കൊച്ചി: വെങ്കട്ട് പ്രഭു രചിച്ച് സംവിധാനം ചെയ്ത, തമിഴ് സിനിമയിലെ തന്നെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്റർ ആക്ഷൻ ത്രില്ലറുകളിൽ ഒന്നാണ് 'മങ്കാത്ത'. അജിത് കുമാറിന്റെ കരിയറിലെ 50ാമത്തെ ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. 14 വർഷത്തിന് ശേഷം ജനുവരി 23ന് ചിത്രം വീണ്ടും തിയേറ്ററുകളിലേക്ക് എത്തും. സിനിമയുടെ റീ റിലീസ് അനൗൺസ് ചെയ്ത അന്ന് മുതൽ ആവേശത്തോടെ കാത്തിരിക്കുകയാണ് തല ആരാധകർ.
മികച്ച അഡ്വാൻസ് ബുക്കിങ് ആണ് 'മങ്കാത്ത'യ്ക്ക് ലഭിക്കുന്നത്. ചെന്നൈയിലെ രോഹിണി സിൽവർ സ്ക്രീൻസിൽ മാത്രം റിലീസിന് മുൻപേ 20,000ത്തിലധികം ടിക്കറ്റുകൾ ആണ് വിറ്റഴിഞ്ഞത്. ബുക്ക് മൈ ഷോയിലെ ട്രെൻഡുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 20,000 മുതൽ 23,000 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് പല പുത്തൻ സിനിമകളുടേയും ബുക്കിങ്ങിനേക്കാൾ കൂടുതലാണ്.
അനൗദ്യോഗിക കണക്കനുസരിച്ച്, ആകെ ടിക്കറ്റ് വിൽപ്പന 90,000ത്തോട് അടുക്കുകയാണ്. പ്രീ-സെയിൽസിലൂടെ മാത്രം ഒരു കോടി രൂപ ചിത്രം നേടിക്കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്. ആഘോഷത്തോടെ ചിത്രത്തെ വരവേൽക്കാനാണ് അജിത് കുമാർ ആരാധകർ പദ്ധതിയിടുന്നത്. വിജയ്‌യുടെ 'തെരി' എന്ന ചിത്രത്തിന്റെ റീ റിലീസിനൊപ്പമാണ് 'മങ്കാത്ത'യും തിയേറ്ററുകളിൽ എത്തുന്നത്.
തമിഴ് സിനിമയിലെ റീ റിലീസുകളുടെ കണക്കെടുത്താൽ, ബുക്ക് മൈ ഷോയിൽ ഒരു മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിക്കപ്പെട്ട ചിത്രങ്ങളിൽ അജിത് കുമാറിന്റെ 'മങ്കാത്ത' രണ്ടാം സ്ഥാനത്താണ്. റിപ്പോർട്ടുകൾ പ്രകാരം, വെറും ഒരു മണിക്കൂറിനുള്ളിൽ 4.31K ടിക്കറ്റുകളാണ് വിറ്റുപോയത്. ഇതോടെ ദളപതി വിജയ്‍യുടെ 'ഗില്ലി' സൃഷ്ടിച്ച റെക്കോർഡിനെ (മണിക്കൂറിൽ 4.25K ടിക്കറ്റുകൾ) 'മങ്കാത്ത' മറികടന്നു. നിലവിൽ ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് രജനികാന്തിന്റെ 'പടയപ്പ' ആണ് (മണിക്കൂറിൽ 4.88K ടിക്കറ്റുകൾ).
2011 ഓഗസ്റ്റ് 31ന് ആണ് 'മങ്കാത്ത' റിലീസ് ആയത്. അന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് ചിത്രങ്ങളിൽ ഒന്നായി മാറിയ ചിത്രത്തിന് ഇന്നും കൾട്ട് സ്റ്റാറ്റസാണ് ഉള്ളത്. വിനായക് മഹാദേവ് നെഗറ്റീവ് ഷേഡുള്ള കഥാപാത്രമായാണ് ചിത്രത്തിൽ അജിത് എത്തിയത്. ഇത് ആരാധകർക്ക് വലിയ സർപ്രൈസായിരുന്നു. അർജുൻ സർജ, തൃഷ കൃഷ്മൻ, റായ് ലക്ഷ്മി, പ്രേംജി അമരൻ, വൈഭവ് റെഡ്ഡി, മഹത് രാഘവേന്ദ്ര, അഞ്ജലി, ആൻഡ്രിയ എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയത്.