"രാമായണയിൽ ഖവാലി"; റഹ്‌മാനെ കല്ലെറിയുന്നത് എന്തിന്?

രാമന്റെയും സീതയുടേയും വിവാഹവും പ്രണയവും ആവിഷ്കരിക്കുന്ന 'മംഗൾ രംഗ്' എന്ന ഗാനത്തെ മുൻനിർത്തിയാണ് ഇപ്പോൾ ഉയരുന്ന വിമർശനങ്ങൾ
എ.ആർ. റഹ്മാൻ, 'രാമായണ' പോസ്റ്റർ
എ.ആർ. റഹ്മാൻ, 'രാമായണ' പോസ്റ്റർ
Published on: 
Updated on: 

ഏകദേശം 4,000 കോടി ബജറ്റിൽ ഒരുങ്ങുന്ന 'രാമായണ' സിനിമകളുടെ ആദ്യ ഭാഗം 'റൈസ് ഓഫ് എ ലെജൻഡി'ന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് സിനിമാലോകവും പ്രേക്ഷകരും. ബ്രഹ്മാണ്ഡ ബജറ്റും രാമായണം പോലൊരു ഇതിഹാസം വെള്ളിത്തിരയിലേക്ക് എത്തുന്നതും മാത്രമല്ല ആവേശത്തോടെയുള്ള ഈ കാത്തരിപ്പിന് കാരണം. രണ്ട് ഇതിഹാസ കലാകാരന്മാരർ, ഓസ്കാർ ജേതാക്കൾ, എ.ആർ. റഹ്മാനും ഹാൻസ് സിമ്മറും ചേർന്ന് ഒരുക്കുന്ന സംഗീതം കൂടിയാണ്. ഇതുവരെ പുറത്തുവന്ന ഗാനങ്ങളും ട്രെയ്‌ലറിലെ പശ്ചാത്തല സംഗീതവും ഇതിഹാസ സംഗീതജ്ഞരുടെ നിലവാരത്തിലേക്ക് എത്തിയില്ലെന്ന നിരാശ ഇവരുടെ ആരാധകർക്കുണ്ടായിരുന്നു. എന്നാൽ, ചിത്രത്തിലെ ഏറ്റവും പുതിയ സിംഗിൾ 'മംഗൾ രംഗ്' ആ നിരാശയ്ക്ക് തെല്ലൊരു ആശ്വാസം നൽകിയിട്ടുണ്ട്. അരിജിത് സിംഗും ശ്രേയാ ഘോഷലും ചേർന്ന് ആലപിച്ച ഗാനം പ്രതീക്ഷ നൽകുന്നതാണ്. അപ്പോഴതാ, വിമർശനവുമായി ഒരു കൂട്ടർ. റഹ്മാന്റെ ഈണമാണ് പ്രശ്നം.

ശ്രീരാമന്റെയും സീതയുടേയും വിവാഹവും പ്രണയവും ആവിഷ്കരിക്കുന്ന ഗാനമാണ് 'മംഗൾ രംഗ്'. ഇത് സൂഫി ഖവാലി ശൈലിയിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നതെന്നും ഇത് തെറ്റായ സമീപനമാണെന്നുമാണ് ഒരു കൂട്ടർ സമൂഹമാധ്യമങ്ങളിൽ കുറിക്കുന്നത്. മ്യൂസിക് പ്ലാറ്റ്‌ഫോമുകളിൽ 'മംഗൾ രംഗ്' ട്രെൻഡിങ്ങാകുന്നതിനിടെയാണ് ഈ വിമർശനം. ഭാരതീയ സംസ്കാരത്തോട് നീതി പുലർത്തിയില്ലെന്നും റഹ്മാൻ വേണ്ട ഗവേഷണം നടത്തിയില്ലെന്നും 'രാമായണ'യെ ഒരു റോം കോം പോലെയാക്കി കളഞ്ഞു എന്നും പോകുന്നു ആരോപണങ്ങൾ. ശുദ്ധ സംസ്കൃത ഗാനങ്ങളാകണം ചിത്രത്തിലേതെന്നാണ് ഇവർ പറയുന്നത്. റഹ്മാന് പകരം സംഗീത സംവിധായകരെ നിർദേശിക്കുന്നവരുണ്ട്. അജയ് - അതുൽ, ശങ്കർ എഹ്സാൻ ലോയ് തുടങ്ങിയവരെയാണ് 'രാമായണ' മ്യൂസിക് ഡയറക്ടേഴ്സായി ഇവർ മനസിൽ കാണുന്നത്.

