ഷാജി എന്‍ കരുണ്‍ Source: News Malayalam 24x7
MOVIES

ദൃശ്യങ്ങളിലൂടെ സംസാരിച്ച സിനിമാക്കാരന്‍; ഷാജി എന്‍ കരുണ്‍ എന്ന സംവിധായകന്റെ പിറവി

ആദ്യ സിനിമയ്ക്കായി ഷാജി തെരഞ്ഞെടുത്ത പ്രമേയം അടിയന്തരാവസ്ഥയും രാജന്റെ കൊലപാതകവുമാണ്

Author : ശ്രീജിത്ത് എസ്

ഭാരതപ്പുഴയുടെ തീരത്തെ ഒരു സിനിമാ സെറ്റ്. കാറ്റിൽ പാറിപ്പറക്കുന്ന, നീട്ടി വള‍‍ർത്തിയ താടിയും മുടിയുമായി അരവിന്ദൻ. കണ്ണു തുറന്നെങ്കിലും, ധ്യാനത്തിലെന്ന പോലെയാണ് നിൽപ്പ്. അയാളുടെ മുന്നിൽ ഒരു തമ്പ് ഉണ‍ർന്നു. ഉൾക്കാഴ്ചയിൽ തനിക്ക് വേണ്ട ഫ്രെയിം എന്തെന്ന് അദ്ദേഹം തിട്ടപ്പെടുത്തി. എന്നിട്ട് പതിയെ തന്റെ ക്യാമറാമാന്റെ ചുമലിൽ ഒന്ന് സ്പർശിച്ചു. മനസറിഞ്ഞ് ക്യാമറാമാൻ ദൃശ്യങ്ങൾ പകർത്തി. അവർ നിഴലിലും വെളിച്ചത്തിലും മലയാള സിനിമയുടെ തലക്കുറി രചിക്കുകയായിരുന്നു.

ഒരോ സിനിമയിലും അരവിന്ദൻ മനുഷ്യ ജീവിതങ്ങളെയാണ് പക‍ർത്തിയത്. കഥ പറയാത്ത ഒരൊറ്റ ഫ്രെയിം പോലും അദ്ദേഹത്തിന്റെ സിനിമകളിലില്ല. കാരണം, അദ്ദേഹം മനസിന്റെ ക്യാൻവാസിൽ രൂപീകരിച്ച ചിത്രങ്ങളെ ഒരു നോട്ടത്തിൽ, സ്പ‍‍ർശനത്തിൽ മനസിലാക്കി, മിഴിവുറ്റ ജീവിതചലനങ്ങളാക്കി സെല്ലുലോയിഡിലേക്ക് പക‍ർത്താൻ ആ സിനിമാ സപര്യയിൽ ഉടനീളം ആ ക്യാമറാമാൻ ഒപ്പമുണ്ടായിരുന്നു. ഷാജി എൻ കരുൺ. ഇം​ഗ്മർ ​ബർ​ഗ്മാന്, സ്വെൻ നിക്വസ്റ്റ് എങ്ങനെയാണോ അതായിരുന്നു അരവിന്ദന്, ഷാജി. ഷാജി എൻ കരുൺ എന്ന സിനിമാക്കാരന്റെ പിറവി അരവിന്ദന്റെ തമ്പിൽ നിന്നാണ്.

ലോക്കൽഫണ്ട് ഓഡിറ്റിങ് ഉദ്യോഗസ്ഥനായിരുന്നു ഷാജിയുടെ അച്ഛൻ എൻ. കരുണാകരൻ. അദ്ദേഹത്തിന് തന്റെ മകനെ ഒരു ഡോക്ടർ ആക്കണമെന്നായിരുന്നു ആ​ഗ്രഹം. അതിന് പ്രചോദനം ആയതോ അയൽക്കാരനായ ഡോക്ട‍ർ പി.കെ.ആർ വാര്യരും. യൂണിവേഴ്സിറ്റി പരീക്ഷയിൽ മികച്ച വിജയം നേടിയ ആ മിടുക്കനായ വിദ്യാർഥിക്ക് പക്ഷേ ഫോട്ടോ​ഗ്രഫിയിലായിരുന്നു താൽപ്പര്യം. എതിർപ്പുകളെ അവഗണിച്ച് ഷാജി പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ഡിപ്ലോമാ കോഴ്സിന് അപേക്ഷ അയച്ചു. പ്രവേശനപരീക്ഷയ്ക്ക് ഹാൾ ടിക്കറ്റും വന്നു. അപ്പോഴും വീട്ടുകാർ നിരുത്സാഹപ്പെടുത്താൻ ശ്രമിച്ചു നോക്കി. ആയിരത്തിലേറെപ്പേ‍ർ എഴുതുന്ന പരീക്ഷയാണ്. ആകെ കുറച്ച് സീറ്റും. വെറുതെ പോയിട്ട് എന്തിനാ?, എന്നായിരുന്നു ചോദ്യം. പക്ഷേ ഇതൊന്നും വകവയ്ക്കാതെ ഷാജി പരീക്ഷയെഴുതി.

