MOVIES

'ദൃശ്യം' എന്താണെന്ന് ഓർമിപ്പിക്കുന്ന ഗോവൻ ജോർജുകുട്ടി; 'ദ കൺക്ലൂഷൻ' മലയാളത്തിനും മുകളിൽ! DRISHYAM: THE CONCLUSION REVIEW

'ദൃശ്യം: ദ കൺക്ലൂഷൻ' ആ ഫ്രാഞ്ചൈസിയോട് നീതി പുലർത്തി. ആ ടൈറ്റിലിനോടും!

Author : ശ്രീജിത്ത് എസ്

ജീത്തു ജോസഫ്- മോഹൻലാൽ ചിത്രം 'ദൃശ്യം 3' കണ്ടിറങ്ങിയ പ്രേക്ഷകർക്ക് പല അഭിപ്രായങ്ങളുണ്ടായിരുന്നു. മുൻ ചിത്രങ്ങളുടെ വഴിയിൽ നിന്ന് മാറി നടന്ന മൂന്നാം 'ദൃശ്യം' പ്രതീക്ഷിക്കൊത്ത് ഉയർന്നില്ല എന്നാണ് പലരും അഭിപ്രായപ്പെട്ടത്. അതിനാടകീയതയും ത്രില്ലറിൽ നിന്ന് ഇമോഷണൽ ട്രാക്കിലേക്കുള്ള മാറ്റവും അവരെ നിരാശരാക്കി. തുടർച്ച നഷ്ടമായപോലെ. ഇതിൽ ജോർജുകുട്ടി എവിടെ എന്ന ചോദ്യങ്ങളുണ്ടായി. 'ദൃശ്യം 3'യുടെ ഹിന്ദി പതിപ്പിലേക്ക് വരുമ്പോൾ ഒരു പെർഫെക്ട് സീക്വലുകൊണ്ട്, കൺക്ലൂഷൻ കൊണ്ട് മലയാളിയുടെ നിരാശ ഇരട്ടിപ്പിക്കുകയാണ് അഭിഷേക് പഥക് എന്ന സംവിധായകൻ. മലയാളത്തിൽ ഈ കഥ വന്നിരുന്നെങ്കിൽ....മോഹൻലാൽ ആയിരുന്നു ഈ സിനിമയിലെങ്കിൽ...നിരാശരാകാൻ ഓരോരുത്തർക്കും അവരുടേതായ കാരണങ്ങളുണ്ട്. പക്ഷേ, ഇവരെല്ലാം ഒരു കാര്യത്തിൽ യോജിക്കും. 'ദൃശ്യം: ദ കൺക്ലൂഷൻ' ആ ഫ്രാഞ്ചൈസിയോട് നീതി പുലർത്തി. ആ ടൈറ്റിലിനോടും!

'ദൃശ്യം' പോലൊരു സിനിമ എഴുതുക വളരെ പ്രയാസമാണ്. അതൊരു ഫ്രാഞ്ചൈസിയായി വളർത്തുക അതിലും പ്രയാസമാണ്. 'ദൃശ്യം 4' എവിടെ എന്നൊക്കെ നമുക്ക് ചോദിക്കാം. പക്ഷേ, പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഒരു സീക്വൽ നിർമിക്കുക അത്ര എളുപ്പമല്ല. അതുകൊണ്ടു കൂടിയായിരിക്കണം മൂന്നാം പതിപ്പോടെ ഈ ഫ്രാഞ്ചൈസി അവസാനിപ്പിക്കാൻ ഹിന്ദി നിർമാതാക്കൾ തീരുമാനിച്ചത്. എങ്ങനെ? വലിയ രീതിയിൽ ആലോചിക്കാനൊന്നും അവർ നിന്നില്ല. 'ദൃശ്യം 2' എവിടെ നിർത്തിയോ അവിടെ നിന്ന് തുടങ്ങി 'ദൃശ്യം' എന്ന സിനിമ എന്താണോ അവിടെക്കൊണ്ട് അവസാനിപ്പിച്ചു. ഒരു ഷുവർ ഷോട്ട് ബ്ലോക്ക്ബസ്റ്റർ മാത്രമായിരുന്നു അവരുടെ ലക്ഷ്യം. അതുകൊണ്ടാകണം 'ദൃശ്യം' മലയാളം ഫ്രാഞ്ചൈസിയുമായുള്ള പുക്കിൾക്കൊടി അവർ അറുത്തത്. 'ദൃശ്യം: ദ കൺക്ലൂഷൻ' പുതിയ കഥയാണ് പറയുന്നത്. അതിൽ തന്റെ ഭാഗം ഭംഗിയായി അവതരിപ്പിക്കുക മാത്രമാണ് ഗോവൻ ജോർജുകുട്ടി - വിജയ് സാൽഗോവങ്കർ. ഗോവയിലെ ഏറ്റവും ഹാർഡ് വർക്കിങ് ക്രിമിനൽ ആയി പെരുമാറുക. അത്രതന്നെ.

