കെഎസ്‌എഫ്‌ഇ Source: News Malayalam 24x7
BUSINESS

കെഎസ്എഫ്‌ഇയിലൂടെ കേരളം വീണ്ടും നമ്പർ വൺ; ഒരു ലക്ഷം കോടി രൂപയുടെ ബിസിനസ് നേട്ടം, പ്രഖ്യാപനം ഓഗസ്റ്റ് 13ന്

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കെഎസ്എഫ്ഇയിലൂടെ കേരളത്തിന് വീണ്ടും ഒരു നമ്പർ വൺ പദവി. മിസലേനിയസ് നോൺബാങ്കിങ് കമ്പനികളിൽ ഇന്ത്യയിൽ ആദ്യമായി ഒരു ലക്ഷം കോടി രൂപയുടെ ബിസിനസ് നേടിയിരിക്കുകയാണ് കേരളത്തിന്റെ സ്വന്തം കെഎസ്എഫ്ഇ.

ഒരു ലക്ഷം കോടി രൂപ ബിസിനസ് നേടിയതിന്റെ പ്രഖ്യാപനവും തുടർന്നുള്ള ആഘോഷ പരിപാടികളും 2025 ഓഗസ്റ്റ് 13 ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കെഎസ്എഫ്ഇ ഹാർമണി ചിട്ടി ഇടപാടുകാർക്ക് ഓണക്കാലത്ത് നൽകുന്ന 'ഓണം സമൃദ്ധി' ഗിഫ്റ്റ് കാർഡ് വിതരണത്തിന്റെ ഉദ്ഘാടനം ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ നിർവഹിക്കും. ചടങ്ങിൽ കെഎസ്എഫ്ഇ ബ്രാൻഡ് അംബാസിഡർ സുരാജ് വെഞ്ഞാറമൂടാണ് വിശിഷ്ടാതിഥി. 'ഈ നാടിന്റെ ധൈര്യം' എന്ന കെഎസ്എഫ്ഇയുടെ പുതിയ വാക്യമുദ്രയും മുഖ്യമന്ത്രി ചടങ്ങിൽ നാടിന് സമർപ്പിക്കും.

“ഈ സർക്കാരിന്റെ തുടക്കത്തിൽ അമ്പതിനായിരം കോടി രൂപയിലധികം ബിസിനസ് ഉണ്ടായിരുന്നിടത്തു നിന്നും നാലു വർഷം കഴിഞ്ഞപ്പോൾ തന്നെ ഇത് ഇരട്ടിപ്പിച്ചു ഒരു ലക്ഷം കോടി രൂപയിൽ എത്തിക്കാൻ കഴിഞ്ഞത് ശ്രദ്ധേയമാണ്. ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ ജനകീയ അടിത്തറ വിപുലമാകുന്നതിന്റെ നേർകാഴ്ച കൂടിയാണ് ഇതെന്ന് കാണാം. 3584 പേർക്ക് പിഎസ്സി മുഖാന്തിരം നിയമന ഉത്തരവ് നൽകാൻ കഴിഞ്ഞ നാലുവർഷത്തിനുള്ളിൽ സാധിച്ചു. സർക്കാർ കെഎസ്‌എഫ്‌ഐയുടെ മൂലധനം ഇരട്ടിപ്പിച്ചു 200 കോടി രൂപയിലെത്തിച്ചു,” ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ കെഎസ്എഫ്ഇയുടെ നേട്ടത്തെ പരാമർശിച്ച് പറഞ്ഞു.

“കഴിഞ്ഞ നാലു വർഷ കാലയളവിൽ 504 കോടി രൂപയുടെ സാമ്പത്തിക സഹായം പലിശ ഇളവിലൂടെ ഇടപാടുകാർക്ക് നൽകി. ഡിവിഡണ്ട്, ഗ്യാരണ്ടി കമ്മീഷൻ തുടങ്ങിയ ഇനങ്ങളിൽ സംസ്ഥാന സർക്കാരിന് 920 കോടി രൂപ നൽകി ”- കെഎസ്എഫ്ഇയുടെ നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടി ചെയർമാൻ കെ. വരദരാജൻ പറഞ്ഞു.