പ്രവേശന പരീക്ഷ പാസായി. ഇനി ഇന്റർവ്യൂ. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ഇന്റർവ്യൂ ബോ‍ർഡിൽ ഉണ്ടായിരുന്നത് സാക്ഷാൽ മൃണാൽ സെൻ. അദ്ദേഹം തിരിച്ചും മറിച്ചും പല ചോദ്യങ്ങളും ചോദിച്ചു. ഒന്നിനും ഷാജിക്ക് ഉത്തരമുണ്ടായിരുന്നില്ല. പല ചോദ്യങ്ങൾക്കും മൗനമായിരുന്നു മറുപടി. ഒടുവിൽ ഷാജി കേട്ടു തഴമ്പിച്ച ആ ചോദ്യം സെൻ ആവർത്തിച്ചു. എന്തിനാ ഇവിടോട്ട് വന്നത്? പഠിക്കാൻ എന്ന് ഉത്തരം. മെഡിസിൻ പഠനം ഉപേക്ഷിച്ചാണ് എത്തിയതെന്ന് ഒരു കൂട്ടിച്ചേ‍ർക്കലും. മൃണാൽ സെന്നിന് ആ സത്യസന്ധത ഇഷ്ടമായി. അദ്ദേഹത്തിന്റെ ഡിക്ഷണറിയിൽ കലയ്ക്ക് ഒരു അ‍ർഥമേയുള്ളൂ, സത്യം. 1971ൽ പുനെ എഫ്ടിഐഐ പ്രവേശനം ലഭിച്ച എട്ടുപേരിൽ ഒരാൾ, ഷാജി എൻ. കരുൺ ആയിരുന്നു.

ഷാജി പൂനെയിലേക്ക് കൂടുമാറുമ്പോൾ മലയാള സിനിമയും മറ്റൊരു ദശാസന്ധിയിലേക്ക് കടക്കുകയായിരുന്നു. ഫ്രഞ്ച് നവതരം​ഗം മുതൽ മാർക്കേസ് വരെ മലയാളിക്ക് പരിചയക്കാരായി വരുന്ന സമയം. കൽക്കത്തയിലെ വിശാലമായ കോഫി ഷോപ്പുകളിൽ ചിതാനന്ദ ദാസ്ഗുപ്ത ആരംഭിച്ച ഫിലിം ക്ലബുകൾ മലയാളക്കരയിലേക്കും സാംസ്കാരിക വിപ്ലവുമായി എത്തിത്തുടങ്ങിയ കാലം. സമാന്തര സിനിമാ ലോകത്തിന് 1972ൽ അടൂ‍ർ ​ഗോപാലകൃഷ്ണൻ സ്വയംവരത്തിലൂടെ വിത്തിട്ടു. 1973ൽ നിർമാല്യം എടുത്ത എംടി, ദൈവത്തിനോട് പായാരം പറയുക മാത്രമല്ല വേണമെങ്കിൽ ഒന്നു നീട്ടിത്തുപ്പി പ്രതിഷേധിക്കാമെന്നും പറഞ്ഞുവെച്ചു. അവിടെ നിന്ന് അരവിന്ദന്റെ ഉത്തരായനമായി. എപ്പോഴോ ഷാജിയും ആ അയനത്തിന്റെ ഭാ​ഗമായി.

