Source; Social Media
ENTERTAINMENT

ജനനായകനിലെ രംഗങ്ങൾ ചോർത്തിയ കേസ്; ആറ് പേർ അറസ്റ്റിൽ

സിനിമയുടെ മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള മുഴുവൻ പ്രിന്റും ചോർന്നതായും റിപ്പോർട്ടുകളുണ്ട്

Author : ന്യൂസ് ഡെസ്ക്

ചെന്നൈ: വിജയ് ചിത്രം ജനനായകനിലെ രംഗങ്ങൾ ഇന്റർനെറ്റിൽ പ്രചരിച്ചതിൽ ആറ് പേരെ തമിഴ്നാട് സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. ക്ലൗഡ് സ്റ്റേറേജുകളിൽ രംഗങ്ങൾ അപ്ലോഡ് ചെയ്തതും ഡ്രൈവ് ലിങ്കുകൾ പങ്കിട്ടതും ഇവരെന്ന് പൊലീസ് കണ്ടെത്തി. ഇതുവരെ വ്യാജ പതിപ്പുകൾ അടങ്ങിയ 300ലധികം ലിങ്കുകൾ സൈബർ വിംഗ് നീക്കം ചെയ്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

അനധികൃത ഉറവിടങ്ങളിലൂടെ സിനിമ ഡൗൺലോഡ് ചെയ്യുകയോ പങ്കിടുകയോ ചെയ്യുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ചിത്രത്തിന്റെ നിർമ്മാതാക്കൾ മുന്നറിയിപ്പ് നൽകി. തിയേറ്റർ റിലീസ് കാത്തിരിക്കുന്ന് ചിത്രത്തിന്റെ പ്രസക്തമായ ചില ഭാഗങ്ങളാണ് ഓൺലൈനിൽ പ്രചരിച്ചത്. സിനിമയുടെ ടൈറ്റിൽ കാർഡ്, വിജയ്‌യുടെ ഇൻട്രൊഡക്ഷൻ സീൻ, ക്ലൈമാക്സ് എന്നിവ ഉൾപ്പെടെ അഞ്ച് മിനുട്ടോളം ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് ചോർന്നത്.

ദളപതി കച്ചേരി' പാട്ടിന്റെ ചില ഭാഗങ്ങളും പ്രചരിക്കുന്നുണ്ട്. ടെസ്റ്റ് സ്ക്രീനിങ്ങിനിടെ പകർത്തിയ വീഡിയോ ക്ലിപ്പുകളാണിവ എന്നാണ് സൂചന. ഇതിനോടകം, എക്സ്, റെഡിറ്റ്, യൂട്യൂബ്, ഇൻസ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ ഒട്ടേറം പേർ ദൃശ്യങ്ങൾ പങ്കുവച്ചു കഴിഞ്ഞു. സിനിമയുടെ മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള മുഴുവൻ പ്രിന്റും ചോർന്നതായും റിപ്പോർട്ടുകളുണ്ട്. ജനുവരി ഒൻപതിന് പൊങ്കലിന് എത്തുമെന്ന് പ്രഖ്യാപിച്ച ചിത്രത്തിന്റെ റിലീസ് സെൻസർ ബോർഡ് സർട്ടിഫിക്കേഷൻ ലഭിക്കാത്തതിനെ തുടർന്ന് അനിശ്ചിതത്വത്തിലാകുകയായിരുന്നു.

രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ പ്രഖ്യാപിക്കപ്പെട്ട വിജയ് ചിത്രം. നടൻ്റെ കരിയറിലെ 69 ാം ചിത്രം, വിജയുടെ അവസാന ചിത്രം എന്നിങ്ങനെ ഏറെ സവിശേഷതകളുണ്ട് ജനനായകന്. ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിര ജന നായകന്‍ എന്ന ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. വെങ്കട്ട് കെ. നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം അനിരുദ്ധ് ആണ്.

SCROLL FOR NEXT