കരിക്ക് എവിടെപ്പോയി? യൂട്യൂബില്‍ കരിക്ക് ടീമിന്റെ വീഡിയോസ് കുറഞ്ഞുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചോദ്യമാണിത്. അതിനുള്ള ഉത്തരമായിരുന്നു കഴിഞ്ഞ ദിവസത്തെ കരിക്കിന്റെ പ്രഖ്യാപനം. തിയേറ്ററുകളിലേക്കും ഒടിടിയിലേക്കുമായി സിനിമാ-സീരീസ് നിർമാണത്തിലേക്ക് ഇറങ്ങുന്നുവെന്ന പ്രഖ്യാപനത്തിന് പിന്നാലെയും ചോദ്യങ്ങള്‍ക്ക് കുറവില്ല. വീഡിയോസ് പോലെ പടത്തിന്റെ അപ്ഡേറ്റുകള്‍ക്കായും കാത്തിരിക്കണോ എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം.
എന്നാല്‍, 'കരിക്ക് സ്റ്റുഡിയോസ്' എന്ന് പേരിട്ടിരിക്കുന്ന പുതിയ സംരംഭത്തിന്റെ ആദ്യ അപ്ഡേറ്റ് നവംബർ ഒന്ന്, കേരളപ്പിറവി ദിനത്തില്‍ എത്തും. സിനിമയുടെ ചിത്രീകരണം ഈ വർഷം അവസാനം ആരംഭിക്കുമെന്നാണ് സൂചന. ഡോ. അനന്തു പ്രൊഡക്ഷൻസ് ആകും ഈ സിനിമയുടെ സഹനിർമാതാക്കള്‍. ബേസിൽ ജോസഫ് ആദ്യമായി നിർമിക്കുന്ന 'അതിരടി' എന്ന ചിത്രത്തിന്റെ സഹനിർമാതാവാണ് ഡോ. അനന്തു.
'കരിക്ക് സ്റ്റുഡിയോസ്' എന്ന പേരില്‍ സിനിമ, വെബ് സീരീസ്, ഒടിടി രംഗങ്ങളിലെല്ലാം സജീവമാകാന്‍ ഒരുങ്ങുകയാണ് കരിക്ക് ടീം. "തിയേറ്ററുകളിലേക്കും ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കുമായി സിനിമകളും വെബ് സീരീസുകളും നിർമിക്കുന്നതിനായി 'കരിക്ക് സ്റ്റുഡിയോസ്' എന്ന ഇടം ആരംഭിക്കുന്നതായി സന്തോഷപൂർവം അറിയിക്കുന്നു. വർഷങ്ങളായി നിങ്ങൾ ഞങ്ങളോട് കാണിച്ച അവിശ്വസനീയമായ സ്നേഹവും പിന്തുണയും ഇല്ലായിരുന്നെങ്കിൽ ഈ സ്വപ്നം സാധ്യമാകുമായിരുന്നില്ല. ചലച്ചിത്രനിർമ്മാണത്തിലേക്ക് നടത്തുന്ന ഈ ആവേശകരമായ കുതിപ്പില്‍, നിങ്ങളുടെ തുടർന്നുള്ള പ്രോത്സാഹനവും അനുഗ്രഹങ്ങളും ഞങ്ങൾ പ്രതീക്ഷിക്കുന്നു," എന്നാണ് കരിക്ക് ടീം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
അനു കെ അനിയൻ, ശബരീഷ് സജ്ജൻ, ജീവൻ മാമ്മൻ സ്റ്റീഫൻ, ആനന്ദ് മാത്യൂസ്, ജോർജ്ജ് കോര എന്നിങ്ങനെ കരിക്കിന്റെ വീഡിയോസില്‍ തിളങ്ങി നിന്ന അഭിനേതാക്കള്‍ ആദ്യ സിനിമയിലും ഉണ്ടാകാനാണ് സാധ്യത. 'കരിക്ക് സ്റ്റുഡിയോസി'ന്റെ ആദ്യ അപ്ഡേറ്റിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.