാണ് കരുതുന്നത്. സ്വര്‍ണം വാങ്ങുന്നത് കുറയ്ക്കണമെന്ന് അടുത്തിടെ പ്രധാനമന്ത്രി ജനങ്ങളോട് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. എണ്ണവില 100 ഡോളറിലേക്ക് എത്തിയതിന് പിന്നാലെയായിരുന്നു സ്വര്‍ണം വാങ്ങുന്നത് കുറയ്ക്കണമെന്ന ആഭ്യര്‍ഥനയുമായി മോദി എത്തിയത്.
സ്വര്‍ണവും എണ്ണയും ഇറക്കുമതിയിലൂടെയാണ് ഇന്ത്യയിലേക്ക് എത്തിയത്. ഇന്ത്യ ഉപയോഗിക്കുന്ന ക്രൂഡ് ഓയിലിന്റെ 85 ശതമാനം ഇറക്കുമതിയിലൂടെയാണ് രാജ്യത്ത് എത്തുന്നത്. സ്വര്‍ണത്തിന്റെയും എണ്ണയുടെയും ഇറക്കുമതി ചെലവ് ഉയരുമ്പോള്‍ വന്‍ തോതില്‍ ഡോളര്‍ രാജ്യത്തിന് പുറത്തേക്ക് ഒഴുകുന്നതിന് കാരണമാകും.
അത്തരം ഒരു സാഹചര്യം ഉണ്ടായാല്‍ അത് രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി വര്‍ധിക്കുന്നതിന് കാരണമാകും. അതായത് കയറ്റുമതിയേക്കാള്‍ ഇറക്കുമതി വര്‍ധിക്കുമ്പോള്‍ അത് രാജ്യത്തിന്റെ വരുമാനത്തെ ബാധിക്കുന്ന സാഹചര്യമുണ്ടാകും. ഇത് രൂപയെ ദുര്‍ബലമാക്കുമെന്നതിനാലാണ് സ്വര്‍ണ ഉപഭോഗം കുറയ്ക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്.