1977ൽ അരവിന്ദന്റെ കാഞ്ചനസീതയിലൂടെയാണ് ഷാജി എൻ കരുൺ സ്വതന്ത്ര ഛായാഗ്രഹകനാകുന്നത്. അതിന് പിന്നാലെ തമ്പ്, കുമ്മാട്ടി, എസ്തപ്പാൻ, ചിദംബരം എന്നിങ്ങനെ അരവിന്ദന്റെ ദൃശ്യചാരുതയ്ക്ക് മൂർത്തത നൽകിയത് ഷാജിയുടെ ക്യാമറയാണ്. എംടിയുടെയും പത്മരാജന്റെയും ഹരിഹരന്റെയും കെ.ജി. ജോ‍ർജിന്റെയും പ്രധാനപ്പെട്ട പല സിനിമകൾക്കും ജീവൻ നൽകിയത് അദ്ദേഹമാണ്. നേടിമുടി വേണുവിന്റെ പൂരത്തിലും ഷാജി പ്രവർത്തിച്ചിട്ടുണ്ട്. അനാ‍‍ർഭാടമായ ഫ്രെയിമുകളിലൂടെ ഷാജി എൻ കരുൺ മലയാള സിനിമയ്ക്ക് പുതിയ ഒരു സൗന്ദര്യബോധം സമ്മാനിച്ചു.

1989ലാണ് ഷാജി എൻ. കരുൺ സിനിമാ സംവിധാനത്തിലേക്ക് തിരിയുന്നത്. ഒരു ഛായാ​ഗ്രഹകൻ സംവിധായകനാകുന്നു. തീർത്തും സ്വാഭാവികമായ ഒരു പരിവർത്തനം എന്നു തോന്നാം. എന്നാൽ, ചരിത്രം അങ്ങനെയല്ല പറയുന്നത്. ​ഗോവിന്ദ് നിഹലാനി, ബാലു മഹേന്ദ്ര എന്നിവരെപ്പോലെ അപൂർവം ചിലരെ ഒഴിച്ചാൽ അത് വെറും കോസ്റ്റ്യും ചെയ്ഞ്ച് മാത്രമായിരുന്നു. എന്നാൽ, ഷാജി എൻ കരുണിന് ആ കുപ്പായം നല്ലപോലെ ഇണങ്ങി. ചുരുക്കി പറഞ്ഞാൽ പറഞ്ഞ് തയിപ്പിച്ചത് പോലെ.

'സൂകര പ്രസവം' എന്നൊരു പ്രയോ​ഗമുണ്ട്. പന്നിപെറുന്നപോലെ എന്ന് അ‍ർഥം. പലരുടെയും ഫിലിമോ​ഗ്രഫിയിലെ ക്രെഡിറ്റുകളുടെ അനാവശ്യ തിക്കും തിരക്കും കാണുമ്പോൾ ഈ പ്രയോ​ഗമാണ് ഓ‍ർമ വരിക. ഷാജി എൻ കരുണിന്റെ കാര്യത്തിൽ അതങ്ങനെയല്ല. ഏഴ് സിനിമകൾ മാത്രമാണ് അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളത്. അതിൽ ആറും മലയാളത്തിൽ, ഒരെണ്ണം ഹിന്ദിയിൽ. ഇന്ത്യൻ ഭാഷയിൽ ക്രമപ്പെടുത്തുമ്പോഴും അന്താരാഷ്ട്ര നിലവാരം പുലർത്തിയിരുന്നവയായിരുന്നു അവ പലതും. ആദ്യ ചിത്രം 'പിറവി' തന്നെ മികച്ച ഉദാഹരണം.

ആദ്യ സിനിമയ്ക്കായി ഷാജി തെരഞ്ഞെടുത്ത പ്രമേയം അടിയന്തരാവസ്ഥയും രാജന്റെ കൊലപാതകവുമാണ്. ഇന്ദിരയുടെ അടിയന്തരാവസ്ഥ കാലത്ത് കരുണാകരന്റെ പൊലീസ് ഒരു സുപ്രഭാതത്തിൽ മനുഷ്യ സ്മൃതിയിൽ നിന്ന് അടർത്തിയെടുക്കാൻ ശ്രമിച്ച അതേ രാജന്റെ കഥ. ഇന്നും എന്നും ഒരേ തീവ്രതയോടെ ആ എൻജിനിയറിങ് വിദ്യാർഥിയെ നമ്മൾ ഓർക്കാൻ കാരണം ഈച്ചരവാര്യർ എന്ന രാജന്റെ അച്ഛൻ, മകന് വേണ്ടി നടത്തിയ പോരാട്ടമാണ്. ആ മനുഷ്യനെയാണ് പിറവി ആവിഷ്കരിച്ചത്.

