'പേട്രിയറ്റ്' സിനിമ 
MOVIES

100 കോടി ക്ലബിൽ കയറിയോ? 'പേട്രിയറ്റ്' ഇതുവരെ നേടിയത്

ആദ്യ ദിനം ഗംഭീര കളക്ഷനാണ് 'പേട്രിയറ്റി'ന് ലഭിച്ചത്. പക്ഷേ...

Author : ന്യൂസ് ഡെസ്ക്

കൊച്ചി: സിനിമാപ്രേമികൾ ഏറെ പ്രതീക്ഷവച്ചിരുന്ന ചിത്രമാണ് 'പേട്രിയറ്റ്'. എന്നാൽ, വർഷങ്ങൾക്ക് ശേഷം മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ച ഈ ബിഗ് ബജറ്റ് ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തിയേറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ, സിനിമയുടെ ആഗോള കളക്ഷൻ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നു.

ഇൻഡസ്ട്രി ഹിറ്റടിക്കുമെന്ന് കരുതിയിരുന്ന 'പേട്രിയറ്റ്' ഇതുവരെ 100 കോടി ക്ലബിൽ പോലും ഇടംപിടിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ആദ്യ ദിനം, കേരളത്തില്‍ നിന്ന് ചിത്രം നേടിയത് 8.30 കോടി രൂപയാണ്. കേരള ബോക്സ് ഓഫീസില്‍ ഒരു മലയാള ചിത്രം നേടുന്ന ഏറ്റവും മികച്ച രണ്ടാമത്തെ കളക്ഷനാണിത്. മോഹൻലാൽ ചിത്രം 'ഒടിയനെ'യാണ് ചിത്രം മറികടന്നത്. 7.25 കോടി ആയിരുന്നു 'ഒടിയന്റെ' കേരള ഓപണിങ് ഡേ കളക്ഷൻ. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത 'എമ്പുരാൻ' (14.07 കോടി രൂപ) ആണ് കേരള ബോക്സ് ഓഫീസിൽ ഓപ്പണിങ്ങിൽ മുന്നിൽ നിൽക്കുന്ന മലയാളം ചിത്രം.

റിലീസ് ദിനത്തിൽ 28.10 കോടി രൂപയായിരുന്നു 'പേട്രിയറ്റി'ന്റെ ആഗോള ഗ്രോസ് കളക്ഷൻ. ബോക്സ് ഓഫീസ് ട്രാക്കർമാരായ സാക്നിൽക്കിന്റെ കണക്കുകൾ പ്രകാരം, ആദ്യ മൂന്ന് ദിവസം കൊണ്ട് മാത്രം ചിത്രം സ്വന്തമാക്കിയത് 61.25 കോടി രൂപയാണ്. എന്നാൽ, പിന്നീട് കളക്ഷനിൽ ഇടിവുണ്ടായി. 79.78 കോടി രൂപയാണ് ചിത്രം ഇതുവരെ കളക്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ ഗ്രോസ് കളക്ഷൻ 36.53 കോടി രൂപയും. 43.25 കോടിയാണ് സിനിമയുടെ ഓവർസീസ് കളക്ഷൻ.

മമ്മൂട്ടിക്കും മോഹൻലാലിനും പുറമേ വലിയ ഒരു താരനിരതന്നെ ഈ സിനിമയിൽ അണിനിരക്കുന്നുണ്ട്. നയൻതാര, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബന്‍, ദര്‍ശന രാജേന്ദ്രൻ, സെറിൻ ഷിഹാബ്, രേവതി, ജിനു ജോസഫ്, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍ എന്നിവരാണ് സിനിമയിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വൻ ബജറ്റിൽ എത്തുന്ന ചിത്രത്തിന്റെ നിർമാണം ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ.ജി. അനിൽകുമാർ എന്നിവർ ചേർന്നാണ്. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് സംവിധായകന്‍ മഹേഷ് നാരായണനാണ്. രാഹുല്‍ രാധാകൃഷ്ണനും മഹേഷ് നാരായണനും ചേര്‍ന്നാണ് എഡിറ്റിങ്. മനുഷ് നന്ദനാണ് ക്യാമറ. സംഗീതം - സുഷിൻ ശ്യാം.

SCROLL FOR NEXT