നടൻ മനോജ് ബാജ്പേയ് 
MOVIES

"ബ്രാഹ്‌മണ സമൂഹത്തെ അപമാനിക്കുന്നു"; മനോജ് ബാജ്‌പേയ്‌ ചിത്രം നിരോധിക്കണമെന്ന് സിനിമ സംഘടന

‘ഘൂസ്‌ഖോർ പാണ്ഡിത്’ എന്ന സിനിമയുടെ ടൈറ്റിലാണ് വിവാദങ്ങൾക്ക് വഴിവച്ചത്

Author : ന്യൂസ് ഡെസ്ക്

ന്യൂ ഡൽഹി: നീരജ് പാണ്ഡെ സംവിധാനം ചെയ്യുന്ന നെറ്റ്ഫ്ലിക്സ് ചിത്രമായ ‘ഘൂസ്‌ഖോർ പാണ്ഡിത്’ നിരോധിക്കണമെന്ന ആവശ്യവുമായി ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് (FWICE). ബ്രാഹ്‌മണ സമൂഹത്തെ അപമാനിക്കുന്ന തരത്തിലുള്ളതാണ് സിനിമയുടെ പേര് എന്നാണ് പ്രധാന ആരോപണം. 'ഘൂസ്‌ഖോർ പണ്ഡിത്' എന്ന വാക്കിന്റെ അർത്ഥം 'അഴിമതിക്കാരനായ പാണ്ഡെ / ബ്രാഹ്മണൻ' എന്നാണ്. ഇതാണ് വിവാദങ്ങൾക്ക് വഴിവച്ചത്.

ടൈറ്റിലിനെ ചൊല്ലി വിവാദം ഉയർന്നതോടെ സിനിമയുടെ പ്രൊമോഷണൽ ഉള്ളടക്കങ്ങൾ അണിയറപ്രവർത്തകർ നീക്കം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സിനിമയുടെ നിരോധനം ആവശ്യപ്പെട്ട് FWICE രംഗത്തെത്തിയിരിക്കുന്നത്. ചിത്രം പൂർണമായും മാറ്റണമെന്ന് FWICE പ്രസിഡന്റ് ബി.എൻ. തിവാരി ആവശ്യപ്പെട്ടു. പേര് മാറ്റുന്നത് കൊണ്ട് മാത്രം കാര്യമില്ലെന്നും ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സിനിമകൾ പൂർണമായും നിരോധിക്കണമെന്നും തിവാരി കൂട്ടിച്ചേർത്തു. അല്ലാത്തപക്ഷം നിർമാതാവിനും സംവിധായകനും എതിരെ 'നിസഹകരണ നോട്ടീസ്' നൽകുമെന്ന മുന്നറിയിപ്പും ബി.എൻ. തിവാരി നൽകി.

കഴിഞ്ഞ ആഴ്ച ഡൽഹി ഹൈക്കോടതിയിൽ ചിത്രത്തിനെതിരെ ഹർജി സമർപ്പിക്കപ്പെട്ടിരുന്നു. 'പണ്ഡിത്' എന്ന പദം അഴിമതിയുമായും കൈക്കൂലിയുമായും ബന്ധിപ്പിക്കുന്നത് ഒരു സമൂഹത്തിന്റെയാകെ സൽപ്പേരിനെ പൊതുജനമധ്യത്തിൽ മോശമാക്കുമെന്നാണ് കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നത്. എന്നാൽ, ഈ സിനിമ ഏതെങ്കിലും പ്രത്യേക സമുദായത്തെ പ്രതിനിധീകരിക്കുന്നതല്ലെന്നും ഇതൊരു സാങ്കൽപ്പിക പൊലീസ് ഡ്രാമയാണെന്നുമാണ് സംവിധായകന്റെയും നായക വേഷം ചെയ്യുന്ന മനോജ് ബാജ്‌പേയിയുടേയും വിശദീകരണം.

ഇതുകൂടാതെ, സാമൂഹിക സൗഹാർദം തകർക്കാൻ ശ്രമിച്ചു എന്ന കുറ്റത്തിന് ലഖ്‌നൗവിലെ ഹസ്രത്ഗഞ്ച് പൊലീസ് സ്റ്റേഷനിൽ ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട്. ചിത്രത്തിന്റെ പരസ്യങ്ങൾ നീക്കം ചെയ്യാൻ കേന്ദ്ര സർക്കാരും ഉത്തരവിട്ടിരുന്നു.

SCROLL FOR NEXT