ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യുന്ന മഹാഭാരതത്തിൻ്റെ ഐഐ പതിപ്പായ മഹാഭാരതം - ഏക് ധർമ്മയുദ്ധാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രോളുകൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. പൂർണമായും എഐ സഹായത്തോടെ നിർമിച്ച സീരീസ് തുടക്കത്തിലേ ധാരാളം വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. സിനിമാ രംഗത്തേക്കുള്ള എഐയുടെ കടന്നുവരവ് സാധാരണവൽക്കരിക്കുന്നതിനെതിരെ പല ഭാഗത്തു നിന്നും വിമർശനങ്ങൾ ഉയർന്നു വന്നിട്ടും പുറത്തിറക്കിയ ചിത്രത്തിലെ മണ്ടത്തരങ്ങളാണ് ഇപ്പോൾ ട്രോളിനു കാരണമായിരിക്കുന്നത്. പുരാണ ചിത്രമായ മഹാഭാരതത്തിലെ മോഡേൺ ബെഡ്സൈഡ് ടേബിളാണ് വിമർശകരുടെ കണ്ണിലുടക്കിയിരിക്കുന്നത്.
ചിത്രത്തിലെ ഒരു രംഗത്തിൽ മുറിയിൽ ഗംഗാദേവി ഒരു കൊച്ചുകുട്ടിയുമായി ഇരിക്കുന്ന സീനിലാണ് അലങ്കരിച്ച കിടക്കയുടെ സൈഡിലായി ആധുനിക രീതിയിലുള്ള മേശ കാണുന്നത്. ഇതിൻ്റെ സ്ക്രീൻ ഷോട്ട് അടക്കം പങ്കുവെച്ചാണ് പടത്തിനെതിരെ ട്രോളുകൾ ഉയരുന്നത്. കുറച്ചു നിമിഷങ്ങൾ മാത്രം ഉള്ള സീനാണെങ്കിലും അത് കണ്ടുപിടിച്ചവരെയും ഇൻ്റർനെറ്റ് ലോകം അഭിനന്ദിക്കുന്നുണ്ട്.
ഈ സ്ക്രീൻ ഷോട്ട് പങ്കുവെച്ചതോടെ നിരവധി ആളുകളാണ് കമൻ്റ് ബോക്സിൽ ട്രോളുമായി എത്തിയത്. ഒരാൾ കുറിച്ചത് ഒരു വയർലെസ് ചാർജറിൻ്റെ കുറവുണ്ടെന്നാണ്. പലരും എങ്ങിനെയാണ് ഷോ അത്രയും നേരം കണ്ടിരുന്നതെന്ന സംശയവും പങ്കുവെച്ചു. മറ്റൊരു രംഗത്തിൽ സ്യൂട്ട് ധരിച്ച ഒരാളുടെ ചിത്രം ഭിത്തിയിൽ കാണുന്നുണ്ടെന്നായിരുന്നു വേറൊരാൾ കുറിച്ചത്.
മഹാഭാരതം – ഏക് ധർമ്മയുദ്ധ് എഐ വേർഷൻ എല്ലാ വെള്ളിയാഴ്ചയും ജിയോഹോട്ട്സ്റ്റാറിൽ പുതിയ എപ്പിസോഡുകളായാണ് റിലീസ് ചെയ്യുന്നത്. “നമ്മിൽ പലർക്കും മഹാഭാരതം വെറുമൊരു കഥയല്ല, നമ്മുടെ മാതാപിതാക്കളിൽ നിന്നും മുത്തശിമാരിൽ നിന്നും കേട്ട് വളർന്ന കഥകളാണ്, നമ്മുടെ ഭാവനയെയും മൂല്യങ്ങളെയും രൂപപ്പെടുത്തിയ കഥകളാണ്. ആധുനിക എഐI സാങ്കേതികവിദ്യയുടെ സഹായത്തോടെ കാലാതീതമായ കഥകൾ തികച്ചും പുതിയ രീതിയിൽ നമുക്ക് അനുഭവിക്കാൻ കഴിയും” എന്നായിരുന്നു ഇതിൻ്റെ ട്രെയിലർ ലോഞ്ചിൽ കളക്ടീവ് ആർട്ടിസ്റ്റ് നെറ്റ്‌വർക്കിൻ്റെ സ്ഥാപകനും ഗ്രൂപ്പ് സിഇഒയുമായ വിജയ് സുബ്രഹ്മണ്യം അഭിപ്രായപ്പെട്ടത്.