ദീപിക സുശീലൻ Source: Facebook
MOVIES

"ഐഎഫ്എഫ്കെ പ്രതിസന്ധിക്ക് പിന്നിൽ ചലച്ചിത്ര അക്കാദമിയുടെ വീഴ്ച, പ്രതിഷേധങ്ങൾ ഇത് മറയ്ക്കാൻ"; ആരോപണവുമായി മുൻ ആർട്ടിസ്റ്റിക് ഡയറക്ടർ

രാഷ്ട്രീയമല്ല, നടപടി ക്രമങ്ങളിലെ വീഴ്ചയാണ് പ്രതിസന്ധിക്ക് കാരണമെന്ന് ദീപിക ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ഐഎഫ്എഫ്കെ പ്രതിസന്ധിക്ക് കാരണം നടപടിക്രമങ്ങളിൽ ചലച്ചിത്ര അക്കാദമി വരുത്തിയ വീഴ്ചയെന്ന് മുൻ ആർട്ടിസ്റ്റിക് ഡയറക്ടറുടെ വിമർശനം. സിനിമകളുടെ പട്ടിക കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന് സമയത്തിന് കൈമാറിയില്ലെന്ന് ചലച്ചിത്ര പ്രവർത്തക ദീപിക സുശീലൻ ആരോപിക്കുന്നു. നവംബർ ആദ്യവാരം സമർപ്പിക്കേണ്ട പട്ടിക നൽകിയത് ഡിസംബറിൽ ആണെന്നും, വീഴ്ച മറയ്ക്കാനാണ് നിലവിലെ പ്രതിഷേധങ്ങൾ എന്നും 2022 ലെ ഐഎഫ്എഫ്കെ ആർട്ടിസ്റ്റിക് ഡയറക്ടറായിരുന്നു ദീപീക സുശീലൻ്റെ വിമർശനം.

സിനിമകൾ പ്രദർശിപ്പിക്കാനുള്ള അനുമതിക്കായി അപേക്ഷ സമർപ്പിച്ചത് ഏറെ വൈകിയാണെന്ന വിമർശനമാണ് ദീപിക സുശീലൻ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. പ്രദർശിപ്പിക്കുന്ന സിനിമകളുടെ പട്ടികയും രേഖകളും നവംബർ ആദ്യമെങ്കിലും സമർപ്പിക്കണമെന്ന് ദീപിക സുശീലൻ പറയുന്നു. ചലച്ചിത്ര അക്കാദമി പട്ടിക സമർപ്പിച്ചത് ഡിസംബർ മാസമാണ്. സെൻസർ ഇളവ് പ്രക്രിയ തൽക്ഷണം നടക്കുന്നതല്ലെന്നും സംഘാടകർ ഉചിതമായ നടപടിക്രമങ്ങൾ എടുത്തില്ലെന്നും അവർ ചൂണ്ടിക്കാട്ടി.

നടപടിക്രമങ്ങളിൽ ചലച്ചിത്ര അക്കാദമി വരുത്തിയ വീഴ്ചയെ, രാഷ്ട്രീയപരമായ ലക്ഷ്യങ്ങളായി ചിത്രീകരിക്കപ്പെടുന്നെന്ന് ദീപിക സുശീലൻ ആരോപിക്കുന്നു. രാഷ്ട്രീയമല്ല, നടപടി ക്രമങ്ങളിലെ വീഴ്ചയാണ് പ്രതിസന്ധിക്ക് കാരണം. വൈകി സമർപ്പിച്ചത് കാരണം പ്രദർശനാനുമതി നൽകാനില്ലെന്ന് കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു. വീഴ്ച മറയ്ക്കാനാണ് നിലവിലെ പ്രതിഷേധങ്ങൾ. പിആർ സ്റ്റണ്ടുകൾക്കായി സിനിമാ പ്രേമികളെ മുതലെടുത്ത് പ്രതിഷേധം നടത്തുന്നത് ചലച്ചിത്ര മേളയുടെ മഹത്വം ഇല്ലാതാക്കും. തെറ്റായ കൈകാര്യം ചെയ്യലുകൾ വരാനിരിക്കാൻ ഉള്ള മേളകളെ ബാധിക്കുമെന്നും ഫേസ്ബുക്ക് കുറിപ്പിൽ ദീപിക അഭിപ്രായപ്പെട്ടു.

SCROLL FOR NEXT