നാഷണൽ ഫിലിം ഫിനാൻസ് കോർപ്പറേഷനായിരുന്നു പിറവിക്ക് സാമ്പത്തിക സഹായം നൽകിയത്. ചിത്രത്തിന്റെ ഒരു രൂപരേഖ കോർപ്പറേഷന്റെ ഫണ്ട് ലഭിക്കുന്നതിനായി ഷാജി സമ‍ർപ്പിച്ചു. അതിന് അം​ഗീകാരം ലഭിച്ച ശേഷമായിരുന്നു വിശാലമായ സ്ക്രിപ്റ്റിങ്. എഴുതിയതോ രഘുനാഥ് പലേരിയും. രഘുനാഥ് പലേരിയുടെ ആദ്യ സിനിമ 'ഒന്ന് മുതൽ പൂജ്യം വരെ'യുടെ ക്യാമറ ഷാജിയായിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും മാനസിക പ്രയാസം നേരിട്ട എഴുത്ത് പിറവിയുടേതാണ് എന്ന് പലേരി പറഞ്ഞിട്ടുണ്ട്.

സിനിമ ആരംഭിച്ച് ഏതാനും നിമിഷങ്ങൾക്കുള്ളിൽ നമ്മൾ അയാളെ കാണുന്നു. ചിത്താരിക്കടവിൽ മകൻ രഘുവിനെ കാത്തിരിക്കുന്ന രാഘവചാക്യാ‍ർ. "ഒടുക്കത്തെ ബസിൽ എത്തുമെന്നാ അവന്റെ കത്ത്" എന്ന ഒറ്റ ഡയലോ​ഗിൽ നമ്മൾ രാഘവ ചാക്യാരിൽ ഈച്ചരവാര്യരെ കണ്ടു. കാണാത്ത രഘുവിൽ രാജനെക്കണ്ടു.

സണ്ണി ജോസഫ് ആയിരുന്നു സിനിമയുടെ ക്യാമറ. സംഭാഷണങ്ങളിലൂടെയല്ല, മറിച്ച് കഥാപാത്രങ്ങളുടെ ചെറു ചലനങ്ങളിലൂടെയാണ് സിനിമയുടെ സഞ്ചാരം. അടിയന്താരവസ്ഥയുടെ ഇരുട്ടും, ഭയവും എവിടെയൊക്കെയോ ആ ഫ്രയിമുകളിൽ ഒളിഞ്ഞിരിപ്പുണ്ട്. ഒരു ഇംപ്രഷിനിസ്റ്റ് പെയിന്റിങ്ങിന് സമാനം എന്നാണ് എസ്. ജയചന്ദ്രൻ നായർ ഈ സിനിമയെ വിശേഷിപ്പിച്ചത്. കേന്ദ്രകഥാപാത്രമായ രാഘവചാക്യാരെ അവതരിപ്പിച്ച പ്രേംജിയുടെ ഡയലോ​ഗ് ഡെലിവറിയിൽ ഇടയ്ക്ക് നാടകം കടന്നുവരുമെന്ന് മനസിലാക്കിയ ഷാജി കഥകളി ​ഗായകൻ ഹരിദാസിന്റെ സഹോദരൻ നെന്മണി വിഷ്ണുവിനെക്കൊണ്ടാണ് ചാക്യാ‍‍ർക്ക് ശബ്ദം നൽകിയിരിക്കുന്നത്. ഉടലും ഉയിരും നൽകി പ്രേംജി ആ കഥാപാത്രത്തെ അനശ്വരമാക്കി. മകന് വേണ്ടി അധികാരികളുടെ വാതിലുകൾ മുട്ടി ക്ഷീണിതനായി ബസിൽ ഒറ്റയ്ക്കിരിക്കുന്ന രാഘവ ചാക്യാരുടെ ഒരു ഷോട്ടുണ്ട്. ഇത്തരത്തിൽ ഒരു യാത്രയിൽ ഈച്ചരവാര്യർക്ക് ഒപ്പം പോയ സി.ആ‍ർ. ഓമനക്കുട്ടനും ഇതേ കാഴ്ച തന്റെ ഓർമക്കുറിപ്പിൽ വിവരിക്കുന്നുണ്ട്. ആൾക്കൂട്ടത്തിനിടയിൽ ഒറ്റയായിപ്പോയ ഒരു മനുഷ്യൻ. ഒരു അച്ഛൻ.

