ഭരണഘടനാ ദിനത്തോടനുബന്ധിച്ച്, നവംബർ 26ന്, കാസർഗോഡ് പരപ്പയിലെ വിദ്യാർഥികൾക്കായി ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ ചിത്രം ‘ആകാശംലോ ഒക താര’യുടെ പ്രത്യേക പ്രദർശനം സംഘടിപ്പിച്ചു. പരപ്പ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസ് പരിധിയിലുള്ള മൂന്ന് പ്രീമെട്രിക് ഹോസ്റ്റലുകളിലെ അഞ്ചാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന 135 വിദ്യാർഥികളാണ് നവംബർ 26ന് പുതുതായി ആരംഭിച്ച പരപ്പ മാജിക് ഫ്രെയിംസ് മൾട്ടിപ്ലെക്സിൽ ചിത്രം കണ്ടത്. കുട്ടികൾക്ക് പ്രചോദനവും സന്തോഷവും പകരുന്ന ഈ പ്രത്യേക സിനിമാനുഭവത്തിന് പിന്തുണയറിയിച്ച ദുൽഖർ സൽമാൻ വിദ്യാർഥികൾക്ക് നന്ദിയും അറിയിച്ചു.
വീട്ടിൽ നിന്ന് അകന്ന് താമസിച്ച് പഠിക്കുന്ന കുട്ടികളുടെ മാനസിക ഉല്ലാസത്തിനും ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ സിനിമാ പ്രദർശനം സംഘടിപ്പിച്ചത്. ഭരണഘടനാ ദിനത്തോടനുബന്ധിച്ച് ഹോസ്റ്റലുകളിൽ നടത്തിയ ബോധവൽക്കരണ പരിപാടികൾക്ക് ശേഷമായിരുന്നു കുട്ടികൾക്കായി ഈ പ്രദർശനം ഒരുക്കിയത്. പഠനത്തിലും അക്കാദമിക പ്രവർത്തനങ്ങളിലും മികച്ച രീതിയിൽ മുന്നേറുന്ന വിദ്യാർഥികൾക്ക് സന്തോഷകരമായൊരു ഇടവേള നൽകുന്നതിനൊപ്പം ജീവിതത്തിൽ പുതിയ ലക്ഷ്യങ്ങളും സ്വപ്നങ്ങളും കണ്ടെത്താൻ പ്രചോദനം നൽകുക എന്നതും പരിപാടിയുടെ ലക്ഷ്യമായിരുന്നു. സിനിമ കണ്ടിറങ്ങിയ കുട്ടികളുടെ മുഖത്തെ സന്തോഷവും ആവേശവുമാണ് ഈ സംരംഭത്തിന്റെ ഏറ്റവും മനോഹരമായ നിമിഷമായി മാറിയത്.
പട്ടികവർഗ വികസന വകുപ്പിന്റെ കോർപ്പസ് ഫണ്ടിൽ നിന്നുള്ള തുക വിനിയോഗിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ കളക്ടർ അധ്യക്ഷനായ എസ്.സി/എസ്.ടി വികസന സമിതിയുടെ അംഗീകാരത്തോടെയാണ് ഇതിനുള്ള നടപടികൾ പൂർത്തിയാക്കിയത്. പരപ്പ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിന്റെ നേതൃത്വത്തിൽ നടന്ന ഈ സംരംഭം വിദ്യാർഥികളുടെ മാനസികാരോഗ്യത്തിനും സാമൂഹിക ഇടപെടലുകൾക്കും പ്രാധാന്യം നൽകുന്നതായി.
