MOVIES

72ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇന്ന് ഗുജറാത്തിൽ; നാലാം പുരസ്കാരം ഏറ്റുവാങ്ങാൻ മമ്മൂട്ടി

വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു പുരസ്‌കാരങ്ങള്‍ സമ്മാനിക്കും

Author : ന്യൂസ് ഡെസ്ക്

72ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണച്ചടങ്ങ് ഇന്ന് നടക്കും. ഗുജറാത്തിലെ ഏകതാ നഗറിലാണ് (കേവാഡിയ) ചടങ്ങ് നടക്കുന്നത്. വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

അഞ്ച് പതിറ്റാണ്ട് കാലം സിനിമാ മേഖലയ്ക്ക് നൽകിയ സംഭാവനകൾക്ക് കന്നഡ നടന്‍ അനന്ത് നാഗിന് 2024ലെ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരവും ചടങ്ങില്‍ സമ്മാനിക്കും. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കും.

രാഷ്ട്രപതിയിൽ നിന്ന് മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടിയും കാര്‍ത്തിക് ആര്യനും ഏറ്റുവാങ്ങും. 'ഭ്രമയുഗം' എന്ന സിനിമയിലെ പ്രകടനമാണ് നാലാം ദേശീയ പുരസ്കാരത്തിന് മമ്മൂട്ടിയെ അർഹനാക്കിയത്. 'ചന്തു ചാംപ്യനി'ലൂടെയാണ് കാർത്തിക് ആര്യൻ പുരസ്കാരം സ്വന്തമാക്കിയത്.

'ഭ്രമയുഗ'ത്തിന്റെ ഛായാഗ്രഹണത്തിന് ഷെഹ്നാദ് ജലാലിനും പുരസ്‌കാരം ലഭിക്കും. വൈക്കം വിജയലക്ഷ്മിയാണ് മികച്ച ഗായിക. 'അജയന്റെ രണ്ടാം മോഷണം' എന്ന ചിത്രത്തിലെ ‘അങ്ങു വാന കോണില്’ എന്ന ഗാനത്തിലൂടെയാണ് പുരസ്കാരനേട്ടം. മികച്ച മലയാള സിനിമയായി തിരഞ്ഞെടുക്കപ്പെട്ട ‘ഫെമിനിച്ചി ഫാത്തിമ’യുടെ അണിയറ പ്രവർത്തകരും രാഷ്ട്രപതിയിൽ നിന്ന് പുരസ്കാരം സ്വീകരിക്കും.

'ആർട്ടിക്കിൾ 370' ആണ് മികച്ച ഫീച്ചർ സിനിമ. 'അമരൻ' ഒരുക്കിയ രാജ്കുമാർ പെരിയസാമിയാണ് മികച്ച സംവിധായകൻ.'സ്വാതന്ത്ര്യ വീർ സവർക്കർ' സംവിധാനം ചെയ്ത രൺദീപ് ഹൂഡയാണ് മികച്ച നവാഗത സംവിധായകൻ. 'ഭംഗാർ', 'രാം നാമി' എന്നിവയാണ് യഥാക്രമം മികച്ച നോൺ-ഫീച്ചർ സിനിമയും മികച്ച ഡോക്യുമെന്ററിയും. വിനോദമൂല്യവുമുള്ള മികച്ച ജനപ്രിയ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട 'കൽക്കി 2898 എ.ഡി'യുടെ അണിയറപ്രവർത്തകരും പുരസ്കാരം ഏറ്റുവാങ്ങും.

2026 ജൂലൈ 18നാണ് ദേശീയ ചലച്ചിത്ര പുരസ്കാര വിജയികളെ പ്രഖ്യാപിച്ചത്. മലയാളി സംവിധായകൻ ജയരാജ് അധ്യക്ഷനായ ജൂറിയാണ് ഫീച്ചർ വിഭാഗത്തിലെ വിജയികളെ തിരഞ്ഞെടുത്തത്. നോൺ-ഫീച്ചർ ഫിലിം ജൂറിയുടെ അധ്യക്ഷത വഹിച്ചത് അസീം സിൻഹയാണ്. എ.ചന്ദ്രശേഖറാണ് സിനിമയെക്കുറിച്ചുള്ള മികച്ച രചനയ്ക്കുള്ള ജൂറിയുടെ അധ്യക്ഷത വഹിച്ചത്. 2024ൽ സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ച ഇന്ത്യൻ സിനിമകളെയാണ് പുരസ്കാരങ്ങൾക്കായി പരിഗണിച്ചത്.

SCROLL FOR NEXT