എന്തുകൊണ്ടോ സംസ്ഥാന ചലച്ചിത്ര പുരസ്കാര സമിതി മികച്ച രണ്ടാമത്തെ ചിത്രമായാണ് പിറവിയെ പരി​ഗണിച്ചത്. എന്നാൽ, ദേശീയ തലത്തിൽ സിനിമ അം​ഗീകരിക്കപ്പെട്ടു. മികച്ച സംവിധാനത്തിന് ഉൾപ്പെടെ നാല് ദേശീയ അവാ‍ർഡുകളാണ് ചിത്രത്തിന് ലഭിച്ചത്. അവിടെയും അവസാനിച്ചില്ല. 1989ൽ കാൻ ചലച്ചിത്ര മേളയിലേക്ക് ചിത്രം ക്ഷണിക്കപ്പെട്ടു. ക്യാമറാ ഡി ഓ‍ർ പുരസ്കാരവുമായാണ് ഷാജി കാനിൽ നിന്ന് മടങ്ങിയത്. പ്രഥമ ചാർളി ചാപ്ലിൻ പുരസ്കരം ഉൾപ്പെടെ 30ഓളം അന്താരാഷ്ട്ര അവാർഡുകളാണ് പിറവി നേടിയത്. ഷാജിയുടെ ആദ്യ സിനിമ അന്താരാഷ്ട്ര വേദിയിൽ മലയാളത്തിന്റെ മേൽവിലാസമായി.

അടുത്ത ചിത്രമായ 'സ്വമ്മിലും' അത് തുടർന്നു. ദുഃഖത്തിന്റെ സിനിമയാണ് സ്വം. ഇവിടെയും പുത്ര ദുഃഖം അനുഭവിക്കുന്ന മാതാപിതാക്കളെ കാണാം. രഘുനാഥ് പലേരിയായിരുന്നു ഈ ചിത്രത്തിന്റെയും തിരക്കഥ. കാപ്പിക്കട നടത്തിയിരുന്ന സ്വാമി എന്ന വ്യക്തിയായിരുന്നു ഈ കഥയുടെ പ്രചോദനം. കേരളത്തിലെ തെക്കേ അതിർത്തിയിലെ റെയിൽവേ സ്റ്റേഷനടുത്തായി ഒരു ചെറിയ വീട്ടിൽ താമസിക്കുന്ന രാമയ്യരും അന്നപൂർണയും രണ്ടു മക്കളും. കടത്തിൽ മുങ്ങിയ അവരുടെ ഏക പ്രതീക്ഷ മകനിലാണ്. അവൻ പട്ടാളത്തിൽ ചേരാൻ തീരുമാനിക്കുന്നു. പട്ടാള റിക്രൂട്ട്മെന്റിനിടയിൽ അപ്രതീക്ഷിതമായി പൊട്ടിപ്പുറപ്പെടുന്ന ആക്രമണത്തിൽ അവൻ കൊല്ലപ്പെടുന്നു. ഈ വ്യഥ പേറുന്ന ഒരു കുടുംബത്തിന്റെ കഥയാണ് 'സ്വം' പറയുന്നത്.

