'ഫൗജി' ടീസർ 
MOVIES

നേതാജി, ഹിറ്റ്ലർ, ഭഗവദ് ഗീത...പിന്നെ പ്രഭാസും; 'ഫൗജി' ടീസർ വിവാദം

ഹിറ്റ്‌ലറും സുഭാഷ് ചന്ദ്ര ബോസും വരുന്ന 'ഫൗജി' ടീസർ വലിയ വിവാദങ്ങൾക്കാണ് വഴിവച്ചിരിക്കുന്നത്

Author : ശ്രീജിത്ത് എസ്

പ്രഭാസിനെ നായകനാക്കി ഹനു രാഘവപുഡി സംവിധാനം ചെയ്യുന്ന പീരിയോഡിക് ആക്ഷൻ ഡ്രാമയാണ് 'ഫൗജി'. കൊൽക്കത്ത കേന്ദ്രീകരിച്ച് ബ്രിട്ടീഷുകാർക്കെതിരെ പോരാടുന്ന ഒരു റെബൽ സൈനികനായാണ് പ്രഭാസ് ‘ഫൗസി’യിൽ എത്തുന്നത്. അടുത്തിടെ, ചിത്രത്തിന്റെ ഒരു സ്പെഷ്യൽ ടീസർ പുറത്തുവിട്ടിരുന്നു. ഒക്ടോബർ 23ന്, പ്രഭാസിന്റെ ജന്മദിനത്തിൽ. ഹിറ്റ്‌ലറും സുഭാഷ് ചന്ദ്ര ബോസും റെബൽ സ്റ്റാർ പ്രഭാസും വരുന്ന ഈ ടീസർ വലിയ വിവാദങ്ങൾക്കാണ് വഴിവച്ചിരിക്കുന്നത്.

ആദ്യം നമുക്ക് ഈ ടീസറിൽ എന്താണ് കാണിച്ചിരിക്കുന്നതെന്ന് നോക്കാം. രണ്ടാം ലോക മഹായുദ്ധമാണ് പശ്ചാത്തലം. വർഷം 1942, ലോകയുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന സമയം. സ്ഥലം, ജർമനിയിലെ ബെർലിൻ. ഫ്രെയിമിൽ നേതാജി സുഭാഷ് ചന്ദ്രബോസും ജർമൻ ഏകാധിപതി അഡോൾഫ് ഹിറ്റ്‌ലറും. ഫൂറർ ഭയങ്കര ഫ്യൂരിയസ് ആണ്. ബ്രിട്ടനെ തോൽപ്പിക്കാൻ നിങ്ങൾ ജർമനിയുടെ സഹായം തേടിയെത്തിയിരിക്കുകയാണോ സുഭാഷ് ചന്ദ്ര ബോസ് എന്ന് ചോദിച്ച് ഹിറ്റ്ലർ അങ്ങ് തുടങ്ങുന്നു. രണ്ട് നൂറ്റാണ്ടായി അടിമത്വത്തിന്റെ രക്തമാണ് നിങ്ങളുടെ ഞരമ്പുകളിലൂടെ ഒഴുകുന്നതെന്നും തോൽക്കാൻ പോകുന്ന ഒരു യുദ്ധത്തെ താൻ പിന്തുണയ്ക്കില്ലെന്നും ടീസറിലെ ഹിറ്റ്‌‍ലർ. അവിടെ, നേതാജി 'അയാളെ'പ്പറ്റി പറഞ്ഞു തുടങ്ങുന്നു. 'കെജിഎഫ്' സിനിമകളിൽ റോക്കി ഭായ്‌യെപ്പറ്റി ആപാദചൂഡം വർണിക്കാൻ സംവിധായകൻ ഏർപ്പാടാക്കിയ അനന്ദ് നാഗ് കഥാപാത്രത്തിന്റെ റോൾ ഏറ്റെടുക്കുകയാണ് 'ഫൗജി' ടീസറിലെ നേതാജി. ഒറ്റ ഇന്ത്യൻ, ബ്രിട്ടനിൽ നിന്നും സിംഗപ്പൂർ പിടിച്ചെടുക്കുന്നതിൽ ജപ്പാനെ സഹായിച്ച ONE INDIAN. ONE SOLDIER, ONE STRATEGIST, ONE SPY! അതാണ് കഥാനായകൻ എന്ന് എടുത്തുപറയണ്ടല്ലോ. അയാൾക്ക് പേരില്ല. ഫൗജിയെന്നാണ് ബ്രിട്ടീഷുകാർ അയാളെ വിളിക്കുന്നത്. നേതാജിയും.

