ബി രാകേഷ്, ബി. ഉണ്ണികൃഷ്ണൻ 
ENTERTAINMENT

സിനിമാ പ്രവർത്തകരുടെ ജോലി സമയം ഇനി 12 മണിക്കൂർ; കരാറിൽ ഒപ്പിട്ട് ഫെഫ്കയും നിർമാതാക്കളുടെ സംഘടനയും

ഇതുവരെ കോൾ ഷീറ്റ് അനുസരിച്ച് 16 മണിക്കൂർ ആയിരുന്നു ഒരു ദിവസത്തെ ജോലി സമയം

Author : ന്യൂസ് ഡെസ്ക്

കൊച്ചി: സിനിമാ പ്രവർത്തകരുടെ ജോലി ഭാരം കുറയ്ക്കുന്നതിൽ നിർണായക തീരുമാനം. 16 മണിക്കൂർ കോൾ ഷീറ്റ് 12 മണിക്കൂർ ആക്കി ചുരുക്കുന്ന കരാറിൽ ഫെഫ്‌കയും നിർമാതാക്കളുടെ സംഘടനയും ഒപ്പിട്ടു. കരാറിൽ വ്യവസ്ഥയായതായി ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ബി. രാകേഷ് അറിയിച്ചു. നേരത്തെ, വിവിധ സംഘടനാ പ്രതിനിധികളുമായി നിർമാതാക്കളുടെ സംഘടന നടത്തിയ ചർച്ചയിൽ ജോലി സമയം കുറയ്ക്കുന്നതിൽ തീരുമാനമായിരുന്നു.

സിനിമാ പ്രവർത്തകരുടെ ബാറ്റയും പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. സമയക്രമം പാലിക്കാൻ നിർമാതാവ്, സംവിധായകൻ, പ്രൊഡക്ഷൻ കൺട്രോളർ എന്നിവരടങ്ങിയ ത്രികക്ഷി കരാർ വേണമെന്നാണ് ഇന്ന് ചേർന്ന യോഗത്തിൽ നിർമാതാക്കൾ ആവശ്യപ്പെട്ടത്. എന്നാൽ, നാലാമത്തെ കക്ഷിയായി താരങ്ങൾ കൂടി വേണമെന്നാണ് ഫെഫ്കയുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎയ്ക്ക് ഇന്ന് തന്നെ കത്ത് അയക്കുമെന്ന് ബി. രാകേഷ് അറിയിച്ചു.

നടി -നടൻമാർ വരാൻ വൈകുന്നത് മൂലം സിനിമാ ഷൂട്ടിങ് തുടങ്ങാൻ വൈകാറുണ്ടെന്നും തൊഴിലാളികൾ മണിക്കൂറുകൾ കാത്തിരിക്കേണ്ട അവസ്ഥയാണെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ ചൂണ്ടിക്കാട്ടി. ഇത് തൊഴിലാളി വിരുദ്ധമാണെന്ന് മനസിലാക്കിയാണ് കരാർ. ഒരു സിനിമ വിജയിച്ചാൽ അഭിനേതാക്കൾ ലക്ഷങ്ങളാണ് പ്രതിഫലം ചോദിക്കുന്നതെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു. തൊഴിലാളികളുടെ വേതനത്തിൽ നിർമാതാക്കൾ കാണിക്കുന്ന നിലപാട് അഭിനേതാക്കളോട് സംസാരിക്കാൻ കാണിക്കുന്നില്ല. മൂന്നര വർഷം ആയി ശമ്പളം പുതുക്കിയിട്ടില്ല. വേതന വർധന ഒരു വർഷം കഴിഞ്ഞ് ആലോചിക്കുമെന്നും ഫെഫ്ക ജനറൽ സെക്രട്ടറി അറിയിച്ചു.

അഭിനേതാക്കൾ സിനിമാ പ്രൊമോഷനിൽ നിന്ന് വിട്ടുനിൽക്കുന്നതിനെയും ഉണ്ണികൃഷ്ണൻ വിമർശിച്ചു. നടന്മാർ പ്രൊമോഷന് വരണം എന്നുള്ളത് സിനിമയുടെ കരാറിൽ ഉള്ളതാണ്. നടൻ ബിജു മേനോൻ പ്രൊമോഷന് വരാത്തത് കൊണ്ട് നിർമാതാവ് അനൂപ് കണ്ണന് നഷ്ടമായത് 25 ലക്ഷം രൂപയാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്ത 'വലതുവശത്തെ കള്ളൻ' എന്ന സിനിമയുടെ പ്രൊമോഷനും നടൻ വന്നില്ലെന്ന് ഫെഫ്‌ക ജനറൽ സെക്രട്ടറി ആരോപിച്ചു.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം നടപ്പാക്കാൻ കഴിഞ്ഞതായും ബി. ഉണ്ണികൃഷ്ണൻ അവകാശപ്പെട്ടു. ഫെഫ്ക തൊഴിലാളി സംഘടനയാണ്. ജനാധിപത്യമില്ല എന്നത് ബോധപൂർവം ഉണ്ടാക്കിയ ചർച്ചയാണ്. എവിടെയാണ് പ്രവർത്തിക്കുന്നത്, എവിടെയാണ് ആസ്ഥാനം എന്ന് അറിയാത്ത ചിലരാണ് വിമർശനം ഉന്നയിച്ചതെന്നും അതിന് മറുപടി പറയേണ്ട എന്ന് താൻ തീരുമാനിച്ചതാണെന്നും ഉണ്ണികൃഷ്ണൻ കൂട്ടിച്ചേർത്തു. ഡബ്ല്യൂസിസിക്ക് നേരെയായിരുന്നു ഈ പരോക്ഷ വിമർശനം.

SCROLL FOR NEXT