Image: X  News Malayalam 24x7
BUSINESS

ഒറ്റത്തവണ 3000 രൂപ അടച്ചാല്‍ ഒരു വര്‍ഷത്തേക്ക് ടോള്‍ കടക്കാം; ഫാസ്ടാഗ് വാര്‍ഷിക പാസ് എങ്ങനെ ഉപയോഗിക്കാം?

വെരിഫിക്കേഷനു ശേഷം 3000 രൂപ അടച്ച് രണ്ട് മണിക്കൂറിനുള്ളില്‍ പാസ് ആക്ടിവേറ്റാകും

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: ദേശീയ പാതകളില്‍ സഞ്ചരിക്കുന്ന സ്വകാര്യ വാഹനങ്ങള്‍ക്കുള്ള ഫാസ്ടാഗ് വാര്‍ഷിക പാസ് അവതരിപ്പിച്ചു. ചെലവ് കുറഞ്ഞ സുഗമമായ യാത്ര ആസ്വദിക്കാം എന്ന സവിശേഷതയോടെയാണ് വാര്‍ഷിക പാസ് അവതരിപ്പിച്ചിരിക്കുന്നത്. 3000 രൂപ ഒറ്റത്തവണ അടച്ചാല്‍ 200 തവണയോ അല്ലെങ്കില്‍ ഒരു വര്‍ഷത്തേക്കോ ടോള്‍ കടക്കാം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഫാസ്ടാഗ് വാര്‍ഷിക പാസിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാം.

അവതരിപ്പിച്ച് ആദ്യ ദിനം തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്ന് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. ആദ്യ ദിനം 1.4 ലക്ഷം പേരാണ് വാര്‍ഷിക പാസ് ഉപയോഗിച്ചത്.

എന്താണ് ഫാസ്ടാഗ് വാര്‍ഷിക പാസ്?

ഫാസ്ടാഗ് വാര്‍ഷിക പാസിലൂടെ ദേശീയ പാതകളില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് 200 തവണയോ അല്ലെങ്കില്‍ ഒരു വര്‍ഷത്തേക്കോ യാത്ര ചെയ്യാം. ഇതില്‍ ഏതാണോ ആദ്യം അവസാനിക്കുന്നത് അതോടെ വാര്‍ഷിക പാസിന്റെ കാലാവധി അവസാനിക്കും. 2025 ഓഗസ്റ്റ് 15 മുതല്‍ വാര്‍ഷിക പാസ് പ്രാബല്യത്തില്‍ വരും.

വാര്‍ഷിക പാസ് എങ്ങനെ ലഭിക്കും?

നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റിലൂടെയോ രാജ്മാര്‍ഗ് യാത്രാ മൊബൈല്‍ ആപ്പിലൂടെയോ വാര്‍ഷിക പാസ് എടുക്കാം.

വാര്‍ഷിക പാസ് എങ്ങനെ ആക്ടിവേറ്റ് ചെയ്യാം?

വാഹനത്തിന്റെയും അനുബന്ധ ഫാസ്റ്റ് ടാഗിന്റെയും യോഗ്യത പരിശോധിച്ചതിന് ശേഷം പാസ് ആക്ടിവേറ്റാകും. വെരിഫിക്കേഷനു ശേഷം 3000 രൂപ അടച്ച് രണ്ട് മണിക്കൂറിനുള്ളില്‍ പാസ് ആക്ടിവേറ്റാകും.

വാര്‍ഷിക പാസിന് പുതിയ ഫാസ്ടാഗ് ആവശ്യമുണ്ടോ?

നിലവിലുള്ള ഫാസ്ടാഗില്‍ തന്നെ വാര്‍ഷിക പാസും ആക്ടിവേറ്റ് ചെയ്യാം.

ഫാസ്ടാഗ് വാര്‍ഷിക പാസ് എവിടെയെല്ലാം സ്വീകരിക്കും?

ദേശീയ പാതകളിലേയും എക്‌സ്പ്രസ് വേയിലേയുംമ ടോള്‍ ഫീ ബൂത്തുകളിലാണ് ഫാസ്ടാഗ് വാര്‍ഷിക പാസ് ഉപയോഗിക്കാനാകുക. സംസ്ഥാന പാതകളിലും പാര്‍ക്കിങ് ലോട്ടുകളിലും സാധാരണ ഫാസ്ടാഗ് ആയിട്ടായിരിക്കും പ്രവര്‍ത്തിക്കുക.

കാലാവധി എത്ര?

ആക്ടിവേറ്റ് ചെയ്ത ദിവസം മുതല്‍ ഒരു വര്‍ഷത്തേക്കോ അല്ലെങ്കില്‍ 200 യാത്രകള്‍ക്ക് പാസ് ഉപയോഗിക്കാം. ഇതില്‍ ഏതാണ് ആദ്യം അവസാനിക്കുന്നത് അതോടെ പാസിന്റെ കാലാവധി കഴിയും. കാലാവധി കഴിഞ്ഞാല്‍ സാധാരണ ഫാസ്ടാഗ് പോലെയാകും പ്രവര്‍ത്തിക്കുക. വീണ്ടും 3000 രൂപ അടച്ച് വാര്‍ഷിക പാസ് ഉപയോഗിക്കാം.

എല്ലാ വാഹനങ്ങള്‍ക്കും ഫാസ്ടാഗ് വാര്‍ഷിക പാസ് ഉപയോഗിക്കാമോ?

പരിവാഹന്‍ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത സ്വകാര്യ വാഹനങ്ങള്‍ക്കാണ് ഫാസ്ടാഗ് വാര്‍ഷിക പാസ് ഉപയോഗിക്കാനാകുക.

ഒരു ഫാസ്ടാഗ് വാര്‍ഷിക പാസ് മറ്റൊരു വാഹനത്തിന് കൈമാറാന്‍ കഴിയുമോ?

രജിസ്റ്റര്‍ ചെയ്ത വാഹനത്തില്‍ മാത്രമേ പാസ് ഉപയോഗിക്കാന്‍ കഴിയുകയുള്ളൂ. മറ്റൊരു വാഹനത്തിനായി ഉപയോഗിക്കുന്നതിലൂടെ ഡീആക്ടിവേറ്റാകും.

ഫാസ്ടാഗ് വാര്‍ഷിക പാസ് നിര്‍ബന്ധമാണോ?

നിലവില്‍ ഫാസ്ടാഗ് വാര്‍ഷിക പാസ് നിര്‍ബന്ധമില്ല. നിലവിലുള്ള ഫാസ്ടാഗ് ഉപയോഗിച്ച് തന്നെ വാഹന ഉടമകള്‍ക്ക് ടോളുകളിലൂടെ യാത്ര ചെയ്യാം.

SCROLL FOR NEXT