ബ്രിട്ടീഷ് നാടകകൃത്ത് ടോം സ്റ്റോപ്പാർഡ്  Source: X / @MrWinMarshall
ENTERTAINMENT

പ്രശസ്ത ബ്രിട്ടീഷ് നാടകകൃത്ത് ടോം സ്റ്റോപ്പാർഡ് അന്തരിച്ചു

മികച്ച നാടകത്തിനുള്ള ടോണി അവാർഡ് അഞ്ച് തവണ നേടിയ പ്രതിഭയാണ് വിടവാങ്ങിയത്

Author : ന്യൂസ് ഡെസ്ക്

ലോക പ്രശസ്ത ബ്രിട്ടീഷ് നാടകകൃത്ത് ടോം സ്റ്റോപ്പാർഡ് (88) അന്തരിച്ചു. മികച്ച നാടകത്തിനുള്ള ടോണി അവാർഡ് അഞ്ച് തവണ നേടിയ പ്രതിഭയാണ് വിടവാങ്ങിയത്. ആറ് പതിറ്റാണ്ട് നീണ്ട ടോമിന്റെ കരിയറിൽ രാഷ്ട്രീയവും തത്വ ചിന്തയുമാണ് നാടകങ്ങൾക്ക് പ്രമേയമായത്. യുണൈറ്റഡ് ഏജന്റസ് ആണ് മരണവിവരം സ്ഥിരീകരിച്ചത്. ഡോർസെറ്റിലെ വീട്ടിൽ വച്ചാണ് ടോം അന്തരിച്ചത്.

ഷേക്സ്പിയറിന്റെ "ഹാംലെറ്റ്" എന്ന നാടകത്തിലെ രണ്ട് ചെറിയ കഥാപാത്രങ്ങളെ മുൻ നിർത്തി നിർമിച്ച 'റോസെൻക്രാന്റ്സ് ആൻഡ് ഗിൽഡൻസ്റ്റേൺ ആർ ഡെഡ്' എന്ന ട്രാജിക്-കോമഡിയിലൂടെയാണ് ടോം സ്റ്റോപ്പാർഡ് ശ്രദ്ധിക്കപ്പെടുന്നത്. 'ഷേക്സ്പിയർ ഇൻ ലവ്' എന്ന സിനിമയുടെ തിരക്കഥയ്ക്ക് 1999ൽ ഓസ്കാർ പുരസ്കാരവും ഗോൾഡൻ ഗ്ലോബും ലഭിച്ചു. 'ഇന്ത്യാന ജോൺസ്', 'സ്റ്റാർ വാർസ്' ഫ്രാഞ്ചൈസികളിലൂടെ സഹരചയിതാവ് എന്ന നിലയിലും പ്രശസ്തനാണ്. ഗൗരവമേറിയ ആശയങ്ങൾ കോമഡിയുമായി സംയോജിപ്പിച്ച് അവതരിപ്പിക്കുന്നതായിരുന്നു ടോമിന്റെ ശൈലി.

1937 ൽ ചെക്കോസ്ലോവാക്യയിലാണ് ജനനം. നാസി അധിനിവേശകാലത്ത് ടോം സ്റ്റോപ്പാർഡിന്റെ കുടുംബം സിംഗപൂരിലേക്ക് പലായനം ചെയ്തു. പിതാവ് ഒരു ജാപ്പനീസ് ജയിൽ ക്യാമ്പിൽ മരിച്ചു. ജാപ്പനീസ് ആക്രമണത്തിന് മുമ്പ് ടോമും കുടുംബവും ഓസ്ട്രേലിയയിലേക്കും പിന്നീട് ഇന്ത്യയിലേക്കും പോയി. ഇന്ത്യയിൽ വച്ച് ടോമിന്റെ അമ്മ ഒരു ഇംഗ്ലീഷുകാരനെ കണ്ടുമുട്ടുകയും വിവാഹം കഴിക്കുകയും തുടർന്ന് അവർ ഇംഗ്ലണ്ടിലേക്ക് താമസം മാറുകയും ചെയ്തു.

ഇംഗ്ലണ്ടിലെ സ്കൂൾ പഠനത്തിന് ശേഷം പത്രപ്രവർത്തനത്തിലേക്കും നാടകരംഗത്തേക്കും കടന്നു. ആറ് പതിറ്റാണ്ട് കാലം നീണ്ട കരിയറിൽ, നാടകം, ടിവി, റേഡിയോ, സിനിമ എന്നിവയ്‌ക്കായി എഴുതി. സാഹിത്യത്തിന് നൽകിയ സംഭാവനകൾക്ക് 1997 ൽ അദ്ദേഹത്തിന് നൈറ്റ് പദവി ലഭിച്ചു. 50ാം വയസിലാണ് തന്റെ ജൂത പാരമ്പര്യത്തെപ്പറ്റി ടോം സ്റ്റോപ്പാർഡ് തിരിച്ചറിയുന്നത്. 2020ൽ എഴുതിയ അവസാന നാടകം, 'ലിയോപോൾഡ്സ്റ്റാഡ്' ഈ ജൂത സ്വത്വത്തെപ്പറ്റിയുള്ളതായിരുന്നു.

മൂന്ന് തവണ വിവാഹിതനായ ടോം സ്റ്റോപ്പാർഡിന് നാല് ആൺമക്കളാണുള്ളത്. മകൻ എഡ് സ്റ്റോപ്പാർഡ് നടനാണ്.

SCROLL FOR NEXT