'എക്കോ'യിൽ സന്ദീപ് പ്രദീപ് 
MOVIES

ഒടിടിയിലും തരംഗമാകാൻ 'എക്കോ'? സ്ട്രീമിങ് ഡേറ്റ് പുറത്ത്

ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത ചിത്രം ബാഹുൽ രമേശ് ആണ് എഴുതിയിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: തിയേറ്ററുകളിൽ മികച്ച വിജയം നേടിയ ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത 'എക്കോ' ഒടിടിയിലേക്ക് എത്തുന്നു. ലോക വ്യാപകമായി ഭാഷാ ഭേദമന്യേ പ്രേക്ഷക-നിരൂപക പ്രശംസ നേടിയ സിനിമ ഡിജിറ്റൽ റിലീസിന് പിന്നാലെ കൂടുതൽ അഭിപ്രായം നേടിയെടുക്കുമെന്നാണ് അണിയറപ്രവർത്തകർ പ്രതീക്ഷിക്കുന്നത്. 'കിഷ്കിന്ധാ കാണ്ഡ'ത്തിന് ശേഷം ദിൻജിത്ത് അയ്യത്താനും ഛായാഗ്രഹകനായ തിരക്കഥാകൃത്ത് ബാഹുൽ രമേശും വീണ്ടും ഒന്നിച്ച ചിത്രമാണ് 'എക്കോ'.

ഡിസംബർ 31 മുതൽ 'എക്കോ' സ്ട്രീമിങ് ആരംഭിക്കും. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ചിത്രം ലഭ്യമാകും. സിനിമയുടെ ബജറ്റിന്റെ 75 ശതമാനത്തോളം ഒടിടി അവകാശങ്ങൾ വഴി ചിത്രം തിരിച്ചുപിടിച്ചു എന്നാണ് റിപ്പോർട്ടുകൾ.

ബോക്സ് ഓഫീസ് കളക്ഷൻ ട്രാക്കർമാരായ സാക്‌നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം, ആഗോള തലത്തിൽ 46.73 കോടി രൂപയാണ് 'എക്കോ' കളക്ട് ചെയ്തത്. മലയാളത്തിൽ നിന്ന് 24.34 കോടി രൂപയാണ് സിനിമ സ്വന്തമാക്കിയത്. 80 ലക്ഷം രൂപയാണ് ആദ്യ ദിനം ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് കളക്ട് ചെയ്തത്. രണ്ടാം ദിവസം ഇത് 1.85 കോടി രൂപ ആയി ഉയർന്നു. പിന്നീട് ക്രമാനുഗതമായി കളക്ഷൻ ഉയരുകയായിരുന്നു.

ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറിൽ എം.ആർ.കെ. ജയറാം നിർമിച്ച 'എക്കോ'യിൽ സന്ദീപ് പ്രദീപ്, വിനീത്, നരേൻ, അശോകൻ, ബിനു പപ്പു, സഹീർ മുഹമ്മദ്, ബിയാന മോമിൻ, സീ ഫൈ, രഞ്ജിത് ശങ്കർ, ശ്രീലക്ഷ്മി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സന്ദീപ് പ്രദീപ് കരിയർ ബെസ്റ്റ് പ്രകടനം നൽകുന്ന 'എക്കോ'യിൽ വലുതും ചെറുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങൾ ഓരോരുത്തരും ഗംഭീര പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. മുജീബ് മജീദിന്റെ സംഗീതവും സൂരജ് ഇ.എസിന്റെ എഡിറ്റിങ്ങും സജീഷ് താമരശേരിയുടെ കലാസംവിധാനവും വിഷ്ണു ഗോവിന്ദിന്റെ ഓഡിയോയോഗ്രാഫിയും തിയേറ്ററുകളിൽ കയ്യടി നേടിയിരുന്നു.

പ്രൊഡക്ഷൻ കൺട്രോളർ: ഷാഫി ചെമ്മാട്, മേക്കപ്പ്: റഷീദ് അഹമ്മദ്, കോസ്റ്റ്യൂം ഡിസൈൻ: സുജിത്ത് സുധാകരൻ, പ്രോജക്റ്റ് ഡിസൈനർ: സന്ദീപ് ശശിധരൻ, ഡിഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ്: ശ്രീക് വാര്യർ, ടീസർ കട്ട്: മഹേഷ് ഭുവനേന്ദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സാഗർ, വിഎഫ്എക്സ്: ഐവിഎഫ്എക്സ്, സ്റ്റിൽസ്: റിൻസൺ എം ബി, സബ്ടൈറ്റിൽസ്: വിവേക് രഞ്ജിത്, വിതരണം: ഐക്കൺ സിനിമാസ്, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്റ്, പി.ആർ.ഓ. പ്രതീഷ് ശേഖർ.

SCROLL FOR NEXT