കൊച്ചി: ഈ വർഷം പ്രേക്ഷകർ ഏറ്റവും ആകാംക്ഷയോടെ കാത്തിരുന്ന റിലീസുകളില്‍ ഒന്നാണ് ഋഷഭ് ഷെട്ടിയുടെ 'കാന്താര ചാപ്റ്റർ വണ്‍'. വിജയദശമി ദിനത്തില്‍ റിലീസ് ആയ ചിത്രം മികച്ച കളക്ഷനും അഭിപ്രായവുമാണ് നേടിയിരിക്കുന്നത്. പാന്‍ ഇന്ത്യന്‍ റിലീസായി എത്തിയ കന്നഡ ചിത്രം ആദ്യ ദിനത്തില്‍ ഇന്ത്യയില്‍ നിന്ന് മാത്രം 60 കോടി രൂപയാണ് കളക്ട് ചെയ്തത്.
ബോക്സ്ഓഫീസ് കളക്ഷന്‍ ട്രാക്കർമാരായ സാക്നില്‍ക്കിന്റെ റിപ്പോർട്ട് പ്രകാരം, പല ഹിറ്റ് ചിത്രങ്ങളെയും മറികടന്നാണ് 'കാന്താര'യുടെ രണ്ടാം ഭാഗത്തിന്റെ മുന്നേറ്റം. സയ്യാരാ (22 കോടി രൂപ) , സിക്കന്ദർ (26 കോടി രൂപ), ഛാവാ (31 കോടി രൂപ) തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ ഓപ്പണിങ് ഡേ കളക്ഷന്‍ സിനിമ മറികടന്നു കഴിഞ്ഞു. 19-21 കോടി രൂപയാണ് ഹിന്ദിയില്‍ നിന്ന് മാത്രം ചിത്രം കളക്ട് ചെയ്തത്.
പ്രശാന്ത് നീലിന്റെ 'കെജിഎഫ് ചാപ്റ്റർ 2' ആണ് നിലവില്‍ 'കാന്തര'യ്ക്ക് വെല്ലുവിളിയായി കളക്ഷനില്‍ മുന്നിലുള്ളത്. കെജിഎഫ് രണ്ടം ഭാഗത്തിന്റെ ആദ്യ ദിന കളക്ഷന്‍ റെക്കോർഡ് മറികടക്കാന്‍ ഋഷഭ് ഷെട്ടി ചിത്രത്തിന് സാധിച്ചിട്ടില്ല. 134.5 കോടി രൂപയാണ് ഇന്ത്യയില്‍ നിന്ന് ചിത്രം കളക്ട് ചെയ്തത്. ആദ്യ ദിനത്തില്‍ റെസ്റ്റ് ഓഫ് ഇന്ത്യ കളക്ഷനിലും 'കെജിഎഫ് ചാപ്റ്റർ ടു' ആണ് മുന്നില്‍. 61.5 കോടി രൂപയായിരുന്നു ചിത്രത്തിന്റെ റെസ്റ്റ് ഓഫ് ഇന്ത്യ കളക്ഷന്‍.
നായകനായ ഋഷഭ് ഷെട്ടിയാണ് സിനിമയുടെ തിരക്കഥയും സംവിധാനവും. രുക്മിണി വസന്ത്, ജയറാം, ഗുല്‍ഷന്‍ ദേവയ്യ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചത്. കെജിഎഫ്, സലാർ തുടങ്ങിയ പാന്‍ ഇന്ത്യന്‍ സിനിമകള്‍ എടുത്ത ഹൊംബാലെ ഫിലിംസ് ആണ് സിനിമയുടെ നിർമാണം.
വലിയ ബജറ്റിലാണ് സിനിമ നിർമിച്ചിരിക്കുന്നത്. 25 ഏക്കറോളം വിസ്തൃതിയുള്ള പ്രത്യേകം സെറ്റിട്ടാണ് സിനിമയിലെ യുദ്ധരംഗം ചിത്രീകരിച്ചത്. ദേശീയ-അന്താരാഷ്ട്ര വിദഗ്ധരുടെ സഹകരണത്തോടെ, 500ലധികം പരിശീലനം നേടിയ പോരാളികളും 3,000ത്തോളം കലാകാരന്മാരും സഹകരിച്ചാണ് 45–50 ദിവസങ്ങളിലായി ഈ രംഗം ഷൂട്ട് ചെയ്തത്. സാങ്കേതികപരമായ മികവ് കൊണ്ട് കൂടിയാണ് സിനിമ പ്രേക്ഷക പ്രീതി പിടിച്ചുപറ്റുന്നത്.