'ചത്താ പച്ച' സിനിമ 
MOVIES

ആഗോളതലത്തിൽ 25.21 കോടി രൂപ കളക്ഷൻ; തിയേറ്ററുകളിൽ റെസിലിങ് ആവേശം നിറച്ച് 'ചത്താ പച്ച'

നവാഗതനായ അദ്വൈത് നായർ ആണ് 'ചത്താ പച്ച' സംവിധാനം ചെയ്തിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: 2026ലെ മലയാള സിനിമയിലെ ആദ്യത്തെ മഹാവിജയമായി 'ചത്താ പച്ച' മാറിയിരിക്കുകയാണ്. റിലീസ് ചെയ്ത് നാല് ദിനങ്ങളിൽ തന്നെ ആഗോളതലത്തിൽ 25.21 കോടി രൂപ ഗ്രോസ് കളക്ഷൻ നേടിയ ചിത്രം, സമീപകാല മലയാള സിനിമയിലെ ഏറ്റവും കരുത്തുറ്റ ഓപ്പണിങ്ങുകളിൽ ഒന്നായി മാറി. കേരളത്തിൽ മാത്രം ഈ നാല് ദിവസത്തിനുള്ളിൽ 10 കോടി രൂപ എന്ന നാഴികക്കല്ലും ചിത്രം പിന്നിട്ടു കഴിഞ്ഞു. എല്ലാ വിപണികളിലും പ്രേക്ഷകർ ഒരുപോലെ ചിത്രത്തെ ഏറ്റെടുത്തതിന്റെ തെളിവാണ് ഈ മുന്നേറ്റം.

തിയേറ്ററുകളിൽ ആവേശകരമായ പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. കൊച്ചിയിലെ റെസ്‌ലിങ് സംസ്കാരത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ഈ മാസ് എന്റർടെയ്‌നറിലെ ആക്ഷൻ രംഗങ്ങളും കഥയും കഥാപാത്രങ്ങളും പ്രേക്ഷകരെ വളരെയധികം ആകർഷിച്ചു. മികച്ച അഭിപ്രായങ്ങൾ പ്രചരിക്കുന്നതിനൊപ്പം വീണ്ടും സിനിമ കാണാൻ എത്തുന്നവരുടെ എണ്ണവും വർധിച്ചുവരികയാണ്.

ഈ വിജയത്തോടൊപ്പം മമ്മൂട്ടിക്ക് പത്മഭൂഷൺ പുരസ്‌കാരം ലഭിച്ചത് ആഘോഷത്തിന്റെ മാറ്റുകൂട്ടി. മലയാളം, ഹിന്ദി, തമിഴ് തുടങ്ങി വിവിധ ഭാഷകളിലായി 400-ലധികം ചിത്രങ്ങളിൽ അഭിനയിച്ച നടന്റെ അതുല്യമായ സിനിമാ യാത്രയ്ക്കുള്ള അംഗീകാരമാണിത്. സിനിമയുടെ വൻ വിജയത്തിനിടയിൽ എത്തിയ ഈ പുരസ്‌കാരം പ്രേക്ഷകർക്കും അണിയറപ്രവർത്തകർക്കും ഒരുപോലെ സന്തോഷം പകരുന്നു.

റീൽ വേൾഡ് എന്റർടൈൻമെന്റിന്റെ ബാനറിൽ ക്രിയേറ്റീവ് പ്രൊഡ്യൂസർ ഷിഹാൻ ഷൗക്കത്ത്, റിതേഷ്, രമേഷ് എസ്. രാമകൃഷ്ണൻ, ഷൗക്കത്ത് അലി എന്നിവർ നിർമിച്ച ചിത്രം നവാഗതനായ അദ്വൈത് നായർ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് എന്നിവരുടെ ഒപ്പം ചിത്രത്തിലെ മമ്മൂട്ടിയുടെ സാന്നിധ്യവും ചിത്രത്തിൻ്റെ മാറ്റ് കൂട്ടി. റിലീസിന് മുമ്പ് ചിത്രത്തിന്റെ ടീം നൽകിയ ചില സൂചനകളിൽ നിന്ന് തന്നെ മമ്മൂട്ടിയുടെ സാന്നിധ്യം പ്രേക്ഷകർ ഉറപ്പിച്ചിരുന്നു. ചിത്രം ലോകമെമ്പാടും മികച്ച പ്രതികരണം നേടി മുന്നേറുമ്പോൾ 'ചത്താ പച്ച'യുടെ സ്വന്തം 'വാൾട്ടറിന്' പത്മഭൂഷൺ ലഭിച്ചത് വളരെയധികം സന്തോഷം നിറയ്ക്കുന്ന കാര്യമാണെന്ന് ടീം അറിയിച്ചു.

പ്രശസ്ത സംഗീത ത്രയം ശങ്കർ എഹ്സാൻ ലോയ് ആദ്യമായി മലയാളത്തിൽ സംഗീതം നിർവഹിച്ച ചിത്രം കൂടിയാണിത്. മുജീബ് മജീദിന്റെ പശ്ചാത്തല സംഗീതം റെസ്‌ലിങ് രംഗങ്ങൾക്ക് ആവേശം പകർന്നു. വിനായക് ശശികുമാർ ആണ് ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നത് . ചിത്രത്തിന്റെ സംഗീത അവകാശം ടി-സീരീസ് ആണ് സ്വന്തമാക്കിയിരിക്കുന്നത്.

മട്ടാഞ്ചേരിയുടെ പശ്ചാത്തലത്തിൽ സനൂപ് തൈക്കൂടം ഒരുക്കിയ തിരക്കഥയ്ക്ക് അനന്ദ് സി. ചന്ദ്രൻ ഛായാഗ്രഹണം നിർവഹിച്ചു. പ്രവീൺ പ്രഭാകർ ആണ് എഡിറ്റിങ്. കലൈ കിങ്‌സൺ ഒരുക്കിയ ആക്ഷൻ രംഗങ്ങൾ സിനിമയ്ക്ക് വേറിട്ട ആവേശം നൽകുന്നുണ്ട്.

സിനിമ വൻ വിജയത്തിലേക്ക് മുന്നേറുമ്പോൾ Topps India-യുമായി സഹകരിച്ച് സിനിമയിലെ കഥാപാത്രങ്ങളെ ഉൾപ്പെടുത്തിയുള്ള ട്രേഡിങ് കാർഡുകളും ടീം പുറത്തിറക്കുകയാണ്. വേഫെറർ ഫിലിംസ് (കേരളം), മൈത്രി മൂവി മേക്കേഴ്സ് (തെലങ്കാന & ഹൈദരാബാദ്), പി.വി.ആർ ഐനോക്സ് (തമിഴ്‌നാട് & കർണാടക), ധർമ്മ പ്രൊഡക്ഷൻസ് (നോർത്ത് ഇന്ത്യ), പ്ലോട്ട് പിക്ചേഴ്സ് (അന്താരാഷ്ട്ര തലം) എന്നിവരാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. നാല് ദിവസം കൊണ്ട് 25.21 കോടി നേടി മുന്നേറുന്ന 'ചത്താ പച്ച' 2026ലെ മലയാള സിനിമയ്ക്ക് ഒരു അടിപൊളി തുടക്കം ആണ് തന്നിരിക്കുന്നത്.

SCROLL FOR NEXT