'ഇവൻ ഏതെന്ന്' ഹിറ്റ്ലർ അന്ധിച്ച് ഇരിക്കുമ്പോൾ മറ്റൊരു പ്രധാനപ്പെട്ട കാര്യവും നേതാജി വെളിപ്പെടുത്തുന്നു. ഈ ഫൗജിക്ക് ഒരു കോഡ് ഉണ്ട്. നാസികളുടെ എനിഗ്മാ കോഡിനേക്കാൾ ശക്തമായ ഈ കോഡ് വികസിപ്പിച്ചിരിക്കുന്നത് ഭഗവദ് ഗീതയിൽ നിന്നാണ്. അതുപയോഗിച്ചാണ് അയാൾ പ്രവർത്തിക്കുന്നത്. ഇതിന് ശേഷം, ഈ കഥാപാത്രത്തിന്റെ നിലവിലെ ലൊക്കേഷനും നേതാജി പറയുന്നിടത്താണ് പ്രഭാസിനെ കാണിക്കുന്നത്. സർപ്രൈസ് ഒന്നുമില്ല. സിഗരറ്റും പുകച്ച് വലിയൊരു തോക്കുമായി പ്രഭാസ്.

രണ്ട് മിനിറ്റും 31 സെക്കൻഡും ദൈർഘ്യമുള്ള ഈ ടീസർ വലിയ ചർച്ചയായിരിക്കുകയാണ്. സ്വാതന്ത്ര്യ സമര സേനാനി നേതാജി സുഭാഷ് ചന്ദ്രബോസിനെ ഉൾപ്പെടുത്തി സിനിമയുടെ പ്രൊമോഷന് വേണ്ടി ഇങ്ങനെ ഒരു ഗ്ലിംപ്സ് പുറത്തിറക്കിയതാണ് വിമ‍ർശനങ്ങൾക്ക് ആധാരം. ഒരു ദേശീയ നേതാവിനെ പ്രഭാസിന്റെ ചിയർ ലീഡറാക്കി അവതരിപ്പിച്ചത് മാപ്പർഹിക്കാത്ത തെറ്റാണെന്ന് പലരും ചൂണ്ടിക്കാട്ടി. ഇപ്പോഴിതാ നേതാജിയുടെ കുടുംബം തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ടീസർ പിൻവലിച്ച് ഫൗജി സംവിധായകൻ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയണമെന്നാണ് നേതാജിയുടെ സഹോദരപൗത്രൻ ചന്ദ്ര കുമാർ ബോസ് ആവശ്യപ്പെടുന്നത്. ചരിത്രത്തെ ഫിക്ഷനുമായി കൂട്ടിക്കലർത്തുന്നത് കുറ്റകൃത്യമാണെന്നും അദ്ദേഹം പറയുന്നു.

