ടിനി ടോം, പ്രിയങ്ക, അൻസിബ 
ENTERTAINMENT

"തകർക്കാൻ ഗൂഢാലോചന"; അൻസിബയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് ടിനി ടോം

'അമ്മ' എക്സിക്യൂട്ടിവിൽ നിന്ന് രാജിവയ്ക്കാൻ കാരണം നടനാണെന്ന് വെളിപ്പെടുത്തിയ അൻസിബ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: നടി അൻസിബ ഹസൻ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ടിനി ടോം. ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയാണെന്നും നടൻ ആരോപിച്ചു. അൻസിബയ്ക്ക് പരാതിയുണ്ടെങ്കിൽ പൊലീസിന് സമീപിക്കാമെന്നും ടിനി ടോം വ്യക്തമാക്കി. താര സംഘടനയായ 'അമ്മ'യുടെ എക്സിക്യൂട്ടിവിൽ നിന്ന് രാജിവയ്ക്കാൻ കാരണം ടിനി ടോം ആണെന്നും തനിക്കെതിരെ നടൻ അപവാദങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും നടി വെളിപ്പെടുത്തിയതിന് പിന്നാലെയാണ് പ്രതികരണം.

"ഞാൻ പ്രവർത്തിക്കുന്നവനാണ്. പ്രവർത്തിക്കുന്നവരെ തകർക്കാൻ എന്തോ ഗൂഢാലോചന നടന്നിട്ടുണ്ട്. അവിഹിത കഥകൾ പ്രചരിപ്പിച്ചുവെന്ന് വേറൊരാൾ പറഞ്ഞു എന്നാണ് അൻസിബ പറയുന്നത്. അങ്ങനെ പറയരുത്. നേരിട്ട് കേട്ടാലെ പറയാൻ പാടുള്ളൂ," ടിനി ടോം പറഞ്ഞു. താൻ അൻസിബയെ 'ജിഹാദി' എന്ന് വിളിച്ചിട്ടില്ലെന്നും തന്റെ സുഹൃത്തുക്കളിൽ അധികവും മുസ്ലീങ്ങളാണെന്നും ടിനി കൂട്ടിച്ചേർത്തു.

ടിനി ടോമിനെ പിന്തുണച്ച് നടി പ്രിയങ്കയും രംഗത്തെത്തി. "അമ്മ സംഘടനയിലുള്ള കാര്യങ്ങൾ 'അമ്മ'യിൽ തീർക്കണം. ഇതുപോലെ മാധ്യമങ്ങളിൽ പോയി പറയാനാണെങ്കിൽ ഞങ്ങൾക്കൊക്കെ ഒരുപാട് കാര്യങ്ങൾ പറയാനുണ്ടാകും. ഒരുപാട് വർഷങ്ങളായി ഞാൻ ടിനിയെ കാണുന്നതാണ്. ഇതുവരെ ടിനിയുടെ ഭാഗത്ത് നിന്ന് ഒരു മോശം പരാമർശമുണ്ടായിട്ടില്ല. ഒരാളെ വ്യക്തിഹത്യ ചെയ്യുന്നത് ശരിയല്ല," എന്നാണ് പ്രിയങ്ക പറഞ്ഞത്. സ്റ്റേജ് ഷോസിനിടയിൽ ദേഷ്യപ്പെടുന്നത് സ്വാഭാവികമാണെന്നും ഇരുവരും പറഞ്ഞു.

ഗുരുതരമായ ആരോപണങ്ങളാണ് ടിനി ടോമിനെതിരെ അൻസിബ ഹസൻ ഉന്നയിച്ചത്. താൻ ആരോട് സംസാരിച്ചാലും അവരെ ചേർത്ത് നടൻ അവിഹിതക്കഥകൾ സൃഷ്ടിക്കുമായിരുന്നുവെന്നാണ് അൻസിബയുടെ വെളിപ്പെടുത്തൽ. തന്നെ മത തീവ്രവാദിയാക്കാൻ നിരന്തര ശ്രമം നടത്തി. താൻ ആളുകളെ മതം മാറ്റാൻ ശ്രമിക്കുന്നതായി പറഞ്ഞ് പരത്തി. താൻ മാനസികമായി ആകെ തകർന്നുവെന്നും ഇത്രയും കാലം ഒന്നും പറയാതിരുന്നത് സിനിമയിൽ നിന്ന് പുറത്താകുമെന്ന് ഭയന്നാണെന്നുമാണ് അൻസിബ പറഞ്ഞത്.

SCROLL FOR NEXT