Mukesh Ambani 
BUSINESS

‘മത്സരത്തെ ഒരിക്കലും ഭയപ്പെട്ടിട്ടില്ല’; സ്റ്റാർലിങ്കിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്ത് റിലയൻസ്

രാജ്യത്തെ നിയമങ്ങൾ ഇന്ത്യൻ കമ്പനികൾക്കും വിദേശ കമ്പനികൾക്കും ഒരുപോലെ ബാധകമാണെന്ന് റിലയൻസ് ചൂണ്ടിക്കാട്ടി

Author : ന്യൂസ് ഡെസ്ക്

ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ഇന്ത്യയിലെ സാറ്റലൈറ്റ് ഇന്റർനെറ്റ് വിപണിയിലേക്ക് കടന്നുവരുന്നതിനെ സ്വാഗതം ചെയ്ത് റിലയൻസ് ഇൻഡസ്ട്രീസ്. ഇന്ത്യൻ നിയമങ്ങളും നയങ്ങളും പാലിച്ചുകൊണ്ട് എല്ലാ കമ്പനികൾക്കും മത്സരിക്കാമെന്ന് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള കമ്പനി വ്യക്തമാക്കി.

സ്റ്റാർലിങ്കിന്റെ ഇന്ത്യയിലെ പ്രവേശനം വൈകുന്നതുമായി ബന്ധപ്പെട്ട് ഇലോൺ മസ്ക് ഉയർത്തിയ വിമർശനങ്ങൾക്കിടെയാണ് റിലയൻസിന്റെ പ്രതികരണം. ഇന്ത്യയിലെ വിപണിയിൽ സ്റ്റാർലിങ്കിന് തടസ്സങ്ങൾ സൃഷ്ടിക്കുന്നുവെന്ന തരത്തിലുള്ള ആരോപണങ്ങൾക്കിടയിൽ, രാജ്യത്തെ നിയമങ്ങൾ ഇന്ത്യൻ കമ്പനികൾക്കും വിദേശ കമ്പനികൾക്കും ഒരുപോലെ ബാധകമാണെന്ന് റിലയൻസ് ചൂണ്ടിക്കാട്ടി.

ഇന്ത്യൻ, വിദേശ കമ്പനികൾക്ക് ഒരേ നടപടിക്രമമാണ് സർക്കാർ ബാധകമാക്കുന്നതെന്ന് റിലയൻസ് പ്രസ്താവനയിൽ പറഞ്ഞു. ജിയോയുടെ സാറ്റലൈറ്റ് ആശയവിനിമയ സേവനങ്ങൾക്കും ആവശ്യമായ സർക്കാർ അനുമതികൾ ലഭിക്കാനുണ്ടെന്നും കമ്പനി വ്യക്തമാക്കി.

സാറ്റലൈറ്റ് ആശയവിനിമയ മേഖലയിൽ സ്റ്റാർലിങ്ക് ഉൾപ്പെടെയുള്ള കമ്പനികളിൽ നിന്നുള്ള മത്സരം സ്വാഗതം ചെയ്യുന്നുവെന്നും ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകാനുള്ള കഴിവാണ് കമ്പനികളെ വിലയിരുത്തേണ്ട യഥാർഥ മാനദണ്ഡമെന്നും റിലയൻസ് വ്യക്തമാക്കി.

2016ൽ ടെലികോം വിപണിയിൽ പ്രവേശിക്കുമ്പോൾ ഉപഭോക്താക്കൾ ആരുമില്ലാതിരുന്ന ജിയോ, പത്തുവർഷത്തിനിടെ 53 കോടിയിലധികം ഉപഭോക്താക്കളെ സ്വന്തമാക്കിയതായി റിലയൻസ് അവകാശപ്പെട്ടു. കുറഞ്ഞ നിരക്കിലുള്ള ഡാറ്റാ സേവനങ്ങളും ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങളും രാജ്യത്ത് ലഭ്യമാക്കാൻ ജിയോയ്ക്ക് കഴിഞ്ഞതായും കമ്പനി ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ സാറ്റലൈറ്റ് ഇന്റർനെറ്റ് വിപണിയിൽ സ്റ്റാർലിങ്ക്, ജിയോയുടെ സാറ്റലൈറ്റ് സേവനങ്ങൾ, വൺവെബ് തുടങ്ങിയ കമ്പനികൾ തമ്മിലുള്ള മത്സരം വരുംനാളുകളിൽ ശക്തമാകുമെന്നാണ് പ്രതീക്ഷ. എന്നാൽ സേവനങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമായ സുരക്ഷാ അനുമതികളും മറ്റ് നിയന്ത്രണാനുമതികളും നിർണായകമാണ്.

സ്റ്റാർലിങ്കിന് ഇന്ത്യയിൽ ലൈസൻസ് നൽകാത്തത് മുകേഷ് അംബാനിയുടെ സമ്മർദ്ദത്താലാണെന്നായിരുന്നു കഴിഞ്ഞ ദിവസം എലോൺ മസ്ക് എക്സിൽ കുറിച്ചത്. തുടർന്ന് മസ്കിൻ്റെ ആരോപണം തള്ളി കേന്ദ്ര കമ്മ്യൂണിക്കേഷൻസ് മന്ത്രാലയം രംഗത്തെത്തിയിരുന്നു.

SCROLL FOR NEXT