Image: RCB/X  
BUSINESS

IPL കിരീട നേട്ടത്തിനു പിന്നാലെ വമ്പന്‍ നീക്കം; ആര്‍സിബി വില്‍പ്പനയ്ക്ക്?

ആര്‍സിബിയുടെ വില്‍പ്പനയ്ക്ക് സാധ്യതയുണ്ടെന്ന വാര്‍ത്ത പുറത്തുവന്നതോടെ, യുണൈറ്റഡ് സ്പിരിറ്റ്‌സിന്റെ ഓഹരികളില്‍ ഉണര്‍വ് ഉണ്ടായിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫ്രാഞ്ചൈസി റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു വില്‍പനയ്‌ക്കെന്ന് റിപ്പോര്‍ട്ട്. ഫ്രാഞ്ചൈസിയുടെ ഷെയറുകള്‍ ഓഹരിവിപണിയില്‍ വിറ്റേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐപിഎല്‍ 2025 കിരീടം ആര്‍സിബി നേടിയതിനു പിന്നാലെയാണ് ഫ്രാഞ്ചൈസി വില്‍ക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്.

അമേരിക്കന്‍ കമ്പനിയായ ഡിയാജിയോ പിഎല്‍സി ഇന്ത്യയിലെ ഉപകമ്പനിയായ യുണൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡ വഴിയാണ് ആര്‍സിബി നടത്തുന്നത്. ഇതിനകം സാധ്യതയുള്ള നിക്ഷേപകരുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്രസര്‍ക്കാരിന്റെ പരസ്യങ്ങളിലെ നിയന്ത്രണം മുന്നില്‍ കണ്ടാണ് നീക്കം. പുകയില, മദ്യം തുടങ്ങിയ ഉത്പന്നങ്ങളുടെ പ്രൊമോഷന്‍ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

എത്ര കോടി രൂപയ്ക്കാണ് ഫ്രാഞ്ചൈസി വില്‍ക്കുന്നത് എന്നതു സംബന്ധിച്ച് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടില്ലെങ്കിലും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് അനുസരിച്ച് ഏകദേശം 16,834 കോടി രൂപയാണ് വില.

ബ്രിട്ടീഷ് ഡിസ്റ്റിലറിയും യുണൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡിന്റെ മാതൃസ്ഥാപനവുമാണ് ഡിയാജിയോ പിഎല്‍സി. ആര്‍സിബിയുടെ വില്‍പ്പനയ്ക്ക് സാധ്യതയുണ്ടെന്ന വാര്‍ത്ത പുറത്തുവന്നതോടെ, യുണൈറ്റഡ് സ്പിരിറ്റ്‌സിന്റെ ഓഹരികളില്‍ ഉണര്‍വ് ഉണ്ടായിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ യുണൈറ്റഡ് സ്പിരിറ്റിന്റെ ഓഹരി വിലയില്‍ 3.3 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്.

2008 ല്‍ ഐപിഎല്‍ ആരംഭിക്കുമ്പോള്‍ വിജയ് മല്യയായിരുന്നു ആര്‍സിബിയുടെ ഉടമ. പിന്നീട് മല്യ കടക്കെണിയില്‍ അകപ്പെട്ടതോടെ യുണൈറ്റഡ് സ്പിരിറ്റ്‌സ് വഴി ഡിയോജിയോ ഫ്രൈഞ്ചൈസി ഏറ്റെടുക്കുകയായിരുന്നു.

SCROLL FOR NEXT