നമുക്ക് ആ ചരിത്രത്തിലേക്ക് ഒന്ന് പോയിനോക്കാം. 1942 മേയ് 27നാണ് സുഭാഷ് ചന്ദ്ര ബോസും ഹിറ്റ്ലറും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുന്നത്. ബ്രിട്ടനെതിരെ, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് അനുകൂലമായി ജർമനി ഉൾപ്പെടുന്ന അച്ചുതണ്ട് ശക്തികൾ ഒരു പരസ്യ പ്രഖ്യാപനം നടത്തണമെന്നതായിരുന്നു നേതാജിയുടെ പ്രധാന ആവശ്യം. എന്നാൽ, സാഹചര്യം അനുകൂലമല്ലെന്ന് ചൂണ്ടിക്കാട്ടി ഹിറ്റ്‌ലർ അത് നിരസിച്ചു. യൂറോപ്പിൽ നിന്ന് കിഴക്കൻ ഏഷ്യയിലേക്ക്, ജപ്പാനിലേക്ക്, സുരക്ഷിതമായി യാത്ര ചെയ്യാൻ ഒരു ജർമൻ യു-ബോട്ട് അന്തർവാഹിനി വിട്ടുനൽകണമെന്നും നേതാജി ആവശ്യപ്പെട്ടിരുന്നു. അത് ഹിറ്റ്‌ലർ അംഗീകരിച്ചു. ഇങ്ങനെ ആവശ്യങ്ങൾ ഉന്നയിക്കുക മാത്രമല്ല, ഹിറ്റ്‌ലറുടെ ആത്മകഥയായ മെയ്ൻ കാംഫിലെ ഇന്ത്യക്കാരെയും ഏഷ്യക്കാരെയും അധിക്ഷേപിക്കുന്ന ഭാഗങ്ങളെ അദ്ദേഹം ചോദ്യവും ചെയ്തു. എന്നാൽ, ഹിറ്റ്‍ലർ സംഭാഷണം ആ ദിശയിൽ മുന്നോട്ട് കൊണ്ടുപോകാൻ ആഗ്രഹിച്ചില്ല. റിപ്പോർട്ടുകൾ പ്രകാരം, ഇതിനെ ഒരു ചർച്ചയായോ സംഭാഷണമായോ കാണാൻ സാധിക്കില്ല. പതിവ് പോലെ ഹിറ്റ്ലർ ആണ് അധികവും സംസാരിച്ചത്. നേതാജി തന്റെ അഭിപ്രായങ്ങളും ആവശ്യങ്ങളും അവതരിപ്പിച്ചു മടങ്ങുകയായിരുന്നു. ഹിറ്റ്ലറിന്റെ സമീപനത്തിലും ഇന്ത്യൻ വിപ്ലവത്തോടുള്ള കാഴ്ചപ്പാടിലും അദ്ദേഹം നിരാശനായിരുന്നു. ഇതാണ് നേതാജിയുടെ ബെർലിൻ ഡെയിസിൽ നടന്ന ആ ചരിത്രപ്രാധാന്യമുള്ള കൂടിക്കാഴ്ച. ഈ ചരിത്രത്തിലേക്കാണ് ‌ഹനു രാഘവപുഡി ഭ​ഗവത് ​ഗീത കോഡാക്കിയ ഫൗജിയെ കുത്തിക്കയറ്റിയത്. ഒരു ONE MAN BATTALION കൊണ്ട് ഇന്ത്യ സ്വാതന്ത്ര്യം നേടിയെടുക്കുമെന്ന് നേതാജിയെക്കൊണ്ട് പറയിപ്പിച്ചതോളം ക്രൂരത മറ്റൊന്നില്ല.

ചരിത്രത്തിലേക്ക് ഫിക്ഷൻ കൂട്ടിക്കല‍ർത്തിയതല്ല ഇവിടെ പ്രശ്നം. സാഹിത്യത്തിലും സിനിമയിലും അത് പലവട്ടം നമ്മൾ കണ്ടതാണ്. ഉദ്ദേശ്യശുദ്ധിയാണ് പ്രശ്നം. ചരിത്ര വസ്തുതകളെ വളച്ചൊടിക്കാൻ പാടില്ല. ചരിത്രവ്യക്തിത്വങ്ങളെ കേവലം ചിയ‍ർ ലീഡേഴ്സാക്കാൻ പാടില്ല!

SCROLL FOR NEXT