'എച്ച്ടി5' ചിത്രീകരണം ആരംഭിച്ചു  
MOVIES

മുഴുനീള റോഡ് മൂവി 'എച്ച്ടി5' ചിത്രീകരണം ആരംഭിച്ചു

മമ്മൂട്ടിയുടെ 'പരോൾ' എന്ന ചിത്രത്തിന്റെ സംവിധായകൻ ശരത്ത് സന്ദിത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: നർമവും ഉദ്വേഗവും കോർത്തിണക്കി ഒരുങ്ങുന്ന മുഴുനീള റോഡ് മൂവി 'എച്ച്ടി5' (HT5)ന്റെ ചിത്രീകരണം ബുധനാഴ്ച കല്ലേലി ഫോറസ്റ്റിൽ ആരംഭിച്ചു. പ്രശസ്ത പരസ്യചിത്ര സംവിധായകനും മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച 'പരോൾ' എന്ന ചിത്രത്തിന്റെ സംവിധായകനുമായ ശരത്ത് സന്ദിത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡൊവിൻസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ തോമസ് ആന്റണി ഡിക്രൂസ്, കീത്ത് ആന്റണി ഡിക്രൂസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

അപരിചിതരായ അഞ്ച് വ്യക്തികൾ ഒരു രാത്രിയിൽ വനാന്തരങ്ങളിലൂടെ അവിചാരിതമായി ഒരു വാഹനത്തിൽ യാത്ര ചെയ്യേണ്ടി വരുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ശാന്തമായി തുടങ്ങുന്ന ഈ യാത്ര പിന്നീട് ഉദ്വേഗജനകമായ സംഭവങ്ങളിലേക്കും സംഘർഷങ്ങളിലേക്കും നീങ്ങുന്നു. പ്രേക്ഷകർക്ക് കൗതുകവും ആകാംക്ഷയും പകരുന്ന രീതിയിലുള്ള കഥാപുരോഗതിയും അപ്രതീക്ഷിതമായ വഴിത്തിരിവുകളുമാണ് ചിത്രത്തിന്റെ പ്രത്യേകത.

'മാർക്കോ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഭിമന്യു തിലക്, പ്രശസ്ത കന്നഡ- തമിഴ് താരം സമ്പത്ത് രാജ്, രാഹുൽ മാധവ്, സുധീർ കരമന എന്നിവർക്കൊപ്പം പുതുമുഖം സാൻഡ്രിയയും പ്രധാനവേഷങ്ങളിൽ എത്തുന്നു. ബെംഗളൂരുവിൽ സ്ഥിരതാമസമാക്കിയ മലയാളി കുടുംബാംഗമായ സാൻഡ്രിയ വിഷ്വൽ കമ്യൂണിക്കേഷൻ ബിരുദധാരിയാണ്. നിരവധി പരസ്യചിത്രങ്ങളിലൂടെയാണ് സാൻഡ്രിയ സിനിമയിലെത്തുന്നത്.

അഡ്വ. ഇർഫാൻ കമാൽ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം, 'ജില്ല' തുടങ്ങിയ വൻ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച ഗണേഷ് രാജ്വേൽ ആണ്. മോഹൻലാൽ നായകനായി അഭിനയിച്ച റോഷൻ ആൻഡ്രൂസിന്റെ 'കാസനോവ' എന്ന ചിത്രത്തിന്റ ഛായാഗ്രഹണം നിർവഹിച്ചത് ഗണേഷ് രാജവേൽ ആണ്. കോന്നി, തെന്മല, അച്ചൻകോവിൽ, പൊൻമുടി എന്നിവിടങ്ങളിലായി 60 ദിവസത്തോളം നീണ്ടുനിൽക്കുന്ന ഷെഡ്യൂളിലൂടെ ചിത്രീകരണം പൂർത്തിയാകും.

സംഗീതം: എൽവിൻ ജോഷ്വ, എഡിറ്റിങ്: ടി.എസ്. ജെയ്, കലാസംവിധാനം: ബോബൻ, മേക്കപ്പ്: ജയൻ പൂങ്കുളം, കോസ്റ്റ്യം ഡിസൈൻ: റോസ് റെജീസ്, സ്റ്റിൽസ്: ജിഷ്ണു സന്തോഷ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: രാജേഷ് ആർ. കൃഷ്ണ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്‌സ്: ഹരി കാട്ടാക്കട, ശ്രീജേഷ് ചിറ്റാഴ, പ്രൊഡക്ഷൻ കൺട്രോളർ: ജിത്ത് പിരപ്പൻകോട്, പിആർഒ: വാഴൂർ ജോസ്.

SCROLL FOR NEXT