ഹൈദരാബാദ്: ഓണക്കാലത്ത് മലയാളികൾ ആഘോഷമാക്കുന്ന 'ലോക'യുടെ രണ്ടാം ഭാഗം കൂടുതൽ വലിയ ബജറ്റിലാണ് ഒരുങ്ങുന്നതെന്ന് നടനും ചിത്രത്തിൻ്റെ നിർമാതാവുമായ ദുൽഖർ സൽമാൻ. ഹൈദരാബാദിൽ നടന്ന 'ലോക'യുടെ വിജയാഘോഷ ചടങ്ങിലാണ് ദുൽഖർ ഇക്കാര്യം വെളിപ്പെടുത്തിയത്.
"വേഫെറർ ഫിലിംസിൻ്റെ ഏഴാമത്തെ പ്രൊഡക്ഷനാണ് ലോക. ഇത്രയും പോസിറ്റിവിറ്റിയും സന്തോഷവും നിറഞ്ഞ ക്രൂവും കാസ്റ്റും അണിനിരന്ന മറ്റൊരു സിനിമ ഉണ്ടാകില്ല. ഹൃദയത്തിൽ നിന്നും വളരെ സ്പെഷ്യലായ സിനിമ ഉണ്ടാകണമെന്ന സ്വപ്നമായിരുന്നു ഇതിൽ ഓരോരുത്തർക്കും ഉണ്ടായിരുന്നത്. അതിനായി മികച്ച സാങ്കേതിക വിദഗ്ധരും അഭിനേതാക്കളും ഒരുമിച്ചു," ദുൽഖർ പറഞ്ഞു.
"നിർമാതാവെന്ന നിലയിൽ എനിക്കൊരു ടെൻഷനും ഉണ്ടായിട്ടില്ല. കാരണം എന്താണ് ചെയ്യേണ്ടതെന്നുള്ള കൃത്യമായ ധാരണ ഇവർക്കെല്ലാം ഉണ്ടായിരുന്നു. ഒന്നോ രണ്ടോ തവണ മാത്രമാണ് ഞാൻ സെറ്റ് സന്ദർശിക്കാനെത്തിയത്. എഡിറ്റും രണ്ട് തവണയാണ് കണ്ടത്. അത്രത്തോളം വിശ്വാസം ഈ ടീമിൽ ഉണ്ടായിരുന്നു," ദുൽഖർ പറഞ്ഞു.
"കിങ് ഓഫ് കൊത്തയ്ക്കും കുറുപ്പിനും ചെലവാക്കിയ അതേ തുക തന്നെയാണ് 'ലോക'യുടെയും ബജറ്റ്. ഈ സിനിമയ്ക്കായി ചെലവഴിച്ച ഒരു പൈസ പോലും വെറുതെ പാഴാക്കിയിട്ടില്ല. ഞങ്ങൾക്ക് ഇതൊരു വലിയ ബജറ്റ് തന്നെയാണ്," ദുൽഖർ പറഞ്ഞു.
"ലോകയിൽ നിന്ന് കളക്റ്റ് ചെയ്യുന്ന പണം രണ്ടാം ഭാഗം ചിത്രീകരിക്കാനാണ്. തീർച്ചയായും ലോകയുടെ രണ്ടാം ഭാഗത്തിനാണ് ഈ 100 കോടി രൂപ ചെലവഴിക്കുക. അധികം പണമൊന്നും ഞങ്ങൾ ചെലവാക്കുന്നില്ല. കൂടുതൽ ബജറ്റും ഉപയോഗിക്കുന്നില്ല. അതിനാൽ ഈ പണം മുഴുവൻ രണ്ടാം ഭാഗത്തിനായി ഉപയോഗിക്കും," ദുൽഖർ പറഞ്ഞു.
"അഞ്ച് ഭാഗമായാണ് ചിത്രം ആദ്യം പദ്ധതിയിട്ടത്. ഇനിയും വളരുമോ എന്ന് അറിയില്ല. അതിനുള്ള സ്‌കോപ്പുണ്ട്. ലാഭത്തിൻ്റെ ഒരുവിഹിതം ടീമിന് പങ്കുവെക്കും. അവര്‍ അത് അര്‍ഹിക്കുന്നുണ്ട്," ദുല്‍ഖർ കൂട്ടിച്ചേർത്തു. ഏഴ് ദിവസം കൊണ്ട് 101 കോടി രൂപയാണ് ദുൽഖറിൻ്റെ നിർമാണ കമ്പനിയായ വെഫെയർ ഫിലിംസ് അണിയിച്ചൊരുക്കിയ 'ലോക ചാപ്റ്റർ 1: ചന്ദ്ര' നേടിയത്.