വിജയ് സാൽഗോവങ്കർ ആയി എത്തുന്ന അജയ് ദേവ്ഗണിന് ഈ സിനിമയിൽ വലിയ ഭാരമേറിയ ജോലിയൊന്നും ചെയ്യാനില്ല. നടന്റെ പരിമിതികൾ മനസിലാക്കി തന്നെയാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. പതിവ് പോലെ വീണ്ടും ഐജി മീര ദേശ്മുഖം ഭർത്താവും വിജയ്‌യെയും കുടുംബത്തെയും ജയിലിലടയ്ക്കാൻ ഒരു പദ്ധതി തയ്യാറാക്കുന്നു. ഇത്തവണ അതിന് അവർ ഉപയോഗിക്കുന്നത് രണ്ട് പേരെയാണ്. ജയ്ദീപ് അഹ്‌ലാവത്തിന്റെ ക്രൈം ബ്രാഞ്ച് എസ്പി രാജ്‌വീർ സിംഗ് തോമറും പ്രകാശ് രാജിന്റെ 'ഗ്യാങ്സ്റ്റർ വക്കീൽ' ഇന്ദ്രജീത്ത് ഷെട്ടിയും. സിനിമയുടെ രണ്ട് പകുതികൾ ഇവർക്കായി വീതിച്ചു നൽകുകയാണ് തിരക്കഥാകൃത്തുക്കൾ. ആദ്യ പകുതിയിലെ ജയ്ദീപ് അഹ്‌ലാവതിന്റെ സാന്നിധ്യം തന്നെ ഭയാനകമാണ്. വിജയ്ക്ക് ഒത്ത എതിരാളിയെന്ന് ആരും പറഞ്ഞുപോകും. ഒരുമിച്ചു വരുന്ന സീനുകളിൽ ആ കൾട്ട് കഥാപാത്രത്തെ തോമർ വെറും നിഴലാക്കി മാറ്റുന്നു. സെക്കൻഡ് ഹാഫിൽ ജയ്ദീപ് ബാറ്റൺ പ്രകാശ് രാജിന് കൈമാറുന്നു.

തന്റെ കുടുംബത്തെ രക്ഷിക്കാനായി വിജയ് സാൽഗോവങ്കർ നിർമിച്ച വ്യാജ തെളിവുകളുടെ കാലാവധി കഴിഞ്ഞു എന്ന് ഓർമിപ്പിക്കാനാണ് എസ്പി തോമറും ഇന്ദ്രജീത്തും ശ്രമിക്കുന്നത്. മറുവശത്ത് വിജയ്‌യോ? അയാൾ നിശബ്ദനാണ്. അയാളുടെ മൗനമാണ് ഈ സിനിമയെ ത്രില്ലിങ് ആക്കുന്നത്. ഒടുവിൽ അയാൾ മൗനം വെടിയുന്നു. ഒരു ദൃശ്യം എന്താണെന്നും ഈ സിനിമ എന്താണെന്നും അടിവരയിട്ട് പറഞ്ഞവസാനിപ്പിക്കുന്നു. ഒരു കഥ സത്യമായിരിക്കണമെന്നില്ല; അത് വിശ്വസനീയമായി തോന്നിയാൽ മാത്രം മതിയെന്ന് അയാൾ തെളിവ് സഹിതം സ്ഥാപിക്കുന്നു. ഒരു ഗംഭീര ക്ലൈമാക്സ്!

