കാവൽ സംരക്ഷണമോ, നിയന്ത്രണമോ? 'എക്കോ' റിവ്യൂ

'ഫ്രം ദ മേക്കേഴ്സ് ഓഫ് കിഷ്കിന്ധാ കാണ്ഡ'ത്തിൽ നിന്ന് ഇതിൽ കുറഞ്ഞൊന്നും കാണികൾ പ്രതീക്ഷിക്കുന്നില്ല
'എക്കോ' റിവ്യൂ
'എക്കോ' റിവ്യൂSource: News Malayalam 24x7
Published on
Updated on

Sometimes protection and restriction... they both look same - Kuraichan

ദിൻജിത്ത് അയ്യത്താൻ എന്ന സംവിധായകനും എഴുത്തുകാരനായ ഛായാ​ഗ്രഹകൻ ബാഹുൽ രമേഷും വീണ്ടും തനി നിറം കാട്ടിയിരിക്കുന്നു. ഒരു ക്ലാസ് പടം, 'എക്കോ'! അല്ലെങ്കിലും 'ഫ്രം ദ മേക്കേഴ്സ് ഓഫ് കിഷ്കിന്ധാ കാണ്ഡ'ത്തിൽ നിന്ന് ഇതിൽ കുറഞ്ഞൊന്നും കാണികൾ പ്രതീക്ഷിക്കുന്നില്ല. അമിതപ്രതീക്ഷയോടെയും തിയേറ്ററുകളിലേക്ക് എത്താനുള്ള ആത്മവിശ്വാസം, പലവട്ടം മുറിവേറ്റ മലയാളി കാണി, ദിൻജിത്ത്-ബാഹുൽ കൂട്ടുകെട്ടിലൂടെ വീണ്ടെടുക്കുന്നു.

‘ഇൻഫിനിറ്റ് ക്രോണിക്കിൾസ് ഓഫ് കുര്യച്ചൻ’ എന്ന ടാ​ഗ് ലൈനിലാണ് ഈ സിനിമ എത്തിയത്. അതെ, ഇത് കുര്യച്ചന്റെ കഥയാണ്. അതിങ്ങനെ ദേശ കാലങ്ങൾ കടന്ന് ലോകമഹായുദ്ധകാലത്തെ മലയ വരെ പല ഏടുകളായി നീണ്ടു കിടക്കുന്നു. അയാൾ ആരാണ്? എവിടെയാണ്? എന്ന അന്വേഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന കുറച്ചു മനുഷ്യരുടെ ​ഗാഥകൂടിയാണിത്. അതിൽ അയാളോട് പകയുള്ളവരുണ്ട്, കൂറുള്ളവരുണ്ട്, ഇതൊന്നുമല്ലാതെ കുര്യച്ചനെ മിത്തിനെപ്പോലെ കാണുന്നവരുമുണ്ട്. അവർ അടുക്കും തോറും കുര്യച്ചൻ അകന്ന് അകന്ന് പോകുന്നു. തിരക്കഥയിൽ അയാൾ നല്ലവനാണെന്ന അവകാശവാദങ്ങളില്ല. എത്ര കെട്ടതെന്നതിന് കൃത്യമായ തെളിവുകളുമില്ല. അയാളുടെ പല അടരുകളുള്ള കഥയാണ് ​, 'എക്കോ - ഇൻഫിനിറ്റ് ക്രോണിക്കിൾസ് ഓഫ് കുര്യച്ചൻ'.

