ഷാരൂഖ് ഖാന് ഒപ്പം അറ്റ്‌ലി Source: X
ENTERTAINMENT

ഷാരൂഖ് ഖാനുമായി വീണ്ടും ഒന്നിക്കും, പക്ഷേ അത് 'ഡോൺ 3' അല്ല: അറ്റ്‌ലി

നിലവിൽ അല്ലു അർജുൻ ചിത്രത്തിന്റെ തിരക്കുകളിലാണ് അറ്റ്‌ലി

Author : ന്യൂസ് ഡെസ്ക്

മുംബൈ: ഫർഹാന്‍ അക്തർ ചിത്രം 'ഡോണ്‍ 3' പ്രഖ്യാപിച്ച ദിവസം മുതല്‍ സിനിമാ വൃത്തങ്ങളിലും സോഷ്യൽ മീഡിയയിലും സംസാരവിഷയമാണ്. ഈ ബിഗ് ബജറ്റ് സിനിമയിൽ നിന്നുള്ള അഭിനേതാക്കളുടെ കൊഴിഞ്ഞുപോക്ക് വലിയ ചർച്ചകൾക്കാണ് വഴിവച്ചത്. നായകൻ, നായിക, വില്ലൻ എന്നിങ്ങനെയുള്ള റോളുകളിൽ പലരും വന്നുപോയി.

അമിതാഭ് ബച്ചന്റെ ക്ലാസിക് കൊമേഷ്യല്‍ ഹിറ്റായ 'ഡോണ്‍' ഫർഹാന്‍ പുനഃരവതരിപ്പിച്ചപ്പോള്‍ ഷാരുഖ് ഖാന്‍ ആയിരുന്നു നായകന്‍. സിനിമയുടെ മൂന്നാം ഭാഗത്തിൽ ഷാരൂഖിന് പകരം രൺവീർ സിംഗിനെ ആണ് ഫർഹാൻ തിരഞ്ഞെടുത്തത്. എന്നാൽ, കഴിഞ്ഞ വർഷം ഇറങ്ങിയ 'ധുരന്ധർ' ഹിറ്റായതിന് പിന്നാലെ രൺവീർ ഈ പ്രോജക്ടിൽ നിന്ന് പിന്‍മാറിയതായാണ് റിപ്പോർട്ട്. നായിക കിയാര അദ്വാനിയും വില്ലൻ വേഷം ചെയ്യാനിരുന്ന വിക്രാന്ത് മാസിയും ചിത്രത്തിൽ നിന്ന് നേരത്തെ ഒഴിഞ്ഞിരുന്നു. 

'ഡോൺ 3'യിൽ ഇനി ആര് നായകനാകും എന്ന ഓൺലൈൻ ചർച്ചകൾ അവസാനം ചെന്നുനിന്നത് ഷാരൂഖിൽ തന്നെയാണ്. ഷാരൂഖ് ഖാൻ വീണ്ടും 'ഡോൺ' ആയി എത്താൻ തയ്യാറായതായി റിപ്പോർട്ടുകളും വന്നു. എന്നാൽ, സിനിമ ഫർഹാന് പകരം അറ്റ്‌ലി സംവിധാനം ചെയ്യണമെന്ന് ഷാരൂഖ് ആവശ്യപ്പെട്ടതായി അഭ്യൂഹങ്ങൾ പ്രചരിച്ചു. നടന്റെ സമീപകാലത്തെ വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു അറ്റ്ലി സംവിധാനം ചെയ്ത 'ജവാൻ'. ഈ ചിത്രത്തിലൂടെ ഷാരൂഖിന് ആദ്യമായി മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും ലഭിച്ചിരുന്നു. ഈ വസ്തുതകൾ അഭ്യൂഹങ്ങൾ ബലപ്പെടുത്തി.

ഇപ്പോഴിതാ, അഭ്യൂഹങ്ങൾക്ക് അറുതി വരുത്തി അറ്റ്‌ലി തന്നെ രംഗത്തെത്തിയിരിക്കുന്നു. 'ഡോൺ 3' താൻ സംവിധാനം ചെയ്യണമെന്ന് ഷാരൂഖ് ഖാൻ നിബന്ധന വച്ചു എന്നുള്ള വാർത്തകൾ അറ്റ്‌ലി നിഷേധിച്ചു. താൻ അത്തരമൊരു സിനിമയുടെ ഭാഗമല്ലെന്ന് സംവിധായകൻ ഉറപ്പിച്ചു പറഞ്ഞു. 'ജവാന്റെ' രണ്ടാം ഭാഗം ഇപ്പോൾ ആലോചനയിൽ ഇല്ലെന്നും സംവിധായകൻ വ്യക്തമാക്കി. ഭാവിയിൽ ചിലപ്പോൾ അത് സംഭവിക്കാം, എന്നാൽ ഉടൻ തന്നെ അത്തരമൊരു പ്രോജക്ട് ഉണ്ടാകില്ല. "ഷാരൂഖ് സാറും ഞാനും തീർച്ചയായും ഒന്നിച്ചു പ്രവർത്തിക്കും, പക്ഷേ അത് 'ജവാൻ 2' ആയിരിക്കില്ല" എന്ന് അറ്റ്‌ലി പറഞ്ഞു.

നിലവിൽ അല്ലു അർജുൻ ചിത്രത്തിന്റെ തിരക്കുകളിലാണ് അറ്റ്‌ലി. ബോളിവുഡ് സൂപ്പർ താരം ദീപിക പദുകോണ്‍ ആണ് ചിത്രത്തിലെ നായിക. സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

SCROLL FOR NEXT