തിരുവനന്തപുരം: മോഹൻലാൽ-ജീത്തു ജോസഫ് ചിത്രം 'ദൃശ്യം 3'യുടെ വ്യാജ പകർപ്പ് പുറത്ത്. യുവാവ് ട്രെയിനിലിരുന്ന് സിനിമ കാണുന്നതിന്റെ ദൃശ്യങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചു. ഗുരുവായൂർ എക്സ്പ്രസിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. സിനിമ കാണുന്നത് തമിഴ്നാട് സ്വദേശിയാണെന്നാണ് സംശയം.
ഗംഭീര കളക്ഷൻ നേടി ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുന്നതിനിടെയാണ് വ്യാജ പകർപ്പ് പുറത്തുവന്നിരിക്കുന്നത്. റിലീസായി 58 മണിക്കൂറിനുള്ളിലാണ് ഈ ചിത്രം 100 കോടി ക്ലബിൽ ഇടംപിടിച്ചത്. 156. 14 കോടി രൂപയാണ് സിനിമയുടെ ആഗോള ഗ്രോസ് എന്നാണ് റിപ്പോർട്ടുകൾ.
'ദൃശ്യം' ഫ്രാഞ്ചൈസിയിലെ മൂന്നാം ചിത്രത്തിനായി ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരുന്നത്. അത് സിനിമയുടെ അഡ്വാൻസ് ബുക്കിങ്ങിലും പ്രകടമായിരുന്നു. മോഹന്‍ലാലിന്റെ ജന്മദിനമായ 21ാം തീയതിയാണ് 'ദൃശ്യം 3' നാല് ഭാഷകളില്‍ തിയേറ്ററുകളില്‍ എത്തിയത്. സിനിമയുടെ മൊഴിമാറ്റ പതിപ്പുകള്‍ക്കും ഗംഭീര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
മോഹൻലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ ഹസൻ, സിദ്ദീഖ്, കലാഭവൻ ഷാജോൺ, വീണ നന്ദകുമാർ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമാണം. 'ദൃശ്യം 3' ഹിന്ദി പതിപ്പിന്റെ നിർമാതാക്കളായ പനോരമ സ്റ്റുഡിയോസ് സിനിമയുടെ മലയാളം പതിപ്പിന്റെ ആഗോള തിയേറ്ററിക്കല്‍, ഡിജിറ്റല്‍ അവകാശങ്ങൾ സ്വന്തമാക്കിയിരുന്നു. ഏകദേശം 350 കോടി രൂപയ്ക്കാണ് ഈ പ്രീ ബിസിനസ് ഡീൽ നടന്നതെന്നാണ് സൂചന. ബോളിവുഡിലെ മറ്റൊരു പ്രമുഖ ബാനര്‍ ആയ പെന്‍ സ്റ്റുഡിയോസും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.