ഈ സിനിമയിലൂടെ കാൻ ചലച്ചിത്ര മേളയിലേക്ക് വീണ്ടും ഷാജി എത്തി. ഇത്തവണ മത്സരവിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ഈ വിഭാഗത്തിൽ സ്‌ക്രീൻ ചെയ്ത ഏക മലയാള ചിത്രമാണ് സ്വം. എന്നാൽ വേണ്ട വിധം പ്രേക്ഷക പ്രീതി ഈ ചിത്രത്തിന് ലഭിച്ചില്ല. എന്നാൽ, 1999ൽ ഇറങ്ങിയ വാനപ്രസ്ഥം ഈ കുറവും പരിഹരിക്കുന്നതായിരുന്നു. നിരൂപകർക്കൊപ്പം പ്രേക്ഷകരും 'വാനപ്രസ്ഥം' ഏറ്റെടുത്തു. ഇന്നും പലരുടെയും ഇഷ്ട ചിത്രങ്ങളിൽ ഒന്നാണിത്. യൂറോ അമേരിക്കൻ ഫിലിംസിനൊപ്പം മോഹൻലാലിന്റെ പ്രണവം ഇന്റർനാഷണലും ചേർന്ന് നിർമിച്ച വാനപ്രസ്ഥത്തിൽ കഥകളി വിളക്കിന്റെ പ്രഭ ചൊരിയുന്ന ഒരു ധ്യാനാത്മകതയുണ്ട്. തിരിവെട്ടം ഒന്ന് വെട്ടുമ്പോൾ അതിൽ ഒരു കലാകാരന്റെ കണ്ണുനീരും കാണാം. ചിത്രത്തിന്റെ ഫ്രഞ്ച് നിർമാതാവ് കൂടിയായ പിയർ അസൂളിന്റെ കഥയെ അടിസ്ഥാനമാക്കി രഘുനാഥ് പലേരിയും ഷാജിയും കൂടി ചേർന്നാണ് തിരക്കഥ. 'വാനപ്രസ്ഥം' സംവിധായകനെ മൂന്നാം വട്ടവും കാനിലെത്തിച്ചു.

സിനിമയുടെ തുടക്കത്തിലെ സംഭാഷങ്ങളിൽ തന്നെ കഥകളിക്കാരന്റെ ജീവിതം എന്തെന്ന് അടിവരയിട്ട് പറയുന്നുണ്ട്. താളം നനഞ്ഞാൽ ജീവിതം നനഞ്ഞു! അത്തരത്തിൽ നനഞ്ഞ ഒന്നാണ് കുഞ്ഞിക്കുട്ടന്റേത്. കുഞ്ഞിക്കുട്ടൻ എന്ന കഥാപാത്രത്തിന്റെ ഉള്ളിലെ അനാഥത്വത്തിന് പൂർണത നൽകാൻ അക്ഷരാർഥത്തിൽ മോഹൻലാൽ എന്ന നടനു മാത്രമേ സാധിക്കൂ. അത്തരത്തിലാണ് കഥകളി അരങ്ങിനും പുറത്തും കുഞ്ഞിക്കുട്ടനായുള്ള അദ്ദേഹത്തിന്റെ പകർന്നാട്ടം. സ്നേഹം ആ​ഗ്രഹിച്ച കുഞ്ഞിക്കുട്ടന് അത് ലഭിക്കുന്നത് സുഭ​ദ്രയിൽ നിന്നാണ്. അവളിൽ അയാൾക്ക് ഒരു മകൻ ജനിക്കുന്നു. എന്നാൽ ഉന്നതകുലജാതയായ ആ സ്ത്രീ ആരാധിച്ചത്, കാമിച്ചത് കുഞ്ഞിക്കുട്ടനെ അല്ല, അയാളുടെ അ‍ർജുന വേഷത്തെയാണ്. സുഭദ്രയെ വെല്ലുവിളിച്ച് മകൾക്കൊപ്പം ശൃം​ഗാരഭാവത്തിൽ സുഭദ്രാഹരണം ആടുമ്പോൾ, ഒടുവിൽ മരിച്ചു വീഴുമ്പോൾ നമ്മൾ കാണുന്നത് അർജുന വേഷം കെട്ടിയ കുഞ്ഞിക്കുട്ടനെയല്ല. കുഞ്ഞിക്കുട്ടന്റെ വേഷം കെട്ടിയ അർജുനനെയാണ്. മോഹൻലാലിനെ ഈ പടത്തിൽ എവിടെയും കാണാൻ സാധിക്കുന്നില്ല എന്നതിൽ നടനൊപ്പം സംവിധായകനും അഭിനന്ദനം അർഹിക്കുന്നു.

