റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര Source: ANI
BUSINESS

ഇഎംഐയും പലിശയും കുറയും; റിപ്പോ നിരക്ക് കുറച്ച് റിസർവ് ബാങ്ക്

ഈ വർഷം തുടർച്ചയായി മൂന്നാം തവണയാണ് റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറയ്ക്കുന്നത്

Author : ന്യൂസ് ഡെസ്ക്

2025-26 സാമ്പത്തിക വർഷത്തിലെ രണ്ടാമത്തെ പണനയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. അടിസ്ഥാന പലിശ നിരക്കായ റിപ്പോയുടെ നിരക്ക് ആർബിഐ വീണ്ടും കുറച്ചു. ആറിൽനിന്ന് അഞ്ചര ശതമാനമാക്കിയാണ് റിപ്പോ നിരക്ക് കുറച്ചിരിക്കുന്നത്. ഈ വർഷം തുടർച്ചയായി മൂന്നാം തവണയാണ് നിരക്ക് കുറയ്ക്കുന്നത്. പണനയ അവലോകന സമിതി യോഗത്തിലാണ് നിരക്ക് കുറയ്ക്കാനുള്ള തീരുമാനം.

മാക്രോ ഇക്കണോമിക് സാഹചര്യങ്ങളുടെ സമഗ്രമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നിരക്ക് കുറയ്ക്കാനുള്ള തീരുമാനമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മല്‍ഹോത്ര അറിയിച്ചു. ഇതിന്റെ ഫലമായി, ലിക്വിഡിറ്റി അഡ്ജസ്റ്റ്മെന്റ് ഫെസിലിറ്റി (LAF) പ്രകാരമുള്ള സ്റ്റാൻഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി (SDF) നിരക്ക് 5.25 ശതമാനമായും മാർജിനൽ സ്റ്റാൻഡിങ് ഫെസിലിറ്റി (MSF) നിരക്കും ബാങ്ക് നിരക്കും 5.75 ശതമാനം ആയും ക്രമീകരിച്ചു. റിപ്പോ നിരക്ക് താഴ്ന്നതോടെ ഉപഭോക്താക്കളുടെ ഭവന, വാഹന, വ്യക്തിഗത, കാര്‍ഷിക വായ്പകളുടെ പലിശയും ആനുപാതികമായി കുറയും. 2025 ജൂൺ നാലിന് ആരംഭിച്ച പണനയ അവലോകന സമിതി യോഗം ഇന്നാണ് അവസാനിച്ചത്.

ഫെബ്രുവരിയിലും ഏപ്രിലിലും റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റുകൾ വീതം കുറച്ചിരുന്നു. ഇത്തവണ വീണ്ടും 25 ബേസിസ് പോയിന്റുകള്‍ കുറയ്ക്കുമെന്നായിരുന്നു മാർക്കറ്റ് നിരീക്ഷകരുടെ വിലയിരുത്തല്‍. എന്നാല്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവേഷണ കുറിപ്പില്‍ 50 ബേസിസ് പോയിന്റുകള്‍ കുറയുമെന്നാണ് പ്രവചിച്ചത്.

പണപ്പെരുപ്പം സ്ഥിരമായി കുറയുന്ന സാഹചര്യത്തിലാണ് പുതിയ പണനയ പ്രഖ്യാപനം. സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഏപ്രിലിൽ റീട്ടെയിൽ പണപ്പെരുപ്പം 3.16 ശതമാനമായാണ് കുറഞ്ഞത്. മാർച്ചിൽ ഇത് 3.34 ശതമാനമായിരുന്നു. ഇത് റിസർവ് ബാങ്കിന്റെ കംഫർട്ട് ലെവൽ ആയ നാല് ശതമാനത്തേക്കാൾ വളരെ താഴെയാണ്. പണപ്പെരുപ്പം താഴേക്ക് പോകുന്ന പ്രവണത തുടരുന്ന സാഹചര്യത്തില്‍, കേന്ദ്ര ബാങ്കിൽ നിന്ന് കൂടുതൽ അനുകൂലമായ നിലപാട് ഉണ്ടാകുമെന്നാണ് വിപണി പ്രതീക്ഷിക്കുന്നത്.

SCROLL FOR NEXT