മായ വിശ്വനാഥ്, ഗണേഷ് കുമാർ 
ENTERTAINMENT

ഗണേഷ് കുമാറിനെ അന്ന് വെറുത്തുപോയതാണ്, എന്റെ സഹോദരിയുടെ മക്കളുമായി ചേർത്ത് മോശമായി സംസാരിച്ചു: മായ വിശ്വനാഥ്

ശ്വേത മേനോനും അൻസിബയും തമ്മിലുള്ള പ്രശ്നങ്ങൾ ആരംഭിക്കുന്നത് 'അമ്മ'യിലെ തർക്കങ്ങള്‍ക്കും മുന്‍പാണെന്ന് മായ വിശ്വനാഥ്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: പ്രശസ്ത ചലച്ചിത്ര താരവും മുൻ മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാർ തന്നെപ്പറ്റി മോശമായി സംസാരിച്ചുവെന്ന് നടി മായ വിശ്വനാഥ്. തന്റെ സഹോദരിയുടെ മക്കളെ ചേർത്ത് ഗണേഷ് കുമാർ മോശമായി സംസാരിച്ചുവെന്നാണ് മായ ആരോപിക്കുന്നത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തൽ.

മായാ വിശ്വനാഥിന്റെ വാക്കുകൾ: കെ.ബി ഗണേഷ് കുമാർ 'അമ്മ' അഡ് ഹോക് കമ്മിറ്റിയിലേക്ക് വന്നതിനോട് എനിക്ക് താൽപ്പര്യമില്ല. നേതാവെന്ന നിലയിൽ പരാജയമാണെന്ന് തെരഞ്ഞെടുപ്പിൽ തോറ്റപ്പോൾ തന്നെ മനസിലായി. വ്യക്തി എന്ന നിലയിലും അദ്ദേഹം പരാജയമാണ്. അതെന്റെ വ്യക്തിപരമായ അഭിപ്രായമാണ്. എന്നെ അത്രയ്ക്ക് മുറിവേൽപ്പിച്ച ആളാണ്. എന്റെ സഹോദരിയുടെ രണ്ട് ആൺമക്കളെ ചേർത്ത് സംസാരിച്ച വ്യക്തിയാണ്. എന്റെ സിസ്റ്ററുടെ മകൻ എന്ന് പറയുന്നത് എന്റെ മകൻ തന്നെയാണ്. ചേച്ചി പ്രസവിച്ച ശേഷം അവനെ കയ്യിൽ വാങ്ങിയത് ഞാൻ ആണ്. ചേച്ചിയുടെ മോന്റെ കല്യാണത്തിന് അവരുടെ ഇടുപ്പിൽ കയ്യിട്ടു എന്നാണ് പറയുന്നത്. എന്റെ ചേച്ചിയുടെ മക്കളുടെ ഇടുപ്പിലല്ലാതെ നാട്ടുകാരുടെ പയ്യന്മാരുടെ ഇടുപ്പിൽ കയ്യിടാൻ പറ്റുമോ? ഇത് പറയാൻ അയാളാരാണ്. ഞാൻ ഇത് അയാളോട് ചോദിച്ചു. ഇല്ലെങ്കിൽ അത് അയാൾ പറയട്ടെ. ഒരു സുഹൃത്ത് പറഞ്ഞുവെന്നാണ് പറഞ്ഞത്. അന്ന് ഞാൻ ആലോചിച്ചു; ഇയാൾ ഇനി ജയിക്കില്ല. അയാളെ ഞാൻ അവിടെ വെറുത്തുപോയതാണ്. കാലടി ഓമന ആന്റിക്കും ജീജ സുരേന്ദ്രനും ഒക്കെ ഇതറിയാം. പലർക്കും അറിയാം. അയാളുടെ ഇലക്ഷൻ വർക്കിനും ഞാൻ വരില്ലെന്ന് പറഞ്ഞു.

ശ്വേത മേനോനും അൻസിബയും തമ്മിലുള്ള പ്രശ്നങ്ങൾ ആരംഭിക്കുന്നത് 'അമ്മ'യിലെ തർക്കങ്ങള്‍ക്കും മുന്‍പാണെന്നും മായ വിശ്വനാഥ് വെളിപ്പെടുത്തി. "ജനത്തിന് ഒന്നും അറിയാത്ത ഒരു കഥ. ബിഗ് ബോസില്‍ അന്‍സിബ പോയത് എല്ലാവര്‍ക്കും അറിയാമല്ലോ. അവിടെ ശ്വേത ചേച്ചിയും പോയിരുന്നു. അവിടം തൊട്ടാണ് ശ്വേതയ്ക്ക് അന്‍സിബയോട് പക തുടങ്ങിയത്.

കാരണം, ലാലേട്ടന്‍ വന്നപ്പോള്‍ അന്‍സിബ കാല്‍ തൊട്ട് തൊഴുതു. തൊട്ടടുത്ത് നിന്ന ശ്വേതയുടെ കാല്‍ തൊട്ടില്ല. ലാലേട്ടന്‍ എവിടെ നില്‍ക്കുന്നു, ശ്വേതച്ചേച്ചി എവിടെ നില്‍ക്കുന്നു എന്ന് ആലോചിക്കണ്ടേ. ലാലേട്ടന്റെ അടുത്ത് പൊന്നമ്മ അമ്മയോ ലളിതാമ്മയോ ആണെങ്കില്‍ അന്‍സിബ ഉറപ്പായും കാല്‍ തൊട്ട് തൊഴുമായിരുന്നു. ശ്വേതയുടെ കാല്‍ തൊട്ട് തൊഴേണ്ട ആവശ്യം എന്താണ്. പിടിച്ചുവാങ്ങുന്ന ബഹുമാനം ആണോ നമുക്ക് വേണ്ടത്. അവിടം തൊട്ട് അന്‍സിബയോട് പക മൂത്ത പാമ്പായിരുന്നു ശ്വേത. മൂര്‍ഖനോ അണലിക്കോ പോലും ഇത്ര പക കാണില്ല," മായാ വിശ്വനാഥ് പറഞ്ഞു.

SCROLL FOR NEXT