മലയാളത്തിൽ മോഹൻലാൽ - ജീത്തു ജോസഫ് ചിത്രം ജോർജുകുട്ടി എന്ന കഥാപാത്രത്തിന്റെ വൈകാരിക തലങ്ങൾക്കും അയാളിലെ ധാർമിക അപചയങ്ങൾക്കുമാണ് പ്രാധാന്യം നൽകിയത്. ജോർജുകുട്ടിയുടെ വീടിന് ഉള്ളിലായിരുന്നു കഥ. ജോർജുകുട്ടിയുടെ ഉള്ളിലൂടെയാണ് ജീത്തു സഞ്ചരിച്ചത്. അഭിഷേക് പഥക് അത്ര വലിയ അന്തർസംഘർഷങ്ങളിലേക്ക് ഒന്നും പോകുന്നില്ല. ഇവിടെ കഥ പൂർണമായും പുറത്താണ്. വിജയ്ക്ക് പുറകേ സഞ്ചരിക്കുന്ന പൊലീസുകാരിലൂടെയാണ് കഥ മുന്നേറുന്നത്. പതിവ് പോലെ അത് കോടതി മുറിയിലേക്കും വിജയ്‌യും കുടുംബവും അഴിക്കുള്ളിൽ ആകുമോ എന്ന ചോദ്യത്തിലും ചെന്നു നിൽക്കുന്നു. പിന്നെയാണ് ആ ക്ലാസിക് മൊമന്റ്. അവിടെയാണ് മലയാളി പ്രേക്ഷകർ മോഹൻലാലിനെ മിസ് ചെയ്യുന്നത്. ആ രംഗത്തിൽ മോഹൻലാൽ എന്ന നടനായിരുന്നെങ്കിൽ നോട്ടങ്ങളും റിയാക്ഷനുകളും എങ്ങനെയാകും എന്ന് കണക്കുകൂട്ടുന്നത്. 'ദൃശ്യം 3' മലയാളത്തിൽ ഇറങ്ങിയിട്ടില്ല എന്നൊരു നുണ സ്വയം പറഞ്ഞ് വിശ്വസിക്കാൻ ശ്രമിക്കുന്ന മലയാളി സിനിമാപ്രേമികളെ കുറ്റം പറയാൻ പറ്റില്ല. വലിയ ഒരു വിഭാഗം കാണികൾക്ക് 'ദൃശ്യം' ഫ്രാഞ്ചൈസി ഫാമിലി ഡ്രാമയല്ല; ക്രൈം ത്രില്ലറാണ്. ആ നാലാം ക്ലാസുകാരന്റെ കളികൾ കാണാനാണ് അവർ ആഗ്രഹിച്ചത്. അല്ലാതെ, വിലാപങ്ങളല്ല. അവിടെയാണ് 'ദൃശ്യം: ദ കൺക്ലൂഷൻ' മലയാളത്തിന് മുകളിൽ ഇടംപിടിക്കുന്നത്. 'ദൃശ്യം' ഇങ്ങനെയൊരു തുടർച്ചയാണ് അർഹിക്കുന്നത്. എൻഡിങ്ങും. പക്ഷേ, ഒരു കാര്യം അപ്പോഴും എടുത്തുപറയണം. ഈ ഫ്രാഞ്ചൈസിയിലെ ഏറ്റവും മികച്ച ചിത്രം. അത്, മലയാളത്തിൽ ഇറങ്ങിയ ആദ്യ 'ദൃശ്യം' തന്നെയാണ്.

SCROLL FOR NEXT