ജോയ് മാത്യു, രവീന്ദ്രൻ 
ENTERTAINMENT

"ചിറകൊടിഞ്ഞ കിനാവുകളിൽ വിറകുവെട്ടുകാരനായി അഭിനയിച്ചതിനാൽ യാതൊരു വിഷമവുമില്ല"; ചലച്ചിത്ര അക്കാദമി ചെയർമാൻ നിയമനത്തിൽ ജോയ് മാത്യൂ

'ചിറകൊടിഞ്ഞ കിനാവുകളിലെ' തന്റെ ക്യാരക്ടർ പോസ്റ്റർ പങ്കുവച്ചുകൊണ്ടായിരുന്നു പരിഹാസരൂപേണയുള്ള പ്രതികരണം

Author : ന്യൂസ് ഡെസ്ക്

സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനായി നടൻ രവീന്ദ്രനെ സർക്കാർ നിയമിച്ചതിന് പിന്നാലെ താൻ നേരിടുന്ന സൈബർ പരിഹാസങ്ങളിൽ പ്രതികരിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. പത്ത് വർഷം മുൻപ് 'ചിറകൊടിഞ്ഞ കിനാവുകളിൽ' വിറകു വെട്ടുകാരനായി അഭിനയിച്ചതിനാൽ നിങ്ങളെപ്പോലെ തനിക്ക് യാതൊരു വിഷമവുമില്ലെന്നാണ് ജോയ് മാത്യു സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. സിനിമയിലെ തന്റെ ക്യാരക്ടർ പോസ്റ്റർ പങ്കുവച്ചുകൊണ്ടായിരുന്നു പരിഹാസരൂപേണയുള്ള പ്രതികരണം.

"ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് നടൻ രവീന്ദ്രനെ പ്രഖ്യാപിച്ചത് മുതൽ എന്റെ അഭ്യുദയകാംക്ഷികൾ - പ്രത്യേകിച്ച് ബിപ്പ്ളവപാർട്ടി അടിമകൾ - വിഷമത്തിലാണ്. പാതിരാത്രി കണ്ണിൽ പാമോയിൽ ഒഴിച്ച് കാത്തിരിക്കുകയായിരുന്നു അവർ എന്ന് തോന്നിപ്പോകുന്ന തരത്തിലുള്ള പോസ്റ്റുകൾ ആണ്. സാരമില്ല സഖാക്കളെ സാരമില്ല. 10 വർഷം മുമ്പ് 'ചിറകൊടിഞ്ഞ കിനാവുകളിൽ' വിറകുവെട്ടുകാരനായി അഭിനയിച്ചതിനാൽ നിങ്ങളെപ്പോലെ എനിക്ക് യാതൊരു വിഷമവുമില്ല. രവീന്ദ്രനും ടീമിനും ആശംസകൾ," ജോയ് മാത്യു കുറിച്ചു.

ജഗദീഷ്, പ്രേംകുമാർ, ജോയ് മാത്യു എന്നിവരെ നേരത്തെ അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. സർക്കാർ ആവശ്യപ്പെട്ടാൽ സ്ഥാനം ഏറ്റെടുക്കാൻ തയ്യാറാണെന്ന് ഒരു അഭിമുഖത്തിൽ ജോയ് മാത്യു പറയുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസമാണ്, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി നടനും രാജ്യാന്തര തലത്തിൽ ശ്രദ്ധേയനായ ഫിലിം ഫെസ്റ്റിവൽ ക്യൂറേറ്ററുമായ രവീന്ദ്രനെ സർക്കാർ നിയോഗിച്ചത്. പ്രശസ്ത നടിയും സാംസ്കാരിക പ്രവർത്തകയുമായ പ്രിയങ്ക നായരാണ് അക്കാദമിയുടെ വൈസ് ചെയർപേഴ്‌സണ്‍. നടൻ സലിം ഹസ്സന്‍, യുവ സംവിധായകൻ ജോഫിന്‍ ടി. ചാക്കോ എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാവും.

ദീപു കരുണാകരൻ, വൈക്കം വിജയലക്ഷ്മി, എം.വി. ഗിരീഷ് കുമാര്‍, സലിം ഹസ്സന്‍, ബി. രാകേഷ്, സജീവന്‍ അന്തിക്കാട്, ജോഫിന്‍ ടി. ചാക്കോ, സക്കരിയ, ആർ.എസ്. പണിക്കർ, ധർമ്മജൻ ബോൾഗാട്ടി, വാഴൂര്‍ ജോസ്, എ. കബീർ, സാബു ശങ്കര്‍, ഷെര്‍ഗ സന്ദീപ്, അബ്ദുൾ ഹനാൻ എന്നിവരെ ഉൾപ്പെടുത്തി ജനറല്‍ കൗണ്‍സിലും പുന:സംഘടിപ്പിച്ചു.

പതിനെട്ടാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്ര മേള ഉദ്ഘാടനം ചെയ്യവേ, ചലച്ചിത്ര അക്കാദമിക്ക് ഉടന്‍ ഭാരവാഹികള്‍ ഉണ്ടാകുമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞിരുന്നു. മേളയുടെ സമാപനത്തിന് മുൻപ് തന്നെ ചലച്ചിത്ര അക്കാദമിക്ക് പുതിയ ചെയർമാനും ഭാരവാഹികളുമെത്തുമെന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍. മണിക്കൂറുകള്‍ക്കിപ്പുറമാണ് ഉത്തരവ് പുറത്തുവന്നത്.

SCROLL FOR NEXT