അഖിൽ ലൈലാസുരൻ, സവിൻ സാ, മോഹൻലാൽ 
ENTERTAINMENT

"വാഴ 2വിന്റെ വിജയത്തിൽ സന്തോഷം"; സംവിധായകൻ സവിൻ സാ‌യ്ക്കും ഡിഒപി അഖിൽ ലൈലാസുരനും ഒരു സർപ്രൈസ്! വിഷു ആശംസകൾ നേർന്ന് മോഹൻലാൽ

'വാഴ 2' ടീമിനും എല്ലാ മലയാളികൾക്കും മോഹൻലാൽ വിഷു ആശംസകൾ നേർന്നു

Author : ന്യൂസ് ഡെസ്ക്

കൊച്ചി: പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ 'വാഴ 2' ആഗോള തലത്തിൽ ഗംഭീര കളക്ഷൻ സ്വന്തമാക്കി മുന്നേറുകയാണ്. സിനിമയിലെ അഭിനേതാക്കളേയും അണിയറ പ്രവർത്തകരേയും പ്രശംസ കൊണ്ട് മൂടുകയാണ് പ്രേക്ഷകരും സിനിമാലോകവും. ഇതിനിടെ മറ്റൊരു വലിയ സന്തോഷവും 'വാഴ' ടീമിന് ലഭിച്ചു. വിഷു ദിനത്തിൽ ന്യൂസ് മലയാളം 24x7 'ഹലോ മലയാളം' മോണിങ് ഷോയിൽ അതിഥികളായി എത്തിയ 'വാഴ 2' സംവിധായകൻ സവിൻ സായ്‌ക്കും ഛായാഗ്രഹകൻ അഖിൽ ലൈലാസുരനും ഒരു സർപ്രൈസ് കൈനീട്ടം ലഭിച്ചു. ഒരു കോൾ, ഒരു ആശംസ! മറ്റാരുടേതുമല്ല, മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ വിഷു ആശംസ.

'വാഴ 2' ടീമിനും എല്ലാ മലയാളികൾക്കും മോഹൻലാൽ വിഷു ആശംസകൾ നേർന്നു. "വാഴ വിജയകരമായി മുന്നോട്ടു പോകുന്നതിൽ സന്തോഷം," എന്നും നടൻ അറിയിച്ചു.

'വാഴ 2' സംവിധായകന്റെ റോളിലേക്ക് എത്തിയത് എങ്ങനെ എന്ന് സവിൻ സാ ന്യൂസ് മലയാളം പ്രേക്ഷകരോട് വിശദീകരിച്ചു. "ഞാൻ വിപിൻ ചേട്ടന്റെ അസോസിയേറ്റ് ആയിരുന്നു. 'വാഴ'യിലും പ്രവർത്തിച്ചിരുന്നു. അതിന്റെ ഡബ്ബ് നടുക്കുന്ന സമയത്താണ് 'വാഴ 2' പ്ലാൻ വരുന്നത്. 'നീ ഡയറക്ട് ചെയ്യില്ലേ' എന്ന് ചോദിച്ചു. അങ്ങനെയാണ് സംവിധാനത്തിലേക്ക് എത്തിയത്. 'വാഴ 3'യുടെ സംവിധായകൻ ഈ സിനിമയിൽ അസോസിയേറ്റ് ആയിരുന്നു. എന്റെ അടുത്ത സുഹൃത്തുമാണ്. അതിൽ ഒരുപാട് സന്തോഷവുമുണ്ട്," സവിൻ സാ പറഞ്ഞു. സിനിമ ഇത്ര വലിയ ഒരു വിജയമാകുമെന്ന് വിചാരിച്ചില്ലെന്നും സവിൻ സാ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമാണ്, 'വാഴ' ഫ്രാഞ്ചൈസിയിലെ മൂന്നാം ചിത്രം പ്രഖ്യാപിച്ചത്. പെൺകുട്ടികളുടെ കഥയുമായാണ് പുതിയ സിനിമ എത്തുന്നത്. നവാഗതനായ വിശ്വൻ ശ്രീജിത്ത് ആണ് സംവിധാനം. അടുത്ത വർഷത്തോടെ ചിത്രീകരണം ആരംഭിക്കും.

വിപിൻ ദാസ് ആണ് സിനിമയുടെ തിരക്കഥ തയ്യാറാക്കുന്നത്. വിപിന്‍ ദാസിനൊപ്പം ഹാരിസ് ദേശം, പി.ബി. അനീഷ്, സാഹു ഗരപതി, ആദര്‍‌ശ് നാരായണ്‍, ഐക്കണ്‍ സ്റ്റുഡിയോസ് എന്നിവര്‍‌ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍‌മാണം. അങ്കിത് മേനോൻ ആണ് മ്യൂസിക് സൂപ്പർവിഷൻ.

SCROLL FOR NEXT