കൊച്ചി: 'അമര'ത്തിന് പിന്നാലെ മമ്മൂട്ടിയുടെ മറ്റൊരു ഹിറ്റ് ചിത്രം കൂടി റീ റിലീസിന് ഒരുങ്ങുന്നു. ഷാഫി സംവിധാനം ചെയ്ത കോമഡി എന്റർടെയ്‌നർ 'മായാവി' ആണ് വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നത്.
4K ഡോൾബി അറ്റ്‍മോസിലാണ് സിനിമ വീണ്ടുമെത്തുന്നത്. 'മായാവി'യുടെ നിർമാതാക്കളായ വൈശാഖ സിനിമയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ റീ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. മുന്‍പ് റീ റിലീസ് ചെയ്ത മമ്മൂട്ടി ചിത്രങ്ങളുടെ പരാജയത്തിൽ നിരാശരായ ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ് ഈ വാർത്ത. റാഫി മെക്കാർട്ടിന്‍ ആയിരുന്നു മായാവിയുടെ തിരക്കഥ. സലിം കുമാർ, സുരാജ് വെഞ്ഞാറമൂട്, ഗോപിക, സായി കുമാർ തുടങ്ങി വലിയ താര നിര തന്നെ സിനിമയിലുണ്ട്. സിനിമയിലെ മമ്മൂട്ടി-സലിം കുമാർ കോമഡി സീനുകള്‍ക്ക് ഇന്നും സമൂഹമാധ്യമങ്ങളില്‍ ആരാധകർ നിരവധിയാണ്.
അതേസമയം, ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം 'കളങ്കാവൽ' നവംബർ 27ന് തിയേറ്ററുകളിലെത്തും. സസ്പെൻസ് നിറഞ്ഞ ക്രൈം ത്രില്ലറാണ് സിനിമ എന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. മമ്മൂട്ടിക്കൊപ്പം തുല്യപ്രാധാന്യമുള്ള വേഷത്തില്‍ വിനാകനും ചിത്രത്തിലുണ്ട്. നവാഗതനായ ജിതിൻ.കെ .ജോസ് സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് മമ്മൂട്ടി കമ്പനിയാണ്. ചിത്രത്തിൻ്റെ കേരളത്തിലെ വിതരണം വേഫെറർ ഫിലിംസ് ആണ്. ജിതിൻ കെ. ജോസും ജിഷ്ണു ശ്രീകുമാറും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിലെ 'നിലാ കായും' എന്ന ഗാനത്തിനും മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചിരുന്നു.