പവൻ സാദിനേനി സംവിധാനം ചെയ്ത ‘ആകാശംലോ ഒക താര’യിൽ കൃഷ്ണ എന്ന കഥാപാത്രത്തെയാണ് ദുൽഖർ സൽമാൻ അവതരിപ്പിക്കുന്നത്. സ്വന്തം സ്വപ്നങ്ങളിലേക്ക് മുന്നേറാൻ ആഗ്രഹിക്കുന്ന കല്പനയ്ക്ക് പിന്തുണയുമായി നിൽക്കുന്ന കൃഷ്ണയുടെ കഥയാണ് ചിത്രം പറയുന്നത്. സമൂഹം മുന്നിൽ വയ്ക്കുന്ന അതിർവരമ്പുകൾ മറികടന്ന് സ്വപ്നങ്ങൾ കാണാനും അവ നേടിയെടുക്കാൻ പരിശ്രമിക്കാനും പ്രചോദനം നൽകുന്ന ചിത്രത്തിന്റെ പ്രമേയം വിദ്യാർത്ഥികൾക്കും ഏറെ പ്രസക്തമാണ്. സാത്വിക വീരവല്ലിയാണ് ചിത്രത്തിൽ കല്പനയായി എത്തുന്നത്. ശ്രുതി ഹാസൻ, റൂഹാനി ശർമ, മുരളി ശർമ, സ്വാസിക എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ആഗോളതലത്തിൽ റിലീസ് ചെയ്ത ചിത്രം ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നീ ബാനറുകളുടെ പിന്തുണയോടെ സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്നാണ് നിർമ്മിച്ചത്. ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് ആണ് കേരളത്തിൽ ചിത്രം വിതരണം ചെയ്തത്. കുട്ടികളുടെ മനസിൽ സ്വപ്നങ്ങൾക്കും പ്രതീക്ഷകൾക്കും പ്രചോദനത്തിനും ഇടം നൽകുന്ന സിനിമയുടെ സന്ദേശം കൂടുതൽ വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായും ഈ പ്രത്യേക പ്രദർശനം ശ്രദ്ധേയമായി.
രചന, തിരക്കഥ: ഗുന്നം ഗംഗരാജു, കഥ: പവൻ സാദിനേനി & വസന്ത് ജുറു, അധിക തിരക്കഥ: വസന്ത് ജുറു, ഛായാഗ്രഹണം: സുജിത് സാരംഗ്, സംഗീതം: ജി.വി. പ്രകാശ് കുമാർ, എഡിറ്റർ: പ്രവീൺ കെ.എൽ, പ്രൊഡക്ഷൻ ഡിസൈനർ: ശ്വേത സാബു സിറിൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ചന്തു നിമ്മഗദ്ദ, സഹസംവിധായകൻ: സുരേഷ് പരുച്ചൂരി, ലൈൻ പ്രൊഡ്യൂസർ: യെലെപ്പെട്ടി ശ്രീനിവാസ്, പ്രൊഡക്ഷൻ ടീം: ബത്തലൂരി ലോകേഷ് കുമാർ, ജതിൻ സി.എച്ച്, മുവ്വ ഗോപി, തേജ രാംകി, ഡയറക്ഷൻ വിഭാഗം: ഡിപിവി സന്തോഷ്, ഗയം ഈശ്വർ, സൗരബ് റെഡ്ഡി, സിഎച്ച്. നരസിംഹ റെഡ്ഡി, മഹാംകാളി വിനയ് കുമാർ, ചന്ദ്ര ശേഖർ ഹുഗ്ഗിഹെല്ല, വിശാഖ് പട്ടേൽ കോതപ്പള്ളി, കൊങ്ക രോഹൻ, പ്രീതം ശകുനാല, നിമ്മഗദ്ദ ആസീഷ് പ്രീതം, രാം മോഹൻ കോമണ്ഡൂരി, കോസ്റ്റ്യൂം ഡിസൈനർ: പല്ലവി സിംഗ്, കലാസംവിധാനം: വംശി കൃഷ്ണ, സൗണ്ട് ഡിസൈനർ: സിങ്ക് സിനിമ, പബ്ലിസിറ്റി ഡിസൈനർ: അനിൽ ഭാനു, വിഎഫ്എക്സ്: എഗ്വൈറ്റ് വിഎഫ്എക്സ്, വിഎഫ്എക്സ് സൂപ്പർവൈസർ: തൗഫീഖ് ഹുസൈൻ, കളറിസ്റ്റ്: ഷൺമുഖ പാണ്ഡ്യൻ എം, സ്റ്റിൽസ്: സായ് ശശാങ്ക്.