മല്ലിക സുകുമാരൻ 
ENTERTAINMENT

'അമ്മ' ഭരണസമിതി പിരിച്ചുവിടണം, വിവാദങ്ങളിൽ സൂപ്പർ സ്റ്റാറും മെഗാ സ്റ്റാറും ഇടപെടണം: മല്ലിക സുകുമാരൻ

നടി അൻസിബ ഹസനെ ടിനി ടോം അധിക്ഷേപിച്ചെങ്കിൽ തെളിവുകൾ പുറത്തുവിടട്ടെയെന്ന് മല്ലിക സുകുമാരൻ

Author : ന്യൂസ് ഡെസ്ക്

കൊച്ചി: താര സംഘടനയായ 'അമ്മ'യുടെ എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ട് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് മുതിർന്ന നടി മല്ലിക സുകുമാരൻ. ഇപ്പോഴത്തെ വിവാദങ്ങൾക്ക് പിന്നിൽ സംഘടനയിലെ ഗ്രൂപ്പിസമാണെന്ന് മല്ലിക അഭിപ്രായപ്പെട്ടു.

നടി അൻസിബ ഹസനെ ടിനി ടോം അധിക്ഷേപിച്ചെങ്കിൽ തെളിവുകൾ പുറത്തുവിടട്ടെയെന്ന് മല്ലിക സുകുമാരൻ പറഞ്ഞു. താര സംഘടനയായ 'അമ്മ'യുടെ ഓഫീസിൽ ശബ്ദം റെക്കോർഡ് ചെയ്യുന്ന സിസിടിവി ക്യാമറകളുണ്ടെന്നും ടിനി അധിക്ഷേപിച്ചെങ്കിൽ ഓഡിയോ പുറത്തുവിടട്ടെയെന്നുമാണ് മല്ലികയുടെ പ്രതികരണം.

'അമ്മ' തെരഞ്ഞെടുപ്പ് നടന്നപ്പോൾ അൻസിബക്ക് വേണ്ടി തന്നോട് സംസാരിച്ച ആളാണ് ടിനി ടോമെന്ന് മല്ലിക സുകുമാരൻ പറഞ്ഞു. ഇപ്പോഴത്തെ വിവാദങ്ങൾക്ക് പിന്നിൽ കുക്കു പരമേശ്വരൻ, നീന കുറുപ്പ് തുടങ്ങിയവരാണ്. വിഷയത്തിൽ ഇടപെടണം എന്നാണ് മെഗാ സ്റ്റാറിനോടും സൂപ്പർ സ്റ്റാറിനോടുമുള്ള അപേക്ഷയെന്നും മല്ലിക സുകുമാരൻ കൂട്ടിച്ചേർത്തു.

'അമ്മ' എക്സിക്യൂട്ടിവിൽ നിന്ന് താൻ രാജിവയ്ക്കാൻ കാരണം ടിനി ടോം ആണെന്നായിരുന്നു അൻസിബയുടെ വെളിപ്പെടുത്തൽ. ഗുരുതരമായ ആരോപണങ്ങളാണ് നടനെതിരെ അൻസിബ ഉന്നയിച്ചത്. താൻ ആരോട് സംസാരിച്ചാലും അവരെ ചേർത്ത് ടിനി ടോം അവിഹിതക്കഥകൾ സൃഷ്ടിക്കുമായിരുന്നുവെന്നും തന്നെ മത തീവ്രവാദിയാക്കാൻ നിരന്തര ശ്രമം നടത്തിയെന്നുമാണ് നടിയുടെ ആരോപണം.

അതേസമയം, 'അമ്മ'യുടെ കുടുംബ സംഗമത്തിന് സ്പോൺസർഷിപ്പ് വാങ്ങിയതിലും തർക്കം മൂർച്ഛിക്കുകയാണ്. സംഘടനയുടെ ബൈലോ അനുസരിച്ച് സ്പോൺസർഷിപ്പ് പുറത്തുള്ളവരിൽ നിന്ന് വാങ്ങാനാകില്ല. എന്നാൽ, കുടുംബ സംഗമം സംഘടിപ്പിച്ചത് ദല്ലാൾ നന്ദകുമാറിന്റെ സഹായത്തോടെയാണെന്ന് വ്യക്തമാക്കുന്ന നിർണായക വിവരങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നു. ഇതോടെയാണ് സംഘടനയ്ക്കുള്ളിൽ ആരോപണ - പ്രത്യാരോപണങ്ങൾ ഉയർന്നത്. സ്‌പോൺസർഷിപ്പ് വാങ്ങാൻ നിർബന്ധിച്ചത് ശ്വേതയാണെന്നാണ് ജനറൽ സെക്രട്ടറി കുക്കു പരമേശ്വരന്റെ വാദം. ആരോപണങ്ങൾ കടുത്തതോടെ എക്‌സിക്യൂട്ടിവ് അംഗങ്ങൾ മാധ്യമങ്ങളോട് സംസാരിക്കരുതെന്നാണ് പ്രസിഡന്റ് ശ്വേതാ മേനോൻ നൽകിയിരിക്കുന്ന നിർദേശം.

SCROLL FOR NEXT