നടൻ മുസ്തഫ അഹ്‌മദ് 
ENTERTAINMENT

"അവിടുത്തെ രാഷ്ട്രീയക്കാരേക്കാൾ നന്നായി ഞങ്ങൾക്ക് പാകിസ്ഥാൻ ഭരിക്കാൻ സാധിക്കും"; 'ധുരന്ധർ' താരം മുസ്തഫ

'ധുരന്ധറി'ലെ റിസ്‌വാൻ എന്ന കഥാപാത്രത്തെ രൂപപ്പെടുത്താൻ രൺവീർ ഒരുപാട് സഹായിച്ചതായും നടൻ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

ആദിത്യ ധർ ഒരുക്കിയ 'ധുരന്ധർ: ദ റിവഞ്ച്' എന്ന ചിത്രത്തിൽ റിസ്‌വാൻ എന്ന റോ ഏജന്റിന്റെ വേഷത്തിൽ എത്തിയ മുസ്തഫ അഹ്‌മദിന് വലിയ പ്രശംസ ലഭിച്ചിരുന്നു. സെലിബ്രിറ്റി ട്രെയ്‌നർ കൂടിയായ മുസ്തഫയുടെ സിനിമാ കരിയറിലെ വലിയൊരു ബ്രേക്കായിരുന്നു 'ധുരന്ധർ'.

നടൻ പാകിസ്ഥാൻ രാഷ്ട്രീയത്തെക്കുറിച്ച് നടത്തിയ ഒരു പ്രസ്താവനയാണ് ഇപ്പോൾ ചർച്ചയാകുന്നത്. റെഡ്ഡിറ്റിൽ നടന്ന 'ആസ്ക് മീ എനിത്തിങ്' (എഎംഎ) സെഷനിലായിരുന്നു ഈ പ്രസ്താവന.

'ധുരന്ധർ 2'വിൽ രൺവീർ സിംഗ് അവതരിപ്പിച്ച ഹംസ അലി മസാരിയുടെ വലംകയ്യും റോ ഏജന്റുമായാണ് മുസ്തഫ അഭിനയിച്ചത്. സിനിമയുടെ അവസാനം ഹംസ ഇന്ത്യയിലേക്ക് മടങ്ങുമ്പോൾ റിസ്‌വാൻ പാകിസ്ഥാനിൽ ഒറ്റയ്ക്കാകുന്നുണ്ട്. ഈ സാഹചര്യത്തിൽ റിസ്‌വാന്റെ ഭാവി എന്തായിരിക്കും എന്നായിരുന്നു എഎംഎ സെഷനിൽ ഒരു ആരാധകന്റെ ചോദ്യം. "ഹംസ നിർത്തിയിടത്തുനിന്ന് റിസ്‌വാൻ കാര്യങ്ങൾ ഏറ്റെടുക്കും. അയാളുടെ ഐഡന്റിറ്റി ആർക്കും അറിയില്ല. ഇനി കൈകാര്യം ചെയ്യാൻ ബാക്കിയുള്ളവരെ ഇല്ലാതാക്കാൻ പറ്റുന്ന ഒരു സ്ഥാനത്താണ് അയാൾ. അയാൾ അതിന് പ്രാപ്തനാണ്" എന്നായിരുന്നു മുസ്തഫയുടെ മറുപടി.

സിനിമയിൽ രാകേഷ് ബേദി അവതരിപ്പിച്ച ജമീൽ ജമാലി എന്ന കഥാപാത്രവുമായ ചേർന്ന് റിസ്‌വാൻ പാകിസ്ഥാൻ ഭരിക്കും എന്ന തരത്തിൽ പല ഫാൻ തിയറികളും പ്രചരിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചായിരുന്നു അടുത്ത ചോദ്യം. "ഹംസ പോയ സ്ഥിതിക്ക് ലയാരിയുടെ അടുത്ത രാജാവ് നിങ്ങളാണോ?," എന്ന ചോദ്യത്തിന് തമാശകലർത്തിയായിരുന്നു നടന്റെ മറുപടി.

"തീർച്ചയായും. ജമീൽ സാബിനും എനിക്കും പാകിസ്ഥാന്റെ ഭരണം ഏറ്റെടുക്കാൻ കഴിയും. അവിടുത്തെ രാഷ്ട്രീയക്കാരേക്കാൾ നന്നായി, അവിടുത്തെ ജനങ്ങളുടെ നന്മയ്ക്കായി രാജ്യം ഭരിക്കാൻ ഞങ്ങൾക്ക് സാധിക്കും," നടൻ പറഞ്ഞു.

രൺവീറിനൊപ്പം പ്രവർത്തിക്കുന്നത് അത്ര എളുപ്പമല്ലെന്നും മികച്ചതിൽ കുറഞ്ഞതൊന്നിലും അദ്ദേഹം തൃപ്തിപ്പെടില്ലെന്നും മുസ്തഫ പറഞ്ഞു. റിസ്‌വാൻ എന്ന കഥാപാത്രത്തെ രൂപപ്പെടുത്താൻ രൺവീർ ഒരുപാട് സഹായിച്ചതായും നടൻ കൂട്ടിച്ചേർത്തു.

SCROLL FOR NEXT