'സീൻ' സിനിമയുടെ ലൊക്കേഷനിൽ ചേതൻ ഡിസൂസയും നസ്രിയയും Source: Instagram / chethandsouza
MOVIES

"എക്സ്പ്രഷൻ ക്വീനിൽ നിന്ന് ആക്ഷൻ ക്വീനിലേക്ക്’; നസ്രിയയെ പ്രശംസിച്ച് 'സീൻ' ആക്ഷൻ കൊറിയോഗ്രാഫർ

12 വർഷങ്ങൾക്ക് ശേഷം നസ്രിയ അഭിനയിച്ച തമിഴ് ചിത്രമാണ് 'സീൻ'

Author : ന്യൂസ് ഡെസ്ക്

തമിഴ് ചിത്രം ‘സീനി’ൽ ആക്ഷൻ സീക്വൻസുകളിൽ ഗംഭീര പ്രകടനം കാഴ്ചവച്ച നസ്രിയ നസീമിനെ പ്രശംസിച്ച് ചിത്രത്തിന്റെ സ്റ്റണ്ട് കൊറിയോഗ്രാഫർ ചേതൻ ഡിസൂസ. ‘എക്സ്പ്രഷൻ ക്വീനിൽ നിന്ന് ആക്ഷൻ ക്വീനിലേക്ക്’ എന്ന കുറിപ്പോടെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവച്ച ചേതൻ, ‘പരാതികളില്ല, ഒഴിവുകഴിവുകളില്ല, പൂർണമായ അർപ്പണബോധവും പരിശ്രമവും മാത്രം. നസ്രിയ എന്റെ ജോലി ഏറെ എളുപ്പമാക്കി’ എന്നും കുറിച്ചു.

ചേതൻ ഡിസൂസയുടെ വാക്കുകൾ: 'എക്സ്പ്രഷൻ ക്വീനിൽ' നിന്ന് 'ആക്ഷൻ ക്വീനിലേക്ക്'! നസ്രിയയ്‌ക്കൊപ്പം പ്രവർത്തിക്കുക എന്നത് വളരെ സന്തോഷം നൽകുന്ന കാര്യമാണ്! ഓരോ ആക്ഷൻ മൂവും പഠിച്ചെടുക്കാനും അതിൽ തന്റെ നൂറു ശതമാനം നൽകാനുമുള്ള അവരുടെ മനസാണ് എന്നെ ഏറെ ആകർഷിച്ചത്. യാതൊരു പരാതികളും തടസങ്ങളും പറയാതെ, പൂർണമായ അർപ്പണബോധത്തോടെയും അധ്വാനത്തോടെയും അവർ പ്രവർത്തിച്ചു. അത് എന്റെ ജോലി വളരെ എളുപ്പമാക്കി! ആക്ഷൻ ലോകത്തേക്കുള്ള നിങ്ങളുടെ യാത്ര ഇവിടെ ആരംഭിക്കുകയാണ്!നിങ്ങളെക്കുറിച്ച് ഓർത്ത് ഏറെ അഭിമാനം തോന്നുന്നു, നസ്!

12 വർഷങ്ങൾക്ക് ശേഷം നസ്രിയ അഭിനയിച്ച തമിഴ് ചിത്രമാണ് 'സീൻ'. മലയാളി സംവിധായകൻ ജിത്തു മാധവൻ ഒരുക്കിയ ആദ്യ തമിഴ് ചിത്രത്തിന് മികച്ച പ്രതികരണമാണ് കേരളത്തിലും തമിഴ്നാട്ടിലും ലഭിക്കുന്നത്. നവംബർ ആറിന് റിലീസ് ചെയ്ത ചിത്രം ഇതിനോടകം ആഗോള തലത്തിൽ 174.40 കോടി രൂപ ഗ്രോസ് കളക്ഷൻ സ്വന്തമാക്കി കഴിഞ്ഞു. കോമഡി, റൊമാൻസ്, ആക്ഷൻ, ത്രിൽ എന്നിവ കോർത്തിണക്കി ഒരു പക്ക ഫാമിലി എന്റർടെയ്‌നർ ആയാണ് ജിത്തു മാധവൻ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. നസ്‍‌ലനാണ് ചിത്രത്തിലെ വില്ലൻ വേഷം അവതരിപ്പിക്കുന്നത്. നടനേയും കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്.

ഡിഎസ്പി ഇമ്പരാജ് എന്ന പൊലീസ് ഓഫീസറായാണ് സൂര്യ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. താരത്തിന്റെ സ്റ്റൈലിഷ് ലുക്കും മാസ് ആക്ഷൻ രംഗങ്ങളും നർമം നിറഞ്ഞ മുഹൂർത്തങ്ങളും സസ്പെൻസ് നിറഞ്ഞ രംഗങ്ങളും ചിത്രത്തിൻ്റെ ഹൈലൈറ്റ് ആണ്. ത്രില്ലും കോമഡിയും കോർത്തിണക്കി മുന്നേറുന്ന ചിത്രത്തിന്റെ അവതരണശൈലി വലിയ കയ്യടിയാണ് നേടുന്നത്.ഛായാഗ്രഹണം: വിനീത് അഗസ്റ്റ്യൻ, സംഗീതം: സുഷിൻ ശ്യാം, എഡിറ്റർ: അജ്മൽ സാബു, ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷൻ ഡിസൈനർ: അശ്വിനി കാലെ, ആക്ഷൻ ഡയറക്ടർ: ചേതൻ ഡി'സൂസ, ആർട്ട് ഡയറക്ടർ: എ. രാജേഷ്, കോസ്റ്റ്യൂം ഡിസൈനർ: മഷാർ ഹംസ.

SCROLL FOR NEXT