കുനാൽ കോഹ്‌ലി, 'ധുരന്ധർ 2' സിനിമ 
ENTERTAINMENT

"ധുരന്ധർ തിങ്കളാഴ്ച കടക്കില്ലെന്നാണ് ഒരു പ്രമുഖ സംവിധായകൻ പറഞ്ഞത്"; വെളിപ്പെടുത്തി കുനാൽ കോഹ്‌ലി

'ധുരന്ധർ 2' വിജയിക്കില്ലെന്നാണ് പല സിനിമാക്കാരും വിശ്വസിച്ചിരുന്നതെന്ന് കുനാൽ കോഹ്‌ലി

Author : ന്യൂസ് ഡെസ്ക്

'ധുരന്ധർ: ദ റിവഞ്ച്' എന്ന ആദിത്യ ധർ ചിത്രത്തെ പ്രശംസിച്ച് ബോളിവുഡിലെ നിരവധി പ്രമുഖർ രംഗത്തെത്തിയിരുന്നു. നായകൻ രൺവീർ സിംഗിന്റെ പ്രകടനത്തിനും മികച്ച അഭിപ്രായമാണ് ലഭിച്ചത്. എന്നാൽ, ഈ ചിത്രം വിജയിക്കില്ലെന്നാണ് പല സിനിമാക്കാരും വിശ്വസിച്ചിരുന്നതെന്നാണ് സംവിധായകനും നിർമാതാവുമായ കുനാൽ കോഹ്‌ലി പറയുന്നത്.

"ഇൻഡസ്ട്രി പിന്തുണച്ചില്ലെങ്കിലും ചിലപ്പോൾ സിനിമ വിജയിക്കും. 'ധുരന്ധറി'നെ ആരും പിന്തുണച്ചില്ല. ഈ ചിത്രം തിങ്കളാഴ്ച കൊണ്ട് തീരും എന്നാണ് ഞാൻ സംസാരിച്ച ഒരു വലിയ സംവിധായകൻ പറഞ്ഞത്. പിന്നെയും പല തിങ്കളാഴ്ചകളും വന്നു," എന്നാണ് സ്ക്രീനിന് നൽകിയ അഭിമുഖത്തിൽ കുനാൽ കോഹ്‌ലി പറഞ്ഞത്. റെക്കോർഡ് കളക്ഷൻ നേടി മുന്നേറുന്ന ചിത്രത്തെ അഭിനന്ദിച്ചുകൊണ്ട് കുനാൽ കോഹ്‌ലി നേരത്തെ ഒരു പോസ്റ്റും പങ്കുവച്ചിരുന്നു.

" 'ബോർഡർ 2'വിനെയും ആരും പിന്തുണച്ചില്ല. രണ്ടാം ആഴ്ചയിൽ ചിത്രം അൽപ്പം മന്ദഗതിയിലായി എന്ന് ആളുകൾ പറഞ്ഞു. നിങ്ങൾ എന്താണ് ഈ പറയുന്നത്! അതൊരു ബ്ലോക്ക്ബസ്റ്ററാണ്. ചർച്ച അവിടെ അവസാനിച്ചു. ഇൻഡസ്ട്രി നിങ്ങളെ പിന്തുണയ്ക്കുന്നുണ്ടോ ഇല്ലയോ എന്നത് ഇവിടെ വിഷയമല്ല," കുനാൽ കൂട്ടിച്ചേർത്തു. 300 കോടിയിലധികം കളക്ഷനാണ് സണ്ണി ഡിയോൾ ചിത്രം 'ബോർഡർ 2' സ്വന്തമാക്കിയത്.

അതേസമയം, ജിയോ സ്റ്റുഡിയോസ് ബി62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമിച്ച 'ധുരന്ധർ 2' ആഗോള ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുകയാണ്. 1730.94 കോടിക്ക് മുകളിലാണ് ചിത്രം ആഗോളതലത്തിൽ ഇതിനോടകം സ്വന്തമാക്കിയത്. വെറും 10 ദിവസത്തിനുള്ളിലാണ് ആദ്യ ഭാഗത്തിന്റെ വിദേശ കളക്ഷൻ സിനിമ മറികടന്നത്. 1,117.75 കോടി രൂപയാണ് നെറ്റ് കളക്ഷൻ. 412 കോടിയാണ് സിനിമയുടെ വിദേശ ഗ്രോസ്.

രൺവീർ സിംഗിന് പുറമേ സഞ്ജയ് ദത്ത്, അർജുൻ രാംപാൽ, ആർ. മാധവൻ, സാറ അർജുൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. സംവിധായകന്‍ ആദിത്യ ധര്‍ തന്നെയാണ് സിനിമയുടെ തിരക്കഥ തയ്യാറാക്കിയത്. ജ്യോതി ദേശ്പാണ്ഡെയും ലോകേഷ് ധറും ആദിത്യ ധറും ചേര്‍ന്നാണ് ഈ മെഗാ മാസ് ആക്ഷന്‍ സ്‌പൈ ത്രില്ലര്‍ നിർമിച്ചിരിക്കുന്നത്.

SCROLL FOR NEXT