ദിൻജിത്തും ബാഹുലും ചേർന്ന് നി‍ർമിച്ചെടുത്ത കാട്ടുകുന്ന് എന്ന സ്ഥലം സിനിമയിൽ ആദ്യാവസാനം ഒരു മിസ്റ്ററി പോലെ നിലനിൽക്കുന്നു. കുര്യച്ചൻ എന്ന ബ്രീഡർ ആ നാട്ടിൽ പടച്ച നായ് ഇനങ്ങൾ ഒരു മെറ്റഫറായും. പട്ടികൾ എന്തും പഠിക്കും. പക്ഷേ അത് എന്ത് പഠിക്കണം എന്ന് തീരുമാനിക്കുന്നത് അതിന്റെ മാസ്റ്ററാണ്. വീട്ടിൽ വളർത്തി, മൂന്നിന് നാല് നേരം ഭക്ഷണം കൊടുത്ത്, മടിയിൽ ഇരുത്തി ലാളിച്ച് എന്റെ എല്ലാം എന്ന് പറഞ്ഞ് പതിയെ തനിക്ക് ഒത്തവിധം അവയെ മാസ്റ്റ‍ർ മെരുക്കിയെടുക്കുന്നു. എന്നാൽ, വീടിന്റെ അതിര് കടക്കാൻ ഇവയ്ക്ക് അനുവാദമില്ല. ചങ്ങലയും ചൂരലും അനുസരണ പഠിപ്പിക്കലിന്റെ ഭാ​ഗമാണ്. ഇത് പട്ടികളുടെ കാര്യത്തിൽ മാത്രമല്ല എന്ന് പറഞ്ഞുവയ്ക്കുകയാണ് 'എക്കോ'. "ഹീറ്റടുത്താൽ കൂട്ടിലിടണം. അത് പട്ടിയാണെങ്കിലും പെണ്ണാണെങ്കിലും," എന്ന സംഭാഷണം ഈ മെറ്റഫർ പൂട്ടിന്റെ താക്കോലാണ്.

'എക്കോ' റിവ്യൂ
"ഇത് വിറകാ, ഭാസ്കരന്റെ വിറക്"; 'ഷമ്മി ഷോ' ആകുന്ന വിലായത്ത് ബുദ്ധ| Vilaayath Budha Review

ഒരു സിം​ഗിൾ മാസ്റ്ററിലേക്ക് പെണ്ണിനെ സ്ഥാപിക്കുന്ന ആണിനോടുള്ള കൂറിനെപ്പറ്റി കൂടിയാണ് കുര്യച്ചന്റെ കഥയിലൂടെ ബാഹുൽ എന്ന എഴുത്തുകാരൻ പറയുന്നത്. സുരക്ഷ എന്ന മിഥ്യയിൽ അവരെ തടങ്കലിൽ പാർപ്പിക്കുന്ന ഈ ഫോർമുല തുറന്നുകാട്ടുകയാണ് സിനിമ. മുറ്റത്ത് രേഖ വരച്ചിട്ട് പോയ ഇതിഹാസത്തിലെ ആണിന്റെ തനിപകർപ്പുകളിൽ ചിലത് ഈ സിനിമയിലും കടന്നുവരുന്നുണ്ട്. ആ രേഖ അന്യൻ അകത്തേക്ക് വരാതിരിക്കാനോ അതോ പെണ്ണ് പുറത്തേക്ക് പോകാതിരിക്കാനോ? അതാണ് ചോദ്യം.

ഈ കഥ പല നിറത്തിലാണ് 'എക്കോ' പറയുന്നത്. ഋതുകൾ അനുസരിച്ച് കാട് മാറുന്നത് പോലെ. അഡ്വഞ്ചർ- മിസ്റ്ററി- ത്രില്ലർ ഴൊണറിൽ ഡ്രാമ പരന്നുകിടക്കുമ്പോഴും ആഖ്യാനത്തെ യുക്തിഭദ്രമാക്കാൻ തിരക്കഥാകൃത്തിന് സാധിക്കുന്നു. പതിയെ തുടങ്ങി, പ്രേക്ഷകരുടെ ഭാവനയെ വളർത്തി, ഒടുവിൽ ഒരു മികച്ച ക്ലൈമാസ്കിലൂടെ നിർത്തേണ്ടിടത്ത് തന്നെ സിനിമ അവസാനിക്കുന്നു. നേരത്തെ പറഞ്ഞ നിറംമാറ്റം കഥപറച്ചിലിൽ‌ തീരുന്നില്ല. ഫ്രെയിമുകളിലും അത് പ്രകടമാണ്. മനുഷ്യനെയും നായ്ക്കളേയും വരികളിൽ മാത്രമല്ല കാഴ്ചയിലും പരസ്പര പൂരകങ്ങളായി നിർത്താൻ സാധിക്കുമെന്ന് 'എക്കോ' കാട്ടിതന്നു. മുജീബ് മജീദിന്റെ പശ്ചാത്തലസംഗീതം ഈ ദൃശ്യങ്ങൾക്ക് വേണ്ട മാനങ്ങൾ നൽകി. കഥയെ അലോസരപ്പെടുത്താതെ വേണ്ടിടത്ത് മാറിനിൽക്കുന്ന മുജീബ് കയ്യടി അ‍ർഹിക്കുന്നു. ഒപ്പം ആ കഥയെ അപ്രവചനീയമായ നീരൊഴുക്ക് പോലെ അവതരിപ്പിച്ച എഡിറ്റർ സൂരജ് ഇ.എസും. ചുമ്മാ വെട്ടിക്കൂട്ടലല്ല എഡിറ്റിങ് എന്ന് സൂരജ് തെളിയിച്ചു. സൗഡ് ഡിസൈനിങ്ങിനെപ്പറ്റിയും എടുത്ത് പറയണം. സിനിമയിലുടനീളം കുര്യച്ചൻ എന്ന മിസ്റ്ററിയുടെ സാന്നിധ്യം അറിയിക്കുന്നത് ശബ്ദങ്ങളാണ്. ലോകമഹായുദ്ധത്തിന്റെ നിഴൽ വീണുകിടക്കുന്ന മലേഷ്യയിലേക്ക് കഥ എത്തുമ്പോൾ അവിടെ യുദ്ധവും ശബ്ദങ്ങൾ തന്നെ. ഭീതിയാണ് ഈ സിനിമയുടെ സൗണ്ട് സ്കേപ്.

