ഇന്ദുലക്ഷ്മിയുടെ 'അപ്പുറം' ഫജ്‌ർ രാജ്യാന്തര ചലച്ചിത്ര മേളയിൽ 
MOVIES

ലോക ശ്രദ്ധ നേടി 'അപ്പുറം'; ഇന്ദു ലക്ഷ്മിയുടെ സിനിമ ഫജ്‍ർ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ചു

29ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ പുരസ്കാരം നേടിയ ചിത്രമാണ് 'അപ്പുറം'

Author : ന്യൂസ് ഡെസ്ക്

പ്രശസ്തമായ ഫജ്ർ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ച് മലയാള ചിത്രം 'അപ്പുറം ദി- അദർ സൈഡ്'. 29ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ പുരസ്കാരം നേടിയ ചിത്രമാണ് 'അപ്പുറം'. ഇന്ദു ലക്ഷ്മി എഴുതി സംവിധാനം ചെയ്ത സിനിമ പ്രമേയത്തിലും പരിചരണത്തിലും വേറിട്ട് നിൽക്കുന്ന സൃഷ്ടിയാണ്.

ജഗദീഷ്, മിനി ഐ.ജി, അനഘ രവി എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. 'അപ്പുറം' കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച പുതുമുഖ സംവിധായികയ്ക്കുള്ള കെ.ആർ. മോഹനൻ അവാർഡ് ഇന്ദു ലക്ഷ്മിക്ക് നേടിക്കൊടുത്തിരുന്നു.

മിഡിൽ ഈസ്റ്റിലെ പ്രശസ്തമായ ചലച്ചിത്ര മേളകളിൽ ഒന്നാണ് ഫജ്‍ർ അന്താരാഷ്ട്ര ചലച്ചിത്രോത്സവം.1982 ൽ ആണ് ഈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ സ്ഥാപിതമായത്. മേളയിലെ ഈസ്റ്റേൺ വിസ്റ്റ വിഭാഗത്തിലാണ് 'അപ്പുറം' പ്രദർശിപ്പിച്ചത്. ഏഷ്യയിലുടനീളമുള്ള പത്ത് മികച്ച ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ സ്ക്രീൻ ചെയ്തത്. ഇറാനിലെ ഷിറാസിൽ നടക്കുന്ന മേളയിൽ സംവിധായികയും നിർമാതാവുമായ ഇന്ദു ലക്ഷ്മി ചിത്രത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തു.

നവംബർ 26 മുതൽ ഡിസംബർ മൂന്ന് വരെ നടക്കുന്ന മേളയിൽ നവംബർ 29ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് 'അപ്പുറം' പ്രദർശിപ്പിച്ചത്. മികച്ച അഭിപ്രായമാണ് സ്ക്രീനിങ്ങിന് ശേഷം ചിത്രത്തിന് ലഭിച്ചത്. 'കമിങ് ഓഫ് ഏജ് ഡ്രാമ' ഴോണറിലാണ് ഇന്ദുലക്ഷ്മി അപ്പുറം അണിയിച്ചൊരുക്കിയത്. എന്നാൽ, അതിനും അപ്പുറത്തേക്ക് സിനിമയുടെ ആഖ്യാനം നീളുന്നു. രാകേഷ് തരൺ ആണ് ഛായാഗ്രഹണം. എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് അപ്പു ഭട്ടതിരിയാണ്. ബിജിപാലിന്റേതായിരുന്നു സംഗീതം.

SCROLL FOR NEXT