സിനിമയില്‍ വേറിട്ട കഥാപാത്രങ്ങള്‍ കൊണ്ട് മലയാളികളെ ഞെട്ടിച്ച അഭിനേതാവാണ് ഇന്ദ്രന്‍സ്. കോസ്റ്റിയൂം ഡിസൈനറായി സിനിമയിലെത്തുകയും പിന്നീട് അഭിനേതാവുകയും ചെയ്ത ഇന്ദ്രന്‍സ് ഒരു കാലത്ത് കോമഡി കഥാപാത്രങ്ങളായിരുന്നു ഏറെയും ചെയ്തിരുന്നതെങ്കിലും ഇന്ന് നിരവധി ഗൗരവമേറിയ കഥാപാത്രങ്ങളും ചെയ്യുന്നുണ്ട്.
തമിഴില്‍ സൂര്യക്കൊപ്പം ആര്‍. ജി. ബാലാജി സംവിധാനം ചെയ്യുന്ന കറുപ്പില്‍ പ്രധാന വേഷം ചെയ്തിരിക്കുകയാണ് ഇന്ദ്രന്‍സ്. ഇന്ദ്രന്‍സിന്റെ തമിഴിലെ അരങ്ങേറ്റ ചിത്രമാണ് കറുപ്പ്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ വച്ച് ഇന്ദ്രന്‍സിനെക്കുറിച്ച് സൂര്യ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
ഇന്ദ്രന്‍സിന്റെ അഭിനയത്തെ പുകഴ്ത്തിക്കൊണ്ടായിരുന്നു സൂര്യ സംസാരിച്ചത്. സിനിമയില്‍ ഒരു കാലത്ത് അദ്ദേഹത്തിന് ലഭിച്ച കഥാപാത്രങ്ങളെല്ലാം തന്നെ അദ്ദേഹത്തെ ബോഡിഷെയിം ചെയ്യുന്ന തരത്തിലായിരുന്നുവെന്നും ഇന്ന് നാഷണല്‍ അവാര്‍ഡ് വരെ വാങ്ങിയ നടനായി ഇന്ദ്രന്‍സ് എന്നും സൂര്യ പറയുന്നു. മനുഷ്യരുടെ സ്വപ്‌നങ്ങള്‍ക്ക് പരിധിയില്ലെന്നും ആഗ്രഹിച്ചു കഴിഞ്ഞാല്‍ അത് നടക്കുമെന്നും സൂര്യ പറഞ്ഞു. ഇന്ദ്രന്‍സിന്റെ അഭിനയത്തെ ഏറെ അത്ഭുതത്തോടെയാണ് നോക്കി കാണാറുള്ളതെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു.
സൂര്യയുടെ വാക്കുകള്‍
ഇന്ദ്രന്‍സ് സാറിന് ഞാന്‍ നന്ദി പറയണം. ഞാന്‍ ദേശീയ പുരസ്‌കാരം വാങ്ങുന്ന സമയത്ത് അദ്ദേഹവും ദേശീയ പുരസ്‌കാരം വാങ്ങിയിരുന്നു. അദ്ദേഹത്തിന്റെ അഭിനയം കാണുമ്പോള്‍ എനിക്ക് അത്ഭുതമായിരുന്നു. കുറേ നാള്‍ സിനിമയില്‍ അദ്ദേഹത്തെ ബോഡി ഷെയിമിങ് ചെയ്യുകയായിരുന്നു. ഇന്ദ്രന്‍സ് ആക്ടിങ്ങ്, എന്നോ ഇന്ദ്രന്‍സ് സിനിമ എന്നോ യൂട്യൂബില്‍ തിരഞ്ഞാല്‍ തന്നെ കാണാം. ഓരോ സിനിമയിലും വ്യത്യസ്തമായിട്ടാണ് അദ്ദേഹം കഥാപാത്രങ്ങള്‍ ചെയ്തിട്ടുള്ളത്. ആളെ കണ്ടാല്‍ അങ്ങനെ തോന്നുകയേ ഇല്ല. അദ്ദേഹത്തിന്റെ സ്വപ്‌നം. അതിനെക്കുറിച്ച് ഇവിടെ പറയേണ്ടതായിട്ടുണ്ട്.
സിനിമയില്‍ തയ്യല്‍ക്കാരനായും വസ്ത്രാലങ്കാരവും ചെയ്തിരുന്ന അദ്ദേഹം ചെറിയ ചെറിയ കഥാപാത്രങ്ങളിലൂടെ വന്ന് ഇപ്പോള്‍ ദേശീയ പുരസ്‌കാരം വരെ വാങ്ങുന്ന ഹീറോ ആയിരിക്കുന്നു. നാലാം ക്ലാസ് വരെയായിരുന്നു പഠിച്ചത്. ഇപ്പോള്‍ ഏഴാംക്ലാസ് പരീക്ഷ എഴുതിയിരിക്കുന്നു. സ്വപ്‌നങ്ങള്‍ക്ക് പരിധിയില്ല. ഒരു ആഗ്രഹം ഉണ്ടെങ്കില്‍ അത് ഉറപ്പായും നടക്കുക തന്നെ ചെയ്യും. അദ്ദേഹത്തെ ഇപ്പോഴും കാണുമ്പോള്‍ അത്ഭുതത്തോടെയാണ് കാണുന്നത്.