വാനപ്രസ്ഥത്തിൽ കഥകളിയാണെങ്കിൽ 2009ൽ സംവിധാനം ചെയ്ത 'കുട്ടിസ്രാങ്കിൽ' ചവിട്ടുനാടകമാണ് ചിത്രത്തിന്റെ പ്രമേയത്തിന് പശ്ചാത്തലമൊരുക്കുന്നത്. ചവിട്ടുനാടകത്തിന്റെ ശീലുകൾ പടത്തിലുടനീളം താളമാകുന്നു. സർ റിയലിസവും മാജിക്കൽ റിയലിസവും ഇഴചേർത്ത ആഖ്യാനഘടനയാണ് ചിത്രത്തിന്. പി.എഫ്. മാത്യൂസ് ആണ് ചിത്രത്തിന്റെ തിരക്കഥ. തിരുവിതാംകൂറിൽ നിന്നും മലബാറിൽ നിന്നും കൊച്ചിയിൽ നിന്നും മൂന്ന് സ്ത്രീകൾ മറ്റൊരിടത്തെ പൊലീസ് സ്റ്റേഷനിൽ ഒത്തു ചേരുന്നു. അവർ എത്തിയിരിക്കുന്നത് ഒരു ശവശീരീരം തിരിച്ചറിയാനാണ്. ചവിട്ടുനാടക വേഷത്തിൽ മരിച്ചുകിടക്കുന്ന കുട്ടിസ്രാങ്കിന്റെ ശവശരീരം. അവർ സ്രാങ്കിന്റെ കഥ നമുക്ക് പറഞ്ഞു തരുന്നു. രേവമ്മയും, പെമ്മേണയും, കാളി എന്ന ഊമയും വരച്ചിടുന്ന സ്രാങ്കിന്റെ ചിത്രത്തിന് മിഴിവ് ഏകുന്നത് മമ്മൂട്ടിയുടെ പ്രകടനമാണ്. അയാളുടെ ചുവടും ഭാഷയും ഈ സിനിമയിലും തെറ്റുന്നില്ല. ഷാജി എൻ കരുൺ പണിത തട്ടിൽ അച്ചടക്കമുള്ള ഒരു നടനായി അയാൾ പല കാലദേശങ്ങൾ സഞ്ചരിച്ച കുട്ടിസ്രാങ്കിന്റെ വേഷത്തിൽ ആടുന്നു.

പിന്നീട് ഇറങ്ങിയ 'സ്വപാന'ത്തിനും 'ഓളിനും' അത്രകണ്ട് പ്രേക്ഷക പ്രീതി നേടാൻ സാധിച്ചില്ല. പത്മരാജന്റെ 'മഞ്ഞുകാലം നോറ്റ കുതിര', ടി. പത്മനാഭന്റെ 'കടൽ' എന്നീ സാഹിത്യകൃതികൾ സിനിമയാക്കാൻ ആലോചിച്ചെങ്കിലും അതും നടന്നില്ല. 2025 ഏപ്രിൽ 28ന് ഷാജി എൻ. കരുൺ വിടവാങ്ങി. എന്താണ് ഷാജി എൻ. കരുൺ എന്ന സിനിമാക്കാരൻ ബാക്കിയാക്കുന്ന ഓർമ? ഒരു കഥയിൽ അത് സം​ഗ്രഹിക്കാൻ പറ്റുമെങ്കിൽ അത് ഇതാണ്.

കാൻ ചലച്ചിത്ര മേളയിൽ പിറവിയുടെ സ്ക്രീനിങ് കഴിഞ്ഞ് താമസിച്ചിരുന്ന ഹോട്ടലിലേക്ക് എത്തിയ ഷാജിയെ കാത്ത് ഒരു സ്ത്രീ ഇരിപ്പുണ്ടായിരുന്നു. വയോവൃദ്ധയായ ഒരമ്മ. 'പിറവി' കണ്ട ശേഷമുള്ള വരവാണ്. ആ സിനിമ അവരെ വല്ലാതെ ബാധിച്ചു. ലോകമഹായുദ്ധത്തിൽ പങ്കെടുക്കാൻ പോയ മകനെ അപ്പോഴും കാത്തിരിക്കുന്ന ഒരമ്മയായിരുന്നു അത്. ഷാജിയോട് സംസാരിക്കുമ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞുകവിയുന്നുണ്ടായിരുന്നു. ആ സിനിമയ്ക്ക്, ആ സംവിധായകന് ഇതിലും വലിയ എന്ത് അം​ഗീകാരം ലഭിക്കാനാണ്?

SCROLL FOR NEXT