"2024-25 സാമ്പത്തിക വർഷം 512 കോടി രൂപയുടെ ഉയർന്ന ലാഭത്തോടെ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ മുൻപന്തിയിൽ തുടരുന്നു. സാങ്കേതിക വിദ്യയിൽ അധിഷ്ടിതമായ പ്രവർത്തനങ്ങൾ മികവോടെ നടപ്പാക്കാനായതും ജീവനക്കാരുടെ ലക്ഷ്യബോധവും സേവനതൽപ്പരതയും ഇടപാടുകാർക്കുള്ള വിശ്വാസ്യതയുമാണ് നേട്ടങ്ങളിലേക്കുള്ള കുതിപ്പിന് കാരണം,” എംഡി ഡോ. എസ്.കെ. സനിൽ പറഞ്ഞു.

1969ൽ ഇഎംഎസ് മന്ത്രിസഭയുടെ കാലത്ത് അന്നത്തെ ധനകാര്യ മന്ത്രി പി.കെ. കുഞ്ഞിന്റെ നേതൃത്വത്തിലാണ് രാജ്യത്ത് ആദ്യമായി സർക്കാർ ഉടമസ്ഥതയിൽ ചിട്ടി സ്ഥാപനം കേരളത്തിൽ കെഎസ്എഫ്ഇ എന്ന പേരിൽ ആരംഭിച്ചത്. റീട്ടെയിൽ ബാങ്കിങ്ങിന് സമാനമായ രീതിയിൽ നിക്ഷേപങ്ങളും വായ്പകളും ചേരുവ ചേർത്ത് കെഎസ്‌എഫ്‌ഇ നടത്തിയ മുന്നേറ്റം രാജ്യത്തെ സാമ്പത്തിക സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ വേറിട്ടതാണ്.

മൊബൈൽ ആപ്ലിക്കേഷനുകൾ, സ്വന്തം ഐഎഫ്‌എസ് കോഡിലൂടെ ഇലക്ട്രോണിക് പണമിടപാടുകൾ തുടങ്ങിയ സാങ്കേതികവല്‍ക്കരണവും കെഎസ്എഫ്ഇയെ ആധുനികമാക്കി. പ്രവാസി ചിട്ടികൾ, ഡിവിഷൻ ചിട്ടികൾ എന്നിവ ഉൾക്കൊള്ളുന്ന ചിട്ടിയുടെ വൈവിധ്യവല്‍ക്കരണം ഏറ്റവും നന്നായി പ്രയോഗ തലത്തിൽ എത്തിച്ച സ്ഥാപനമാണ് കെഎസ്‌എഫ്ഇ. സർക്കാരിന്റെ പൂർണ ഗ്യാരണ്ടിയോടെയുള്ള നിക്ഷേപങ്ങളും മിതമായ പലിശ നിരക്കിലുള്ള വായ്പകളും കെഎസ്‌എഫ്ഇയുടെ സവിശേഷതകളാണ്.

കഴിഞ്ഞ സാമ്പത്തിക വർഷം ആയിരം കോടി രൂപയുടെ പുതിയ ചിട്ടി പദ്ധതികൾ ആരംഭിക്കുകയുണ്ടായി. ഈ സാമ്പത്തിക വർഷം തുടക്കത്തിൽ തന്നെ സ്വർണ്ണ വായ്പ പതിനായിരം കോടി രൂപ കടന്നു. ഇടപാടുകാർക്കായി മൊബൈൽ ആപ്ലിക്കേഷൻ, മുതിർന്ന പൗരന്മാർക്ക് 8.75 ശതമാനം പലിശയിൽ നിക്ഷേപ പദ്ധതി, 4.9 ശതമാനം നിരക്കിലുള്ള സ്വർണപ്പണയ വായ്പാ പദ്ധതി, മടങ്ങി എത്തിയ പ്രവാസികൾക്കും വനിതകൾക്കും സബ്സിഡിയോടു കൂടിയ പ്രത്യേക വായ്പാ പദ്ധതി തുടങ്ങിയവ നടപ്പിൽ വരുത്തിയത് ശ്രദ്ധേയമായി. സമൂഹത്തിലെ വ്യത്യസ്ത സ്ഥാപനങ്ങൾക്ക് , പ്രത്യേകിച്ചും വിദ്യാഭ്യാസരംഗവും ആതുര സേവന രംഗവും ശക്തിപ്പെടുത്താൻ 16 കോടിയുടെ സിഎസ്ആർ ഫണ്ടും ഇക്കാലയളവിൽ കെഎസ്എഫ്ഇ ചെലവഴിക്കുകയുണ്ടായി.

SCROLL FOR NEXT