എ.ആർ. റഹ്മാൻ, 'രാമായണ' പോസ്റ്റർ
രണ്ട് കോടി ബജറ്റ്, കളക്ഷൻ 100 കോടിക്ക് മുകളിൽ; സ്ലീപ്പർ ഹിറ്റായി കന്നഡ ചിത്രം

ഈ വിമർശകർക്ക് 'രാമായണ' സിനിമയിലെ ബാക്കി എല്ലാത്തിനോടും യോജിപ്പാണ്. കോസ്റ്റ്യൂമും പ്രൊഡക്ഷൻ ഡിസൈനും ആഭരണങ്ങളും വിഎഫ്‌എക്സും അഭിനേതാക്കളുടെ പ്രകടനവും എല്ലാം ഇവർക്ക് മികച്ചതാണ്. റഹ്മാൻ മാത്രമാണ് പ്രശ്നം. റഹ്മാന്റെ സംഗീതം. 'മംഗൾ രംഗ്' എന്ന പാട്ട് കേൾക്കുമ്പോൾ, ആ സന്ദർഭത്തോട് ഈണം നീതിപുലർത്തുന്നില്ല എന്ന് ഒരു ഘട്ടത്തിലും ആർക്കും തോന്നാൻ ഇടയില്ല. എന്നിട്ടും എന്തിനാണ് ഈ വിമർശനം. അത് റഹ്മാനെ 'രാമായണ' സംഗീത സംവിധായകനായി പ്രഖ്യാപിച്ച അന്ന് തുടങ്ങിയതാണ്. അദ്ദേഹത്തിന്റെ വിശ്വാസമാണ് പലരേയും അലോസരപ്പെടുത്തിയത്. അതിന്റെ തുടർച്ചയായി കൂടി വേണം റഹ്മാൻ നിരാശപ്പെടുത്തി എന്ന ഈ വിമർശനങ്ങളെ കാണാൻ. അത് അത്ര നിഷ്കളങ്കമല്ല.

എ.ആർ. റഹ്മാൻ, 'രാമായണ' പോസ്റ്റർ
സ്വന്തം മുഖം പോലും തിരിച്ചറിയാനാകാത്ത നായകൻ! ജിത്തു മാധവൻ 'സീൻ' മാറ്റുമോ? ഫാൻ തിയറികളിൽ നിറഞ്ഞ് 'പ്രോസോപഗ്നോസിയ'

എന്നാൽ, ഇത്തരം മുറുമുറുപ്പുകൾക്ക് ഭൂരിഭാഗം പ്രേക്ഷകരും ചെവികൊടുക്കുന്നില്ലെന്നാണ് ഗാനത്തിന് ലഭിക്കുന്ന സ്വീകാര്യത സൂചിപ്പിക്കുന്നത്. ഇനിയിപ്പോ ഖവാലി ശൈലിയിലാണ് ആ ഗാനം എന്ന് വയ്ക്കുക. കേൾക്കാൻ ഇമ്പമുണ്ടെങ്കിൽ അതിലെന്താണ് പ്രശ്നം. ഇവിടെ ഒരു ഇതിഹാസത്തിനാണ്, മിത്തിനാണ് നിതേഷ് തിവാരി ചലച്ചിത്ര ഭാഷ്യം ഒരുക്കുന്നത്. നിതേഷിന് തന്റെ സങ്കൽപ്പത്തിന് അനുസരിച്ച് ആ ചിത്രം രൂപപ്പെടുത്താം. റഹ്മാന് അദ്ദേഹത്തിന്റെ ക്രിയേറ്റിവിറ്റിക്ക് അനുസരിച്ച് ആ ചലച്ചിത്ര ഭാഷ്യത്തിന് സംഗീതം നൽകാം. അവിടെയാണ് സിനിമ മനോഹരമായ കൂടിച്ചേരലാകുന്നത്. സർഗാത്മക രൂപമാകുന്നത്.

News Malayalam 24x7
newsmalayalam.com