'ഹാല്‍' സിനിമ ഹൈക്കോടതി കാണും 
MOVIES

'ജാനകി'ക്ക് പിന്നാലെ 'ഹാല്‍'; ശനിയാഴ്ച ഹൈക്കോടതി സിനിമ കാണും

ബീഫ് ബിരിയാണി കഴിക്കുന്ന ദൃശ്യമടക്കം 19 ഭാഗങ്ങൾ വെട്ടണമെന്നായിരുന്നു സെൻസർ ബോർഡിന്റെ നിർദേശം

Author : ന്യൂസ് ഡെസ്ക്

കൊച്ചി: സെന്‍സർ ബോർഡ് കടുത്ത മാറ്റങ്ങള്‍ നിർദേശിച്ചതിനെ തുടർന്ന് റിലീസ് പ്രതിസന്ധിയിലായ ഷെയ്ന്‍ നിഗം ചിത്രം 'ഹാല്‍' ഹൈക്കോടതി ശനിയാഴ്ച കാണും. ശനിയാഴ്ച രാത്രി ഏഴ് മണിക്കാകും ഹൈക്കോടതി ജസ്റ്റിസ് വി.ജി. അരുണും കേസിൽ ഹാജരായ അഭിഭാഷകരും സിനിമ കാണുക. കാക്കനാടുള്ള സ്റ്റുഡിയോയിലാണ് പ്രത്യേക സ്ക്രീനിങ്ങിന് സൗകര്യം ഒരുക്കുക.

സിനിമയില്‍ മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതും പൊലീസിനെയും സ്റ്റേറ്റിനേയും തെറ്റായ രീതിയില്‍ അവതരിപ്പിക്കുന്നതുമായ രംഗങ്ങളുണ്ടെന്നായിരുന്നു സെന്‍സർ ബോർഡിന്റെ നിരീക്ഷണം. സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ് മാത്രമേ നല്‍കാന്‍ സാധിക്കൂ എന്നായിരുന്നു ബോർഡിന്റെ നിലപാട്. ഇതിനെതിരെയാണ് സിനിമയുടെ അണിയറപ്രവർത്തകള്‍ കോടതിയെ സമീപിച്ചത്. ബീഫ് ബിരിയാണി കഴിക്കുന്ന ദൃശ്യമടക്കം 19 ഭാഗങ്ങൾ വെട്ടണമെന്ന സെൻസർ ബോർഡ് നടപടി ചോദ്യം ചെയ്‌തായിരുന്നു സംവിധായകനും നിർമാതാവും നല്‍കിയ ഹർജി.

സിനിമയിലെ ധ്വജപ്രണാമം, ആഭ്യന്തര ശത്രുക്കള്‍, ഗണപതി വട്ടം, സംഘം കാവലുണ്ട് എന്നീ പ്രയോഗങ്ങള്‍ സാംസ്കാരിക സംഘടനകളെ താഴ്ത്തിക്കെട്ടുന്നതാണെന്നും അവ നീക്കണമെന്നുമായിരുന്നു സെന്‍സർ ബോർഡിന്റെ നിർദേശം. ക്രിസ്ത്യന്‍ മതവികാരത്തെ ഹനിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങള്‍, ബോർഡുകള്‍, സ്ഥാപനങ്ങളുടെ പേരുകള്‍ എന്നിവ വെട്ടിമാറ്റണമെന്നും ബോർഡ് ആവശ്യപ്പെട്ടിരുന്നു. പ്രത്യേക മതവിഭാഗങ്ങളോട് പൊലീസും സർക്കാരും വിവേചനപരമായ സമീപനം സ്വീകരിക്കുന്ന ഭാഗങ്ങള്‍ വരുന്നിടത്തെല്ലാം മാറ്റം വരുത്താനും നിർദേശമുണ്ട്. മാറ്റങ്ങള്‍ വരുത്തിയാല്‍ പോലും ചിത്രത്തിന് എ സർട്ടിഫിക്കറ്റ് മാത്രമേ അനുവദിക്കാന്‍ സാധിക്കൂ എന്നായിരുന്നു സെന്‍സർ ബോർഡിന്റെ നിലപാട്. ഇതാണ് സിനിമയുടെ റിലീസ് പ്രതിസന്ധിയിലാകാന്‍ കാരണമായത്.

'ഹാല്‍' കാണുന്ന ഹൈക്കോടതി ജസ്റ്റിസ്, സിനിമയില്‍ സെന്‍സർ ബോർഡ് ചൂണ്ടിക്കാട്ടുന്ന പോലെ നീക്കേണ്ടതായ രംഗങ്ങളുണ്ടോ എന്ന് പരിശോധിക്കും. ശനിയാഴ്ച പ്രവൃത്തി ദിനമായതിനാലാണ് രാത്രി സിനിമ കാണാം എന്ന് കോടതി അറിയിച്ചത്.

അതേസമയം, സിനിമയ്ക്ക് എതിരെ കത്തോലിക്കാ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ചിത്രം മത സൗഹാർദം തകർക്കുമെന്നാണ് കത്തോലിക്കാ കോൺഗ്രസിൻ്റെ ആരോപണം. ചിത്രത്തിന്റെ റിലീസിനെതിരെ കത്തോലിക്ക കോൺഗ്രസ്‌ പ്രസിഡന്റ്‌ കെ.വി. ചാക്കോയാണ് ഹർജി സമർപ്പിച്ചത്. സിനിമയെ എതിര്‍ത്ത് കക്ഷി ചേരാന്‍ താമരശ്ശേരി ബിഷപ്പും അനുമതി തേടിയിരുന്നു. ഇക്കഴിഞ്ഞ 17ന് കേസ് പരിഗണിച്ചപ്പോള്‍ ഈ ആവശ്യത്തെ നിർമാതാക്കള്‍ എതിർത്തിരുന്നില്ല.

ഷെയിന്‍ നിഗം നായകനായ 'ഹാല്‍' സംവിധാനം ചെയ്തിരിക്കുന്നത് വീര (മുഹമ്മദ് റഫീഖ്) ആണ്. ജെവിജെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന 'ഹാലി'ന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് നിഷാദ് കോയയാണ്. ഓര്‍ഡിനറി, മധുര നാരങ്ങ, തോപ്പില്‍ ജോപ്പന്‍, ശിക്കാരി ശംഭു എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിഷാദ് കോയ രചന നിര്‍വഹിക്കുന്ന സിനിമയാണ് 'ഹാല്‍'.

SCROLL FOR NEXT