ഈ ഭീതിയുടെ ശബ്ദത്തിന് ജീവൻ നൽകുന്നത് കഥാപാത്രങ്ങളായി അടിമുടി മാറിയ അഭിനേതാക്കളാണ്. സന്ദീപ്, വിനീത്, നരേൻ, അശോകൻ, എന്നിവർ തങ്ങളുടെ ഭാ​ഗങ്ങൾ മനോഹരമാക്കി. മുൻ കഥാപാത്രങ്ങളുടെ ആടയാഭരണങ്ങൾ എല്ലാം അഴിച്ചുവച്ചാണ് വിനീതും നരേനും എത്തിയതെങ്കിൽ സന്ദീപ് ഇനി വരാനിരിക്കുന്ന തന്റെ പ്രകടനങ്ങൾക്ക് ഒരു ബെഞ്ച്മാർക്ക് സ്ഥാപിക്കുന്നു. സിനിമയിൽ ഉടനീളം പറയുന്ന കുര്യച്ചന് സൗരവ് സച്ച്ദേവിന്റെ മുഖം അനുയോജ്യമായിരുന്നു. ബിയാന മോമിൻ, സിം ഷി ഫീ തുടങ്ങിയവരുടെ പ്രകടനങ്ങളും മികച്ച് നിന്നു. സിനിമയെ കാഴ്ചാനുഭവം ആക്കുന്നതിൽ ഇവരുടെ പങ്ക് ചെറുതല്ല.

'എക്കോ' റിവ്യൂ
വോട്ട് തിന്തകത്തോം തോം ഭരണം തിന്തകത്തോം... വോട്ടേറിയാല്‍ സീറ്റേറിയാല്‍ സ്വന്തം കാര്യം സിന്ദാബാദ്; സിനിമയിലെ വോട്ടുപാട്ടുകള്‍

ഈ സിനിമ ഒരു നോവൽ പോലെയാണ്. പല കാര്യങ്ങൾ പറയുമ്പോഴും ചിലത് വായിക്കുന്നവന്റെ ഭാവനയ്ക്ക് വിട്ടുകൊടുക്കുന്ന നോവൽ. ഒന്നുകൂടി പറഞ്ഞാൽ ഒരു പത്മരാജൻ- എം.പി. നാരായണ പിള്ള മിക്സ്. കാണിയിവിടെ കഥാകാരന്റെ പങ്കാളിയാണ്. ആസ്വാദനത്തിന് മാത്രമല്ല വിശദീകരണത്തിന് കൂടി ഇവിടെ സ്വാതന്ത്ര്യമുണ്ട്. ഏതെങ്കിലും സ്റ്റാറിനോടുള്ള പ്രത്യേക കൂറിന്റെ ആവശ്യമില്ലെന്ന് സാരം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com