ന്യൂഡൽഹി: രക്ഷാബന്ധൻ പരസ്യ ചിത്രത്തിലെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ കൃതിയുടെ പുതിയ സോഷ്യൽ മീഡിയ പോസ്റ്റ് വൈറൽ. രക്ഷാബന്ധൻ ആശംസകൾ നേരുന്ന പോസ്റ്റിൽ തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്ക് പരോക്ഷമായി മറുപടി നൽകിയിരിക്കുകയാണ് കൃതി.
"രാഖി ഫാഷൻ കമ്മിറ്റി ഇപ്പോഴും ചർച്ചയിലാണ്. ഞങ്ങൾ ശരിക്കും പ്രാധാന്യമുള്ള കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും. എല്ലാവർക്കും രാഖി ആശംസകൾ," അനിയത്തി നൂപുർ സനോണിന്റെ കൈ പിടിച്ചുകൊണ്ട്, പരസ്പരം രാഖി കെട്ടിയ ചിത്രം പങ്കുവച്ചുകൊണ്ട് കൃതി കുറിച്ചു.
പ്രമുഖ ജ്വല്ലറി ബ്രാൻഡായ 'ജിവ'യുടെ രക്ഷാബന്ധൻ പരസ്യമാണ് വിവാദമായത്. ഐവറി നിറത്തിലുള്ള ബ്രാലെറ്റ് സ്റ്റൈൽ ബ്ലൗസും കേപ്പും ഡ്രേപ്പ് ചെയ്ത സ്കേർട്ടും ധരിച്ചാണ് കൃതി പരസ്യത്തിൽ അഭിനയിച്ചത്. പരമ്പരാഗതമായ ഒരു ആഘോഷത്തെപ്പറ്റിയുള്ള പരസ്യത്തിന് ഇത്തരം വസ്ത്രധാരണം അനുയോജ്യമല്ലെന്ന തരത്തിലാണ് സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയർന്നത്. പരസ്യത്തിൽ, നടി വളർത്തുനായയ്‌ക്ക് രാഖി കെട്ടുന്നതും എതിർപ്പിനിടയാക്കി. നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്തായിരുന്നു വിമർശകരിൽ മുൻനിരയിൽ. ഇത്രയധികം വസ്ത്രങ്ങൾ ലഭ്യമായിരിക്കെ, എന്തിനാണ് നിങ്ങളുടെ സഹോദരന് ബിക്കിനി / അടിവസ്ത്രം ധരിച്ച് രാഖി കെട്ടുന്നത്?," എന്നാണ് ബിജെപി എംപി ഇൻസ്റ്റഗ്രാം കുറിപ്പിൽ ചോദിച്ചത്.
സ്ത്രീകൾ എന്ത് ധരിക്കണമെന്ന് പറയുന്നത് എപ്പോഴാണ് നമ്മൾ അവസാനിപ്പിക്കുകയെന്ന മറുചോദ്യത്തിലൂടെയായിരുന്നു കൃതിയുടെ മറുപടി. സംസ്കാരവും പാരമ്പര്യവും ഇരിക്കുന്നത് ഹൃദയത്തിലാണ്, അല്ലാതെ സ്ത്രീകളുടെ വസ്ത്രത്തിന്റെ നെക്ക് ലൈനിൽ അല്ലെന്നും നടി സോഷ്യൽ മീഡിയയിൽ കുറിച്ചു.
അതേസമയം, വിവാദങ്ങൾ രൂക്ഷമായതോടെ ജിവ തങ്ങളുടെ രക്ഷാബന്ധൻ പരസ്യം എല്ലാ മാധ്യമങ്ങളിൽ നിന്നും ഔദ്യോഗികമായി പിൻവലിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പുറത്തുവിട്ട പ്രസ്താവനയിലാണ് കമ്പനി തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.